| Friday, 19th July 2024, 6:37 pm

കണ്ടെടോ, ഞങ്ങളുടെ പഴയ 'തല'യെ, എന്നൈ അറിന്താലിന് ശേഷം അജിതും തൃഷയും വീണ്ടും

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

തമിഴകത്തിന്റെ സൂപ്പര്‍താരം അജിത് കുമാറിനെ നായകനാക്കി പ്രശസ്ത സംവിധായകന്‍ മഗിഴ് തിരുമേനി സംവിധാനം ചെയ്യുന്ന ചിത്രമാണ് വിടാമുയര്‍ച്ചി. ഇപ്പോഴിതാ ഈ ചിത്രത്തിന്റെ തേര്‍ഡ് ലുക്ക് പോസ്റ്റര്‍ പുറത്ത് വന്നിരിക്കുകയാണ്. നേരത്തെ റിലീസ് ചെയ്ത ഇതിന്റെ ഫസ്റ്റ്, സെക്കന്റ് ലുക്ക് പോസ്റ്ററുകള്‍ സമൂഹ മാധ്യമങ്ങളില്‍ വലിയ രീതിയില്‍ വൈറലായി മാറിയിരുന്നു.

ലളിതമായ ഫസ്റ്റ് ലുക്ക്, മാസ്സ് ആയ സെക്കന്റ് ലുക്ക് എന്നിവക്ക് ശേഷം, വിന്റേജ് ഫീല്‍ നല്‍കുന്ന തരത്തിലാണ് തേര്‍ഡ് ലുക്ക് ഒരുക്കിയിരിക്കുന്നത്. അജിത്തിനൊപ്പം, ഈ ചിത്രത്തിലെ നായികാ വേഷം ചെയ്യുന്ന തൃഷയേയും ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്ന പോസ്റ്ററില്‍ കാണാന്‍ സാധിക്കും. ഇവരുടെ കഥാപാത്രങ്ങളുടെ ഒരു റൊമാന്റിക് നിമിഷമാണെന്നു സൂചിപ്പിക്കുന്ന പോസ്റ്ററാണ് റിലീസ് ചെയ്തിരിക്കുന്നത്.

ഗൗതം വാസുദേവ് മേനോന്‍ സംവിദാനം ചെയ്ത എന്നെ അറിന്താലിന് ശേഷം ഒമ്പത് വര്‍ഷങ്ങള്‍ക്കിപ്പുറമാണ് അജിതും തൃഷയും ഒന്നിക്കുന്നത്. ലൈക്ക പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സുബാസ്‌കരന്‍ നിര്‍മ്മിക്കുന്ന ഈ വമ്പന്‍ ചിത്രം ഇപ്പോഴതിന്റെ അവസാനഘട്ട ചിത്രീകരണത്തിലാണ്. അര്‍ജുന്‍ സര്‍ജ, ആരവ്, റെജീന കസാന്‍ഡ്ര, നിഖില്‍ എന്നിവരാണ് മറ്റ് താരങ്ങള്‍.

ഓഗസ്റ്റ് മാസത്തോടെ ചിത്രീകരണം പൂര്‍ത്തിയാക്കുമെന്നും അതിന് ശേഷം റിലീസ് തീയതി ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്നും ലൈക്ക പ്രൊഡക്ഷന്‍സ് ഹെഡ് എം കെ എം തമിഴ് കുമരന്‍ മാധ്യമങ്ങളെ അറിയിച്ചിരുന്നു. ചിത്രത്തിന്റെ സാറ്റലൈറ്റ് അവകാശം സണ്‍ ടിവിയും ഒ.ടി.ടി അവകാശം നെറ്റ്ഫ്‌ലിക്‌സും വമ്പന്‍ തുകയ്ക്കാണ് സ്വന്തമാക്കിയത്.

അനിരുദ്ധ് രവിചന്ദര്‍ സംഗീതം ചിട്ടപ്പെടുത്തുന്ന ഈ ചിത്രത്തിന് കാമറ ചലിപ്പിക്കുന്നത് ഓംപ്രകാശ്, എഡിറ്റിംഗ് നിര്‍വഹിക്കുന്നത് എന്‍.ബി ശ്രീകാന്ത് എന്നിവരാണ്. കലാസംവിധാനം – മിലന്‍, സംഘട്ടന സംവിധാനം- സുപ്രീം സുന്ദര്‍, വസ്ത്രാലങ്കാരം – അനു വര്‍ദ്ധന്‍, വി.എഫ്.എക്‌സ്- ഹരിഹരസുധന്‍, സ്റ്റില്‍സ്- ആനന്ദ് കുമാര്‍, പി.ആര്‍.ഒ ശബരി.

Content Highlight: Vidamuyarchi third look poster out

Latest Stories

We use cookies to give you the best possible experience. Learn more