| Tuesday, 23rd March 2021, 6:28 pm

പാലാരിവട്ടം പാരയാകുമോ? കളമശ്ശേരി ആര്‍ക്കൊപ്പം ?

ശ്രിന്‍ഷ രാമകൃഷ്ണന്‍

2016 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ആഞ്ഞുവീശിയ ഇടതുതരംഗത്തിലും ഉലയാതെ യു.ഡി.എഫിനെ കാത്തുനിര്‍ത്തിയ ജില്ലയാണ് എറണാകുളം. അന്ന് സംസ്ഥാന വ്യാപകമുണ്ടായ വന്‍പതനത്തില്‍ നിന്ന് യു.ഡി.എഫിനെ അല്‍പമെങ്കിലും രക്ഷിച്ചതും എറണാകുളം തന്നെ. പരമ്പരാഗത രീതിയില്‍ നിന്ന് മാറാത്ത ഒരു വോട്ടിങ്ങ് പാറ്റേണായിരുന്നു എറണാകുളത്ത് കണ്ടത്.

2011ലെ തെരഞ്ഞെടുപ്പില്‍ 11 മണ്ഡലങ്ങളില്‍ യു.ഡി.എഫും മൂന്നിടങ്ങളില്‍ എല്‍.ഡി.എഫുമാണ് വിജയിച്ചതെങ്കില്‍ 2016ല്‍ എത്തിയപ്പോള്‍ ഈ സമവാക്യം 9 യു.ഡി.എഫ് 5 എല്‍.ഡി.എഫ് എന്ന നിലയിലേക്ക് മാറി. അതുകൊണ്ട് തന്നെ തുടര്‍ഭരണം മുന്നില്‍കണ്ട് തെരഞ്ഞെടുപ്പിനെ നേരിടുന്ന ഇടതുമുന്നണിക്കും, ഭരണത്തിന് ജില്ല എത്രത്തോളം നിര്‍ണായകമെന്ന് കണ്ട് ഗോഥയിലിറങ്ങുന്ന യു.ഡി.എഫിനും എറണാകുളം നിര്‍ണായകമാണ്. അതില്‍ ഇരുകൂട്ടര്‍ക്കും അഭിമാന പ്രശ്‌നമായ മണ്ഡലമാണ് ഇത്തവണ കളമശ്ശേരി.

2016ല്‍ വലിയ അഴിമതിയാരോപണത്തെത്തുടര്‍ന്ന് അധികാരം നഷ്ടപ്പെട്ട യു.ഡി.എഫിനെ പ്രതിപക്ഷത്തിരിക്കുമ്പോഴും നാണക്കേടിലാക്കിയ മണ്ഡലമാണ് കളമശ്ശേരി. പാലാരിവട്ടം പാലം അഴിമതിക്കേസില്‍ കളമശ്ശേരി എം.എല്‍.എയും ഉമ്മന്‍ചാണ്ടി സര്‍ക്കാറിലെ പൊതുമരാമത്ത് വകുപ്പ് മന്ത്രിയുമായിരുന്ന വി.കെ ഇബ്രാഹിം കുഞ്ഞ് അറസ്റ്റിലായതും, പാലം പൊളിച്ചതും, അത് വീണ്ടും പുതുക്കി പണിതതുമെല്ലാം കളമശ്ശേരിയിലേക്ക് കേരളത്തിന്റെ ശ്രദ്ധകൊണ്ടുവരാന്‍ കാരണമായി.

ഇത്തവണ കളമശ്ശേരിയില്‍ യു.ഡി.എഫിനെതിരെ പോരിനിറങ്ങുന്ന സി.പി.ഐ.എം മുന്‍ ജില്ലാ സെക്രട്ടറിയും മുന്‍ എം.പിയുമായ ദേശാഭിമാനി പത്രാധിപര്‍ പി.രാജീവിന്റെ വിജയം സി.പി.ഐ.എമ്മിന്റെ അഭിമാന പ്രശ്‌നമാണ്.

