തൃശൂര്‍: മൂന്ന് മാസക്കാലമായി തൃശൂര്‍ കല്ല്യാണ്‍ സാരീസിന് മുന്നില്‍ വനിതാ തൊഴിലാളികള്‍ നടത്തി വന്നിരുന്ന ഇരിക്കല്‍ സമരം വിജയിച്ചു. ജീവനക്കാരുടെ ഭൂരിഭാഗം ആവശ്യങ്ങളും അംഗീകരിച്ചതോടെയാണ് രണ്ടാം ഘട്ട ഇരിക്കല്‍ സമരം പിന്‍വലിക്കാന്‍ ജീവനക്കാരും അസംഘടിത തൊഴിലാളി യൂണിയനും ഐക്യദാര്‍ഢ്യ സമിതിയും തീരുമാനിച്ചത്.
സമരക്കാരുടെ ആവശ്യമനുസരിച്ച് സമരം നടത്തിയിരുന്ന ആറ് ജീവനക്കാരെയും തിരിച്ചെടുക്കും. തൃശൂരിലെ തന്നെ കല്യാണിന്റെ ഡിപ്പോയിലേക്കാണ് ഇവരെ തിരിച്ചെടുക്കുക. സമരകാലത്തെ ഇവരുടെ വേതനം, ആനുകൂല്യങ്ങള്‍ എന്നിവ നല്‍കാനും തീരുമാനമായിട്ടുണ്ട്. തൊഴിലാളികളുടെ ജോലി സുരക്ഷിതത്വത്തിനുള്ള ഉറപ്പും ലഭിച്ചിട്ടുണ്ട്.
തൊഴിലാളികള്‍ സമരം ചെയ്തത് കാരണം മറ്റ് ജീവനക്കാരുടെ വേതനവും വര്‍ദ്ധിപ്പിച്ചിരുന്നു. ഇത് പ്രകാരമുള്ള വേതനവും ഇവര്‍ക്ക് ലഭിക്കും. ഇത് കൂടാതെ ജോലി സമയത്ത് ജീവനക്കാര്‍ക്ക് ഇരിക്കുവാനുള്ള സൗകര്യമടക്കം മറ്റ് അടിസ്ഥാന സൗകര്യങ്ങളും മാനേജ്‌മെന്റ് ഉറപ്പ് വരുത്തും.
കഴിഞ്ഞ ഡിസംബര്‍ 30നായിരുന്നു തൃശൂരിലെ കല്യാണ്‍ സാരീസിന് മുമ്പില്‍ തൊഴിലാളികള്‍ സമരം ആരംഭിച്ചിരുന്നത്. എ.എം.ടി.യു സംസ്ഥാന പ്രസിഡന്റ് കെ.പി ലിജു കുമാറിന്റെ നേതൃത്വത്തിലായിരുന്നു സമരം നടന്നിരുന്നത്. ദിവസവും 11 മുതല്‍ 12 മണിക്കൂര്‍ വരെ പണിയെടുക്കാന്‍ നിര്‍ബന്ധിതരാകുന്ന തൊഴിലാളികള്‍ക്ക് അടിസ്ഥാന അവകാശങ്ങള്‍ പോലും ലഭിച്ചിരുന്നില്ല.
ഇതിനെതിരെ പ്രതികരിച്ചതിന് ആറു തൊഴിലാളികളെയാണ് സ്ഥലംമാറ്റം എന്ന വ്യാജേന കല്ല്യാണ്‍ സാരീസ് പുറത്താക്കിയത്. ഇതേ തുടര്‍ന്നാണ് പ്രതിഷേധങ്ങള്‍ അനിശ്ചിതകാല സമരത്തിലേക്ക് വഴിമാറിയത്. എന്നാല്‍ സമരത്തോട് മുഖ്യധാരാ മാധ്യമങ്ങളടക്കം കടുത്ത അവഗണനയാണ് പുലര്‍ത്തിയിരുന്നത്.
അവഗണനകള്‍ക്കിടയിലും സോഷ്യല്‍ മീഡിയയിലടക്കം സമരത്തിന് വന്‍ പിന്തുണയാണ് ലഭിച്ചിരുന്നത്. സമരത്തിന് ഐക്യദാര്‍ഢ്യം പ്ഖ്യാപിച്ച് “ന്നാ മ്മളും ഇരിക്ക്യല്ലെ ഗഡിയെ” എന്ന പേരിലുള്ള ഫേസ്ബുക്ക് കൂട്ടായ്മ ഐക്യദാര്‍ഢ്യ സമരമടക്കം നടത്തിയിരുന്നു. ഫേസ്ബുക്ക് കൂട്ടായ്മയുടെ നേതൃത്വത്തില്‍ സമര സമിതിക്ക് പണപ്പിരിവ് നടത്തി സാമ്പത്തിക സഹായമടക്കം നല്‍കിയിരുന്നു.
സമരം ഒത്തുതീര്‍പ്പാക്കാന്‍ സര്‍ക്കാര്‍ ഇടപെടണമെന്ന ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍ നിയമസഭയില്‍ സബ്മിഷന്‍ ഉന്നയിച്ചിരുന്നു. ഇത് കൂടാതെ സമരത്തിന് ഐക്യദാര്‍ഢ്യവുമായി നിയമസഭാ സാമാജികരായ വി.ടി ബല്‍റാം, വി.എസ് സുനില്‍ കുമാര്‍, ഗീത ഗോപി, മുന്‍ സാമാജികന്‍ സൈമണ്‍ ബ്രിട്ടോ എന്നിവരും വിവിധ സമയങ്ങളിലായി സമരപന്തലില്‍ എത്തിയിരുന്നു.