മെസിക്കൊപ്പം എല്ലാം എളുപ്പമാണ്; അദ്ദേഹത്തിനൊപ്പം കളിക്കണം: മുന്‍ ബാഴ്‌സലോണ താരം
Football
മെസിക്കൊപ്പം എല്ലാം എളുപ്പമാണ്; അദ്ദേഹത്തിനൊപ്പം കളിക്കണം: മുന്‍ ബാഴ്‌സലോണ താരം
സ്പോര്‍ട്സ് ഡെസ്‌ക്
Wednesday, 30th August 2023, 9:42 am

അമേരിക്കയിലെത്തിയതിന് ശേഷം എം.എല്‍.എസ് ലീഗില്‍ ഔദ്യോഗിക അരങ്ങേറ്റം നടത്തിയിരിക്കുകയാണ് ലയണല്‍ മെസി. ഞായറാഴ്ച നടന്ന മത്സരത്തില്‍ ന്യൂ യോര്‍ക്ക് റെഡ് ബുള്‍സിനെതിരെയായിരുന്നു മേജര്‍ സോക്കര്‍ ലീഗിലെ മെസിയുടെ അരങ്ങേറ്റം. മത്സരത്തില്‍ ഏകപക്ഷീയമായ രണ്ട് ഗോളുകള്‍ക്ക് ഇന്റര്‍ മയാമി വിജയിച്ചിരുന്നു. ഒരു വലിയ ഇടവേളക്ക് ശേഷമാണ് എം.എല്‍.എസില്‍ മയാമി വിജയിക്കുന്നത്.

ഇന്റര്‍ മയാമിയുടെ അപരാജിത കുതിപ്പിന് മെസിയെ പ്രശംസിച്ച് പലരും രംഗത്തെത്തിയിരുന്നു. മെസി എത്തിയതിന് ശേഷം കളിച്ച 10 മത്സരങ്ങളിലും മയാമി തോല്‍വി വഴങ്ങിയിട്ടില്ല. മെസിക്കൊപ്പം കളിക്കണമെന്നും അദ്ദേഹത്തിനൊപ്പം കളിക്കുന്നത് വളരെ എളുപ്പമാണെന്നും പറഞ്ഞിരിക്കുകയാണ് മുന്‍ ബാഴ്‌സലോണ താരം ആര്‍ട്ടൂറോ വിദാല്‍. ടി.എന്‍.ടി അര്‍ജന്റീനയോട് സംസാരിക്കുമ്പോഴാണ് വിദാല്‍ ഇക്കാര്യങ്ങള്‍ പങ്കുവെച്ചത്.

‘ഞാന്‍ മെസിക്കൊപ്പം സന്തോഷത്തോടെ പോയി കളിക്കും. അദ്ദേഹത്തിനൊപ്പം അത് വളരെ എളുപ്പമാണ്, ഒന്ന് പന്ത് പാസ് ചെയ്ത് കൊടുത്താല്‍ മാത്രം മതി. അമേരിക്കയില്‍ പ്രായമുള്ള താരങ്ങള്‍ക്ക് അനുകൂലമായ ധാരാളം നിയമങ്ങളുണ്ട്. അതുകൊണ്ടാണ് എം.എല്‍.എസില്‍ കളി കൂടുതല്‍ എളുപ്പമാകുന്നത്.

മെസിക്കും ബുസ്‌ക്വെറ്റ്‌സിനുമൊപ്പം കളിക്കുന്നതില്‍ സന്തോഷമുണ്ട്. അവര്‍ ഹൃദയം കൊണ്ടാണ് കളിക്കുന്നത്. ഇപ്പോള്‍ ഇന്റര്‍ മയാമിയും അങ്ങനെയാണ് കളിക്കുന്നത്. അവര്‍ക്ക് നല്ല പരിശീലകനുമുണ്ട്,’ വിദാല്‍ പറഞ്ഞു.

ന്യൂയോര്‍ക്ക് റെഡ് ബുള്‍സിനെതിരായ മത്സരത്തിന്റെ 37ാം മിനിട്ടില്‍ ഡീഗോ ഗോമെസിന്റെ ഗോളിലൂടെ മയാമി ലീഡെടുത്തിരുന്നു. ആദ്യ പകുതിയില്‍ വിശ്രമത്തിലായിരുന്ന മെസി രണ്ടാം പകുതിയുടെ 60ാം മിനിട്ടിലാണ് കളത്തിലിറങ്ങിയത്. കളി അവസാനിക്കാന്‍ നിമിഷങ്ങള്‍ ബാക്കി നില്‍ക്കെയാണ് ഇതിഹാസത്തിന്റെ ഗോള്‍ പിറക്കുന്നത്.

മത്സരത്തിന്റെ 89ാം മിനിട്ടില്‍ മെസി സ്‌കോര്‍ ചെയ്തതോടെ കളി 2-0 എന്ന നിലയിലായി. മത്സരത്തിന് ശേഷം നിരവധി ആരാധകരാണ് താരത്തെ പ്രശംസിച്ച് രംഗത്തെത്തിയത്. പോയിന്റ് പട്ടികയില്‍ നിലവില്‍ 14ാം സ്ഥാനത്താണ് ഇന്റര്‍ മയാമി. നാഷ്വില്‍ എഫ്.സിക്കെതിരെയാണ് ഇന്റര്‍ മയാമിയുടെ അടുത്ത മത്സരം.

അമേരിക്കയിലെത്തിയതിന് ശേഷം തകര്‍പ്പന്‍ പ്രകടനമാണ് താരം പുറത്തെടുക്കുന്നത്. ഇന്റര്‍ മയാമി ജേഴ്‌സിയില്‍ മെസിയെത്തിയതിന് ശേഷം കളിച്ച ഒമ്പത് മത്സരങ്ങളിലും ക്ലബ്ബ് വിജയിച്ചിരുന്നു. ഇതുവരെ പതിനൊന്ന് ഗോളും ആറ് അസിസ്റ്റുകളുമാണ് മെസിയുടെ സമ്പാദ്യം.

Content Highlights: Vidal wants to play with Lionel Messi in MLS