അതേസമയം കളമശ്ശേരിയിലെ സ്ഥാനാര്‍ത്ഥി നിര്‍ണയവുമായി ബന്ധപ്പെട്ട് ചില തര്‍ക്കങ്ങളാണ് യു.ഡി.എഫില്‍ സംഭവിച്ചത്. വി.കെ ഇബ്രാഹിം കുഞ്ഞ് എം.എല്‍.എയുടെ മകനും മുസ്ലിം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറിയുമായ വി.ഇ അബ്ദുല്‍ ഗഫൂറാണ് ഇത്തവണ കളമശ്ശേരിയില്‍ മത്സരത്തിനിറങ്ങുന്നത്. പാലാരിവട്ടം പാലം അഴിമതിക്കേസ് സംസ്ഥാനത്തെ തന്നെ തീപാറുന്ന വിഷയമാകുമ്പോള്‍ ആ ചൂട് ആളിക്കത്തിക്കുന്ന വിധത്തില്‍ ഇബ്രാഹിം കുഞ്ഞിന്റെ മകനെ തന്നെ എന്തിന് നിര്‍ത്തിയെന്നാണ് യു.ഡി.എഫിലെ ഒരു വിഭാഗത്തില്‍ നിന്നുയരുന്ന ചോദ്യം.

രാജീവിന്റെ ആത്മവിശ്വാസവും ലീഗിലെ പൊട്ടിത്തെറികളും

മുസ്ലിം ലീഗ് എറണാകുളം ജില്ലാ നേതൃത്വത്തിന് സ്വീകാര്യനായ സ്ഥാനാര്‍ത്ഥിയല്ല അബ്ദുള്‍ ഗഫൂര്‍ എന്നത് പരസ്യ വിവാദമായ വിഷയമാണ്. കളമശ്ശേരിയിലെ സ്ഥാനാര്‍ത്ഥിയെ മാറ്റണമെന്ന് ആവശ്യപ്പെട്ട് എറണാകുളം ജില്ലാ കമ്മിറ്റി ഭാരവാഹികള്‍ തന്നെ മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് ഹൈദരലി ശിഹാബ് തങ്ങളെ കണ്ടിരുന്നതുമാണ്. വിമത ഭീഷണിയുള്‍പ്പെടെയുള്ള കാര്യങ്ങളെ ലീഗ് നേതൃത്വം ഒരു പരിധിവരെ പരിഹരിച്ചെങ്കിലും ഗഫൂറിന്റെ സ്ഥാനാര്‍ത്ഥിത്വത്തില്‍ ഒളിഞ്ഞും തെളിഞ്ഞുമുള്ള വിമര്‍ശനങ്ങള്‍ തുടരുന്നുണ്ട് എന്ന് തന്നെയാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

കളമശ്ശേരിയില്‍ സി.പി.ഐ.എം ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി എ.എ റഹീമിനെ നിര്‍ദേശിക്കുമെന്നായിരുന്നു ആദ്യ ഘട്ടത്തില്‍ കരുതിയിരുന്നത്. എന്നാല്‍ പിന്നീട് പി.രാജീവിനെ കളമശ്ശേരി ഏല്‍പ്പിക്കാനാണ് സി.പി.ഐ.എം തീരുമാനിച്ചത്. വിദ്യാര്‍ത്ഥി സംഘടനാ പ്രവര്‍ത്തനത്തിലൂടെ സി.പി.ഐ.എമ്മിന്റെ നേതൃനിരയിലേക്ക് ഉയര്‍ന്ന പി.രാജീവിന്റെ സ്വദേശം തൃശ്ശൂരാണെങ്കിലും മൂന്നരപതിറ്റാണ്ടായി അദ്ദേഹം എറണാകുളത്താണ്.

എല്‍.ഡി.എഫിന് തുടര്‍ഭരണം പ്രവചിക്കപ്പെടുന്ന സാഹചര്യത്തില്‍ മണ്ഡലത്തില്‍ വിജയിച്ചാല്‍ മന്ത്രിസഭയില്‍ ഒരു നിര്‍ണായക വകുപ്പ് രാജീവിന് ലഭിക്കുമെന്നതിലും തര്‍ക്കമില്ല. എറണാകുളം ജില്ലയിലെ തന്നെ സി.പി.ഐ.എമ്മിന്റെ കരുത്തനായ സ്ഥാനാര്‍ത്ഥികളിലൊന്നാണ് പി. രാജീവ്. 2016ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാതെ മാറിനിന്ന പി.രാജീവ് പിന്നീട് എറണാകുളം ജില്ലാ സെക്രട്ടറിയായി തുടരുകയായിരുന്നു. ശേഷം 2019 ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫിന്റെ ഹൈബി ഈഡനെതിരെ മത്സരിച്ച് പരാജയപ്പെടുകയും ചെയ്തു.

അഴിമതിക്കെതിരായ പോരാട്ടത്തിന്റെ കേന്ദ്രമായി മണ്ഡലത്തെ പ്രഖ്യാപിച്ചുകൊണ്ടാണ് എല്‍.ഡി.എഫ് കളമശ്ശേരിയില്‍ തെരഞ്ഞെടുപ്പിനെ നേരിടുന്നത്. മാസങ്ങള്‍കൊണ്ട് പൂര്‍ത്തിയാക്കിയ പാലാരിവട്ടം പാലത്തിന്റെ പുനര്‍നിര്‍മാണം ഭരണമികവിന്റെ മികച്ച മാതൃകയായും എല്‍.ഡി.എഫ് ഉയര്‍ത്തിക്കാട്ടുന്നു.

