| Saturday, 3rd April 2021, 10:40 am

ഏറ്റുമാനൂരിലെ ഏറ്റുമുട്ടല്‍ നിര്‍ണായകമാവുന്നതെങ്ങനെ?

രോഷ്‌നി രാജന്‍.എ

മഹിളാ കോണ്‍ഗ്രസ് നേതാവ് ലതികാ സുഭാഷിന്റെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം, കേരള കോണ്‍ഗ്രസ് (എം)ന്റെ എല്‍.ഡി.എഫ് പ്രവേശനം എന്നീ സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ കോട്ടയം ജില്ലയില്‍ നിര്‍ണായക പോരാട്ടം നടക്കാന്‍ സാധ്യതയുള്ള മണ്ഡലമാണ് ഏറ്റുമാനൂര്‍.

നിലവില്‍ ഇടതുപക്ഷത്തിനൊപ്പം നില്‍ക്കുന്ന മണ്ഡലത്തില്‍ ഇത്തവണ കേരള കോണ്‍ഗ്രസ് (എം)ന്റെകൂടി വോട്ടുകളുടെ ബലത്തില്‍ എല്‍.ഡി.എഫു തന്നെ തുടര്‍ഭരണം പിടിക്കുമോ എന്നതാണ് നിര്‍ണായകമായ ഒരു ഘടകം. രണ്ടാമത്തേത് യു.ഡി.എഫിലേക്കും എല്‍.ഡി.എഫിലേക്കും ഒരു പക്ഷേ ബി.ജെ.പിയിലേക്കും പോകേണ്ട വോട്ടുകളുടെ വലിയൊരു ശതമാനം സ്വതന്ത്ര്യ സ്ഥാനാര്‍ത്ഥിയായ ലതികാ സുഭാഷിലേക്ക് എത്തുമോ എന്നതാണ്.

ഏറ്റുമാനൂര്‍ നഗരസഭ, അയ്മനം, ആര്‍പ്പൂക്കര, അതിരമ്പുഴ, കുമരകം, തിരുവാര്‍പ്പ് പഞ്ചായത്തുകള്‍ അടങ്ങുന്നതാണ് ഏറ്റുമാനൂര്‍ നിയമസഭാമണ്ഡലം. കോട്ടയം ജില്ലയിലെ സി.പി.ഐ.എമ്മിന്റെ ഏക സിറ്റിംഗ് സീറ്റുകൂടിയാണ് ഇവിടം. 1991 മുതല്‍ 2006വരെ തുടര്‍ച്ചയായി നാലുതവണ വിജയിച്ച കേരള കോണ്‍ഗ്രസിലെ തോമസ് ചാഴിക്കാടനെ 2011ല്‍ സുരേഷ് കുറുപ്പ് അട്ടിമറിക്കുന്നതോടെയാണ് ഏറ്റുമാനൂര്‍ ഇടതുമണ്ഡലമായി മാറിയത്. കേരളാ കോണ്‍ഗ്രസിന് സ്വാധീനമുണ്ടായിരുന്ന മണ്ഡലം ഇടതുപക്ഷത്തേക്ക് ചായുന്നത് മണ്ഡല പുനരേകീകരണത്തിലൂടെയാണ്. ഇടത് ശക്തികേന്ദ്രങ്ങളായ നാല് പഞ്ചായത്തുകള്‍ കൂടി ചേര്‍ന്നതോടെ മണ്ഡലത്തില്‍ രണ്ട് തവണയും സി.പി.ഐ.എം ജയം നേടുകയായിരുന്നു.

