| Wednesday, 1st February 2023, 8:11 am

പത്താന്റെ വിജയം ബി.ജെ.പിയുടെ നിഷേധാത്മക രാഷ്ട്രീയത്തിനെതിരേയുള്ള മറുപടി : അഖിലേഷ് യാദവ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദൽഹി: ബോളിവുഡ് ചിത്രം പത്താന്റെ വിജയം മാറുന്ന ചിന്താ​ഗതിക്കുള്ള തെളിവും ബി.ജെ.പിയുടെ നിഷേധാത്മക രാഷ്ട്രീയത്തിനെതിരെയുള്ള ഉചിതമായ മറുപടിയുമാണെന്ന് സമാജ് വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ്. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

“പത്താന്റെ വിജയം രാജ്യത്തും ലോകത്തും ഉണ്ടാകുന്ന മാറുന്ന ചിന്താ​ഗതിയുടെ തെളിവാണ്, ബി.ജെ.പിയുടെ നിഷേധാത്മക രാഷ്ട്രീയത്തിനെതിരേയുള്ള ഏറ്റവും ഉചിതമായ മറുപടിയും ഇതുതന്നെ”, അഖിലേഷ് യാദവ് ട്വിറ്ററിൽ കുറിച്ചു.

ചിത്രത്തിന്റെ ​ഗാനരം​ഗം പുറത്തുവന്നതിന് പിന്നാലെ സിനിമ ബഹിഷ്കരിക്കണമെന്ന ആവശ്യവുമായി നേരത്തെ ഹിന്ദുത്വവാദികൾ രം​ഗത്തെത്തിയിരുന്നു. ചിത്രത്തിലെ ‘ബേഷരം രം​ഗ്’ എന്ന ​ഗാനത്തിൽ നായികയായ ദീപിക പദുകോൺ ധരിച്ച വസ്ത്രം കാവി നിറത്തിലായതായിരുന്നു ഹിന്ദുത്വവാദികളെ പ്രകോപിപ്പിച്ചത്. ​ഗാനം ഹിന്ദു മതവികാരത്തെ വ്രണപ്പെടുത്തുന്നുവെന്നും ദൈവത്തിന്റെ നിറമായ കാവിയെ അപമാനിച്ചുവെന്നും ചൂണ്ടികാട്ടിയായിരുന്നു ഹിന്ദുത്വവാദികളുടെ ആക്രമം.

സിനിമയ്ക്കെതിരെ ബോയ്ക്കോട്ട് ആഹ്വാനങ്ങളും വിദ്വേഷ പ്രചരണങ്ങളും നടന്നിരുന്നു. എന്നാൽ റിലീസ് ചെയ്ത് നാല് ദിവസങ്ങൾക്കുള്ളിലാണ് ചിത്രം 500 കോടി ക്ലബിൽ ഇടം നേടിയത്.

ഹിന്ദുത്വവാദികളുടെ പ്രചരണത്തിനെതിരെ ഷാരൂഖ് ഖാനും പ്രതികരണവുമായി രം​ഗത്തെത്തിയിരുന്നു. സമൂഹമാധ്യമങ്ങൾ നല്ല കാര്യങ്ങൾക്ക് ഉപയോ​ഗിക്കുന്നതിന് പകരം ജനങ്ങളെ ഭിന്നിപ്പിക്കാനായാണ് ഉപയോ​ഗിക്കുന്നത് എന്നായിരുന്നു വിവാദത്തിന് പിന്നാലെ ഖാന്റെ പ്രതികരണം. സിനിമ നിർമിക്കുന്നത് സ്നേഹം, സന്തോഷം, സാഹോദര്യം എന്നിവ വ്യാപിപ്പിക്കാനാണെന്നും ആരുടെയും വികാരം വ്രണപ്പെടുത്താനല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സംഘപരിവാറിന്റെ ബോയ്ക്കോട്ട് ആഹ്വാനം സമൂഹമാധ്യമങ്ങളിലും ചർച്ചയായിരുന്നു. കാണുന്നതിലെല്ലാം വ്രണപ്പെടുന്ന മതവികാരമുള്ള ഹിന്ദുത്വ​ഗ്രൂപ്പുകൾക്കെതിരെ സമൂഹമാധ്യമങ്ങളിൽ ട്രോളുകളും നിറഞ്ഞിരുന്നു. ഭരതൻ സംവിധാനം ചെയ്ത വൈശാലി എന്ന ചിത്രം യൂട്യൂബിൽ നിന്നും നീക്കം ചെയ്യണമെന്നും എം.ടിയിൽ നിന്ന് ഇത്തരത്തിലെ പ്രവൃത്തി പ്രതീക്ഷിച്ചിരുന്നില്ല എന്നതുമുൾപ്പെടെയുള്ള ട്രോളുകളായിരുന്നു മലയാളം സിനിമാ ​ഗ്രൂപ്പുകളിൽ പ്രചരിച്ചത്.

Content Highlight: victory of ‘Pathaan’ is the befitting reply to BJP’s hate politics says  samajwadi party chief Akhilesh Yadav

We use cookies to give you the best possible experience. Learn more