താരമ്യേന മുസ്ലിം വിഭാഗങ്ങള്‍ കൂടുതലുള്ള മണ്ഡലമാണ് കളമശ്ശേരി. സി.എ.എ എന്‍.ആര്‍.സി വിഷയങ്ങളിലെ പി.രാജീവിന്റെ ഇടപെടലുകളും ഫാസിസ്റ്റ് വിരുദ്ധ മുഖം ഉയര്‍ത്തിപ്പിടിക്കുന്ന അദ്ദേഹത്തിന്റെ ഇമേജും മുസ്ലിം സമുദായത്തില്‍പ്പെട്ടവരെയും രാജീവിനോട് അടുപ്പിക്കുമെന്ന കണക്കൂകൂട്ടല്‍ സി.പി.ഐ.എമ്മിനുണ്ട്. എന്നാല്‍ മുന്‍കാലങ്ങളില്‍ യു.ഡി.എഫിനെ കാത്തുനിര്‍ത്തിയ മണ്ഡലം ഇത്തവണയും തങ്ങളെ തുണയ്ക്കുമെന്നാണ് മുസ്ലിം ലീഗിന്റെ കണക്കുകൂട്ടല്‍

2016 പറയുന്ന കണക്കുകള്‍

കഴിഞ്ഞ തവണ 12118 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വി.കെ ഇബ്രാഹിം കുഞ്ഞ് സി.പി.ഐ.എമ്മിന്റെ എ.എം യൂസഫിനോട് വിജയിച്ചത്. ബി.ഡി.ജെ.എസിന്റെ വി. ഗോപകുമാര്‍ 24,244 വോട്ടുകളും നേടി. പൊതുവില്‍ അന്നത്തെ ഉമ്മന്‍ചാണ്ടി സര്‍ക്കാരിനെതിരായ ഭരണവിരുദ്ധ വികാരം നിഴലിച്ച തെരഞ്ഞെടുപ്പില്‍ ഇബ്രാഹിം കുഞ്ഞ് പക്ഷേ പ്രവചനങ്ങളെയും എക്‌സിറ്റ് പോള്‍ ഫലങ്ങളെയും മറിച്ചിട്ട് ഭൂരിപക്ഷം കൂട്ടി വിജയിക്കുകയാണുണ്ടായത്. ബി.ജെ.പിയ്ക്കും മുന്‍ തെരഞ്ഞെടുപ്പുകളെ അപേക്ഷിച്ച് 2016ല്‍ കളമശ്ശേരിയില്‍ വോട്ടിങ്ങ് ശതമാനം കൂട്ടാന്‍ സാധിച്ചിരുന്നു. ഇത്തവണ ബി.ഡി.ജെ.എസ് ജില്ലാ ജനറല്‍ സെക്രട്ടറി പി.എസ് ജയരാജാണ് കളമശ്ശേരിയില്‍ മത്സരത്തിനിറങ്ങുന്നത്.

എറണാകുളത്തിന്റെ പൊതു സ്വാഭാവം കളമശ്ശേരിയില്‍ ആവര്‍ത്തിക്കുമോ?

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലെ ട്രെന്‍ഡുകള്‍ അവലോകനം ചെയ്യുമ്പോള്‍ പ്രാദേശിക വിഷയങ്ങളാണ് എറണാകുളത്ത് ഏറ്റവും കൂടുതല്‍ പ്രതിഫലിച്ചത് എന്നാണ് തെളിഞ്ഞുവരുന്ന ചിത്രം. പെരുമ്പാവൂരില്‍ 2016ല്‍ സിറ്റിംഗ് സീറ്റ് ഇടതുപക്ഷത്തിന് നഷ്ടമായത് ജിഷ കേസുമായി ബന്ധപ്പെട്ട വിവാദത്തിലായിരുന്നു. അതേസമയം ബാര്‍കോഴ ഉള്‍പ്പെടെയുള്ള കേസുകളുടെ പശ്ചാത്തലത്തലില്‍ തൃപ്പൂണിത്തുറയില്‍ അന്നത്തെ ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്തെ ഏക്‌സൈസ് മന്ത്രി കൂടിയായ കെ. ബാബു പരാജയപ്പെടുകയായിരുന്നു. ഉമ്മന്‍ ചാണ്ടിയുടെ തണലില്‍ മത്സരത്തിനിറങ്ങിയ ബാബുവിനെ സി.പി.ഐ.എമ്മിന്റെ എം. സ്വരാജാണ് പരാജയപ്പെടുത്തിയത്.