2011ന് ശേഷം 2016ലും തോമസ് ചാഴിക്കാടനെ തോല്‍പ്പിച്ച് സുരേഷ് കുറുപ്പ് അധികാരത്തിലെത്തുകയായിരുന്നു. ഇത്തവണ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയായി നില്‍ക്കുന്നത് വി.എന്‍ വാസവന്‍ ആണ്. തുടര്‍ച്ചയായി രണ്ടുവട്ടം മത്സരിച്ചവര്‍ മാറിനില്‍ക്കണമെന്ന പാര്‍ട്ടി നിര്‍ദേശത്തെ തുടര്‍ന്നാണ് സുരേഷ് കുറുപ്പിന് ഇത്തവണ മത്സരിക്കാനാവാഞ്ഞത്. മാത്രവുമല്ല അഞ്ചു തവണ പാര്‍ലമെന്റിലേക്കും രണ്ട് തവണ നിയമസഭയിലേക്കും മത്സരിച്ച ആള്‍ കൂടിയാണ് അദ്ദേഹം. ഈയൊരു പശ്ചാത്തലത്തിലാണ് വി.എന്‍ വാസവന്റെ പേര് ഉയര്‍ന്നു വന്നത്. കൂടാതെ തദ്ദേശ തെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫിന് നേട്ടമുണ്ടാക്കിയ നേതൃത്വം വാസവന്റേതായിരുന്നു.

1980ല്‍ വൈക്കം വിശ്വനാഥന്‍, 2011ല്‍ സുരേഷ് കുറുപ്പ്, 2016ല്‍ വീണ്ടും സുരേഷ്‌കുറുപ്പ് ഇങ്ങനെ മൂന്ന് തവണ മാത്രമാണ് മണ്ഡലത്തില്‍ സി.പി.ഐ.എം വിജയിച്ചിട്ടുള്ളതെങ്കിലും ഇത്തവണ കേരളാ കോണ്‍ഗ്രസ് (എം) ഇടതുപക്ഷത്തിനൊപ്പം എത്തിയ തെരഞ്ഞെടുപ്പായതിനാല്‍ ആത്മവിശ്വാസത്തോടെയാണ് സി.പി.ഐ.എം ഇറങ്ങിയിരിക്കുന്നത്.

യു.ഡി.എഫിന് വേണ്ടി ജോസഫ് ഗ്രൂപ്പ് സ്ഥാനാര്‍ത്ഥിയായ പ്രിന്‍സ് ലൂക്കോസാണ് ഇത്തവണ മത്സരിക്കുന്നത്. കഴിഞ്ഞതവണ മാണി വിഭാഗം നേതാവ് മത്സരിച്ച് തോറ്റ സീറ്റാണെങ്കിലും മണ്ഡലം പിടിച്ചെടുക്കാമെന്ന യു.ഡി.എഫിന്റെ പ്രതീക്ഷക്കുമേലാണ് ലതികാ സുഭാഷിന്റെ സ്ഥാനാര്‍ത്ഥിത്വം വെല്ലുവിളിയായി നില്‍ക്കുന്നത്.

എന്‍.ഡി.എയ്ക്കായി ഇത്തവണ ബി.ജെ.പിയാണ് ഏറ്റുമാനൂരില്‍ മത്സരിക്കുന്നത്. എന്നാല്‍ സീറ്റ് തര്‍ക്കം നിലനില്‍ക്കുന്ന മണ്ഡലത്തില്‍ ബി.ജെ.പിയും ബി.ഡി.ജെ.എസും പ്രത്യേകം സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചിരുന്നു. ബി.ജെ.പിയ്ക്കായി എന്‍ ഹരികുമാറും ബി.ഡി.ജെ.എസിനായി ടി.എന്‍ ശ്രീനിവാസനുമാണ് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചിരുന്നത്. പിന്നീട് ബി.ഡി.ജെ.എസിന്റെ കയ്യില്‍ നിന്ന് ഏറ്റുമാനൂര്‍ സീറ്റ് ബി.ജെ.പി ഏറ്റെടുക്കുകയായിരുന്നു.

