ന്യൂദൽഹി: ബോളിവുഡ് ചിത്രം പത്താന്റെ വിജയം മാറുന്ന ചിന്താഗതിക്കുള്ള തെളിവും ബി.ജെ.പിയുടെ നിഷേധാത്മക രാഷ്ട്രീയത്തിനെതിരെയുള്ള ഉചിതമായ മറുപടിയുമാണെന്ന് സമാജ് വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ്. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
“പത്താന്റെ വിജയം രാജ്യത്തും ലോകത്തും ഉണ്ടാകുന്ന മാറുന്ന ചിന്താഗതിയുടെ തെളിവാണ്, ബി.ജെ.പിയുടെ നിഷേധാത്മക രാഷ്ട്രീയത്തിനെതിരേയുള്ള ഏറ്റവും ഉചിതമായ മറുപടിയും ഇതുതന്നെ”, അഖിലേഷ് യാദവ് ട്വിറ്ററിൽ കുറിച്ചു.
‘पठान’ का सुपर हिट होना देश और दुनिया में सकारात्मक सोच की जीत है और भाजपाई नकारात्मक राजनीति को जनता का करारा जवाब।
— Akhilesh Yadav (@yadavakhilesh) January 31, 2023
ചിത്രത്തിന്റെ ഗാനരംഗം പുറത്തുവന്നതിന് പിന്നാലെ സിനിമ ബഹിഷ്കരിക്കണമെന്ന ആവശ്യവുമായി നേരത്തെ ഹിന്ദുത്വവാദികൾ രംഗത്തെത്തിയിരുന്നു. ചിത്രത്തിലെ ‘ബേഷരം രംഗ്’ എന്ന ഗാനത്തിൽ നായികയായ ദീപിക പദുകോൺ ധരിച്ച വസ്ത്രം കാവി നിറത്തിലായതായിരുന്നു ഹിന്ദുത്വവാദികളെ പ്രകോപിപ്പിച്ചത്. ഗാനം ഹിന്ദു മതവികാരത്തെ വ്രണപ്പെടുത്തുന്നുവെന്നും ദൈവത്തിന്റെ നിറമായ കാവിയെ അപമാനിച്ചുവെന്നും ചൂണ്ടികാട്ടിയായിരുന്നു ഹിന്ദുത്വവാദികളുടെ ആക്രമം.