ഈ സൂചനകള്‍ നല്‍കുന്നത് പാലാരിവട്ടം അഴിമതിക്കേസ് വലിയ രീതിയില്‍ തന്നെ മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് ഫലത്തെ സ്വാധീനിക്കുമെന്ന് തന്നെയാണ്. അതേസമയം 2016 ല്‍ യു.ഡി.എഫ് സംസ്ഥാനത്ത് മുഴുവന്‍ പ്രതിസന്ധി നേരിട്ടപ്പോഴും ഇബ്രാഹിം കുഞ്ഞ് പ്രവചനങ്ങള്‍ അപ്രസക്തമാക്കി കളമശ്ശേരിയില്‍ തന്റെ ഭൂരിപക്ഷം കൂട്ടുകയായിരുന്നു. എന്നാല്‍ അത്തരമൊരു അട്ടിമിറി ഇക്കുറിയുണ്ടാകാനുള്ള സാധ്യതയില്‍ ലീഗ് നേത്വത്തിനു പോലും പ്രതീക്ഷയില്ലെന്നാണ് മുസ്ലിം ലീഗിനുള്ളില്‍ തന്നെ കളമശ്ശേരി സ്ഥാനാര്‍ത്ഥിത്വവുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവന്ന ചര്‍ച്ചകള്‍ വ്യക്തമാക്കുന്നത്.

പഞ്ചായത്ത് തെരഞ്ഞെടുപ്പുകള്‍ പറയുന്നത്

കളമശ്ശേരി, ഏലൂര്‍ മുന്‍സിപ്പാലിറ്റികളും ആലങ്ങാട്, കടുങ്ങല്ലൂര്‍, കുന്നുകര, കരുമാല്ലൂര്‍ പഞ്ചായത്തുകളും ഉള്‍പ്പെടുന്ന കളമശ്ശേരി മണ്ഡലം 2011 ലാണ് രൂപീകൃതമാകുന്നത്. തുടര്‍ന്ന് നടന്ന രണ്ട് തെരഞ്ഞെടുപ്പിലും വിജയിച്ചത് മുസ്ലിം ലീഗിലെ ഇബ്രാഹിം കുഞ്ഞാണ്.

കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിലും കടുങ്ങല്ലൂര്‍ ഒഴികെ മൂന്നു പഞ്ചായത്തുകളിലും ജില്ലാ പഞ്ചായത്ത് ഡിവിഷനുകളിലും എല്‍.ഡി.എഫിനാണ് ലീഡ്. കടുങ്ങല്ലൂരില്‍ ഒമ്പത് വോട്ടിന്റെ മുന്‍കൈ മാത്രമാണ് കോണ്‍ഗ്രസിനുള്ളത്. ഇതില്‍ തന്നെ ആലങ്ങാട്, കുന്നുകര, കരുമാല്ലൂര്‍ പഞ്ചായത്തുകളും ഏലൂര്‍ നഗരസഭയും നിലവില്‍ എല്‍.ഡി.എഫാണ് ഭരിക്കുന്നത്. കളമശ്ശേരി നഗരസഭ ഒരു സീറ്റ് വ്യത്യാസത്തിലും കടുങ്ങല്ലൂരില്‍ നറുക്കിലൂടെയുമാണ് യു.ഡി.എഫ് ഭരിക്കുന്നത്.

കളമശ്ശേരിയിലെ കണക്കുകള്‍ സങ്കീര്‍ണമാണ്. ഭരണവിരുദ്ധ വികാരം താരതമ്യേന കുറവായ നിയസഭാ തെരഞ്ഞെടുപ്പില്‍ പാലാരിവട്ടം പാലത്തിലെ വിവാദങ്ങള്‍ പി. രാജീവിന്റെ സാധ്യതയാണ്. എന്നാല്‍ രൂപീകൃതമായ കാലം മുതല്‍ക്കു തന്നെ യു.ഡി.എഫിനൊപ്പം നില്‍ക്കുന്ന മണ്ഡലമാണ് കളമശ്ശേരി എന്നത് ലീഗ് വീണ്ടും തെരഞ്ഞെടുക്കപ്പെടാനുള്ള സാധ്യതകള്‍ക്കും മങ്ങലേല്‍പ്പിക്കുന്നില്ല.

ശ്രിന്‍ഷ രാമകൃഷ്ണന്‍