ഇടതുപക്ഷത്തിന് സ്വാധീനമുള്ള പഞ്ചായത്തുകള്‍ ഏറ്റുമാനൂരിനൊപ്പം കൂട്ടിച്ചേര്‍ത്ത് മണ്ഡലം ഇടതിന് അനുകൂലമായെങ്കിലും 2011ല്‍ തോമസ് ചാഴിക്കാടനെ സുരേഷ് കുറുപ്പ് വീഴ്ത്തുന്നത് 1801 വോട്ടിന് മാത്രമാണ്. സംസ്ഥാനത്താകെ ഇടത് തരംഗം സൃഷ്ടിച്ച 2016ലാണെങ്കില്‍ സുരേഷ് കുറുപ്പ് സീറ്റ് നിലനിര്‍ത്തുന്നത് 8899 വോട്ടിന്റെ വ്യത്യാസത്തിലും.

2016ല്‍ 53,085 വോട്ടുകളുമായി സുരേഷ് കുറുപ്പ് ജയം ഉറപ്പാക്കിയപ്പോള്‍ തോമസ് ചാഴിക്കാടന്റെ പിന്തുണ 44,906 വോട്ടില്‍ ഒതുങ്ങി. 2011ല്‍ വെറും 3385 വോട്ടുണ്ടായിരുന്ന ബി.ജെ.പി, 2016ല്‍ ബി.ഡി.ജെ.എസ് സ്ഥാനാര്‍ത്ഥിയായ എ.ജി തങ്കപ്പനെ നിര്‍ത്തി 27540 വോട്ടുകള്‍ നേടുകയായിരുന്നു.

കോണ്‍ഗ്രസ് സീറ്റ് നിഷേധിച്ചതിനെത്തുടര്‍ന്ന് ലതികാ സുഭാഷ് തല മുണ്ഡനം ചെയ്ത് പ്രതിഷേധിച്ചതോടെ ഏറ്റുമാനൂര്‍ സംസ്ഥാനത്തെ ശ്രദ്ധയാകര്‍ഷിക്കുന്ന മണ്ഡലങ്ങളില്‍ ഒന്നായി മാറുകയായിരുന്നു. സീറ്റിന് അവകാശവാദം ഉന്നയിച്ച ലതികാ സുഭാഷിനെ തള്ളി കോണ്‍ഗ്രസ് ജോസഫ് ഗ്രൂപ്പിന് സീറ്റ് നല്‍കിയതില്‍ പ്രതിഷേധിച്ച് ലതിക മത്സരിക്കാന്‍ ഇറങ്ങുമ്പോള്‍ ഏറ്റുമാനൂര്‍ കൂടുതല്‍ ചര്‍ച്ച ചെയ്യുപ്പെടുകയാണ്.

സീറ്റ് നിഷേധത്തില്‍ നിന്ന് വിമതസ്ഥാനാര്‍ത്ഥിയുണ്ടായതും സ്വതന്ത്ര്യ സ്ഥാനാര്‍ത്ഥി ജയിച്ചതും ഏറ്റുമാനൂരിന്റെ ചരിത്രത്തിലുണ്ട്.

2016ലും സീറ്റ് നിഷേധത്തെ തുടര്‍ന്ന് ഏറ്റുമാനൂരില്‍ വിമത സ്ഥാനാര്‍ത്ഥിയുണ്ടായിരുന്നു. യു.ഡി.എഫ് തോമസ് ചാഴിക്കാടന് തന്നെ വീണ്ടും സീറ്റ് നല്‍കിയതില്‍ പ്രതിഷേധിച്ച് മാണി വിഭാഗം നേതാവും ജനപ്രതിനിധിയുമായിരുന്ന ജോസ്‌മോന്‍ മുണ്ടക്കലായിരുന്നു യു.ഡി.എഫ് സ്ഥാനാര്‍ത്ഥിക്കെതിരെ മത്സരിച്ചത്.
37774 വോട്ടുകള്‍ ജോസ്‌മോന്‍ മുണ്ടക്കല്‍ നേടുകയും ചെയ്തിരുന്നു. നിലവിലെ ലതികാ സുഭാഷിന്റെ സ്ഥാനാര്‍ത്ഥിത്വം ഓര്‍മ്മിപ്പിക്കുന്ന മറ്റൊരു ചരിത്രം കൂടിയുണ്ട് ഏറ്റുമാനൂരിന്. ഇടത് വലത് മുന്നണികളെ മാറ്റിനിര്‍ത്തി ഏറ്റുമാനൂരിലെ ജനത സ്വതന്ത്ര്യ സ്ഥാനാര്‍ത്ഥിയെ വിജയിപ്പിച്ച ചരിത്രം.

