| Wednesday, 1st January 2025, 8:18 am

അപ്‌ഡേറ്റ് കിട്ടിയത് കാരണം തലയില്‍ കൈവെച്ച് അജിത് ആരാധകര്‍, അപ്‌ഡേറ്റ് വരാത്തതില്‍ നിരാശരായി വിജയ് ഫാന്‍സ്, 2025 തുടക്കം തന്നെ ഗംഭീരം

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

തമിഴ് സിനിമയില്‍ ഏറ്റവുമധികം ആരാധകരുള്ള നടന്മാരാണ് അജിത്തും വിജയ്‌യും. ഇരുവരുടെയും സിനിമകള്‍ റിലീസാകുന്ന ദിവസം തമിഴ്‌നാട്ടില്‍ ആഘോഷമാണ്. മുഴുവന്‍ സമയ രാഷ്ട്രീയ പ്രവര്‍ത്തനത്തിന് ഇറങ്ങുന്നതിന് മുമ്പ് തിയേറ്ററിലെത്തുന്ന വിജയ് ചിത്രമാണ് ദളപതി 69. തമിഴിലെ മികച്ച സംവിധായകരിലൊരാളായ എച്ച്. വിനോദാണ് ദളപതി 69 അണിയിച്ചൊരുക്കുന്നത്.

രണ്ട് വര്‍ഷത്തോളമായി റിലീസൊന്നുമില്ലാത്ത അജിത്തിന്റെ പുതിയ ചിത്രമാണ് വിടാമുയര്‍ച്ചി. 2023ല്‍ അനൗണ്‍സ് ചെയ്ത ചിത്രം കഴിഞ്ഞ വര്‍ഷം തിയേറ്ററുകളിലെത്തുമെന്നാണ് കരുതിയത്. എന്നാല്‍ ഷൂട്ട് തീരാത്തതിനാല്‍ ചിത്രത്തിന്റെ റിലീസ് നീണ്ടുപോവുകയായിരുന്നു. പുതുവര്‍ഷം പ്രമാണിച്ച് രണ്ട് സിനിമകളുടെയും അപ്‌ഡേറ്റുകള്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിടുമെന്ന് ആരാധകര്‍ കരുതിയിരുന്നു.

ഇതില്‍ ആകെ വിടാമുയര്‍ച്ചിയുടെ അപ്‌ഡേറ്റ് മാത്രമേ വന്നുള്ളൂ. ആരാധകരെ നിരാശരാക്കുന്ന അപ്‌ഡേറ്റാണ് നിര്‍മാതാക്കളായ ലൈക്ക പ്രൊഡക്ഷന്‍സ് പുറത്തുവിട്ടത്. പൊങ്കല്‍ റിലീസായി എത്തുമെന്ന് അറിയിച്ച ചിത്രം റിലീസ് തിയതി മാറ്റിവെച്ചെന്നാണ് അണിയറപ്രവര്‍ത്തകര്‍ അറിയിച്ചത്. ‘ഒഴിവാക്കാനാകാത്ത സാഹചര്യങ്ങള്‍ കാരണം വിടാമുയര്‍ച്ചി പൊങ്കല്‍ റിലീസായി വരില്ല’ എന്നാണ് ലൈക്ക പങ്കുവെച്ച പോസ്റ്റില്‍ പറഞ്ഞത്.

ഇതിന് പിന്നാലെ ഒരുകൂട്ടം ആരാധകര്‍ സോഷ്യല്‍ മീഡിയയില്‍ ലൈക്കയെ ചീത്തവിളിച്ചുകൊണ്ട് പോസ്റ്റുകളും വ്യാപകമായി വന്നു. അപ്രതീക്ഷിതമായി പുറത്തുവന്ന ടീസറും പിന്നാലെ വന്ന ആദ്യ ഗാനവും ചിത്രത്തിന്റ പ്രതീക്ഷ കൂട്ടിയിരുന്നു. അജിത് രണ്ട് ഗെറ്റപ്പിലെത്തുന്ന ചിത്രത്തില്‍ തൃഷയാണ് നായിക. മഗിഴ് തിരുമേനി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ സംഗീതം അനിരുദ്ധാണ്.

അതേസമയം ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ദളപതി 69ന്റെ യാതൊരു അപ്‌ഡേറ്റും ആരാധകര്‍ക്ക് ലഭിച്ചില്ല. 2024ന്റെ തുടക്കം തന്നെ ഗ്രേറ്റസ്റ്റ് ഓഫ് ഓള്‍ ടൈമിന്റെ ഫസ്റ്റ് ലുക്കോടു കൂടിയാണ് ആരംഭിച്ചത്. എന്നാല്‍ ഇനി അതുപോലെ വിജയ് ചിത്രത്തിന്റെ അപ്‌ഡേറ്റ് ആഘോഷിക്കാന്‍ കഴിയില്ലെന്ന നിരാശയിലാണ് വിജയ് ആരാധകര്‍.

എച്ച്. വിനോദ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ പൂജ ഹെഗ്‌ഡേയാണ് നായിക. ബോളിവുഡ് താരം ബോബി ഡിയോള്‍ വില്ലനാകുന്ന ചിത്രത്തില്‍ മലയാളത്തില്‍ നിന്ന് മമിത ബൈജുവും നരേനും ചിത്രത്തിന്റെ ഭാഗമാകുന്നുണ്ട്.

Content Highlight: Vidamuyarchi postponed from Pongal release

We use cookies to give you the best possible experience. Learn more