1987ലാണ് ആ പോരാട്ടമുണ്ടായത്. 1957ലെ ആദ്യ തെരഞ്ഞെടുപ്പിലും 1960ലും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി മണ്ഡലത്തില്‍ നിന്ന് വിജയിച്ച ജോസഫ് ജോര്‍ജ് പൊടിപാറ എന്ന വ്യക്തിയാണ് 1987ല്‍ സ്വതന്ത്യനായി മത്സരിച്ച് മണ്ഡലത്തില്‍ നിന്ന് വിജയിച്ച് കയറിയത്.

1982ല്‍ കേരള കോണ്‍ഗ്രസ് ജോസഫ് ഗ്രൂപ്പിന് ഏറ്റുമാനൂര്‍ സീറ്റ് കോണ്‍ഗ്രസ് വിട്ടുകൊടുത്തിരുന്നു. 1987ല്‍ കോണ്‍ഗ്രസിന് സീറ്റ് തിരികെ നല്‍കാമെന്ന ധാരണയോടെയായിരുന്നു ഇതുണ്ടായത്. എന്നാല്‍ 1987ല്‍ സിറ്റിങ്ങ് സീറ്റിനായി ജോസഫ് ഗ്രൂപ്പ് സമ്മര്‍ദ്ദം ചെലുത്തിയതോടെ കോണ്‍ഗ്രസ് അവര്‍ക്ക് തന്നെ വീണ്ടും സീറ്റ് വിട്ടുനല്‍കുകയായിരുന്നു. ഇതില്‍ പ്രതിഷേധിച്ചായിരുന്നു ജോസഫ് ജോര്‍ജ് പൊടിപാറ സ്വതന്ത്ര്യനായി നിന്നതും വിജയിച്ചതും.

അന്ന് വിമതവോട്ടുകള്‍ വന്നാല്‍ ജയം നേടാമെന്ന് പ്രതീക്ഷിച്ച എല്‍.ഡി.എഫിനും തെറ്റുകയായിരുന്നു. അതിനാല്‍ ലതികാ സുഭാഷിന്റെ സ്ഥാനാര്‍ത്ഥിത്വം യു.ഡി.എഫ് സ്വപ്നങ്ങള്‍ക്കും എല്‍.ഡി.എഫ് സ്വപ്നങ്ങള്‍ക്കും വെല്ലുവിളിയാണെന്ന് തന്നെ പറയാം.

അതുകൊണ്ട് ജോസഫ് ഗ്രൂപ്പിന് സീറ്റ് നല്‍കിയ യു.ഡി.എഫും കേരള കോണ്‍ഗ്രസ് (എം)ന്റെ പിന്തുണയോടെ ഭരണത്തുടര്‍ച്ച നേടാനൊരുങ്ങിയ
എല്‍.ഡി.എഫും സ്വതന്ത്യസ്ഥാനാര്‍ത്ഥിയായ ലതികാ സുഭാഷും ബി.ജെ.പി സ്ഥാനാര്‍ത്ഥിയായ എന്‍.ഹരികുമാറും നേര്‍ക്കു നേര്‍ മുട്ടുമ്പോള്‍ ആരായിരിക്കും ഏറ്റുമാനൂര്‍ പിടിക്കുകയെന്നത് നിര്‍ണായകമായ ചോദ്യമാണ്.

രോഷ്‌നി രാജന്‍.എ

മഹാരാജാസ് കോളജില്‍ നിന്നും കെമിസ്ട്രിയില്‍ ബിരുദാനന്തര ബിരുദം, കോഴിക്കോട് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്മ്യൂണിക്കേഷന്‍ ആന്റ് ജേണലിസത്തില്‍ നിന്നും പി.ജി ഡിപ്ലോമ. ഇപ്പോള്‍ ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി.