മുംബൈ: മഹാരാഷ്ട്രയിലെ കര്‍ഷക സമരത്തില്‍ മുട്ടുമടക്കി ഏക്‌നാഥ് ഷിന്‍ഡെ സര്‍ക്കാര്‍. ഈ മാസം ആദ്യം ആരംഭിച്ച സമരത്തില്‍ ആവശ്യങ്ങള്‍ സര്‍ക്കാര്‍ അംഗീകരിച്ചെങ്കില്‍ മാത്രമേ അവസാനിപ്പിക്കുകയുള്ളൂ എന്ന് തീരുമാനത്തിലായിരുന്നു കര്‍ഷകര്‍. എന്നാല്‍ നേരത്തെ രണ്ട് തവണ മുടങ്ങിയ സര്‍ക്കാരുമായുള്ള ചര്‍ച്ച വെള്ളിയാഴ്ച വീണ്ടും നടക്കുകയായിരുന്നു.
സര്‍ക്കാറുമായുള്ള യോഗത്തില്‍ ആവശ്യങ്ങള്‍ അംഗീകരിച്ചതായി സമരത്തിന് നേതൃത്വം വഹിക്കുന്ന മുന്‍ എം.എല്‍.എയും സി.പി.ഐ.എം നേതാവുമായ ജെ.പി. ഗാവിത് പറഞ്ഞു.
‘കര്‍ഷക സമരം വിജയിച്ചു. സമരത്തിലെ ആവശ്യങ്ങള്‍ സര്‍ക്കാര്‍ അംഗീകരിച്ചിട്ടുണ്ട്. ഈ തീരുമാനങ്ങള്‍ രേഖാമൂലം അറിയിക്കാന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ നിയോഗിക്കുമെന്ന് അവര്‍ അറിയിച്ചിട്ടുണ്ട്. എന്നാല്‍ ആവശ്യങ്ങള്‍ അംഗീകരിച്ച വിവരം രേഖാമൂലം നല്‍കാതെ കര്‍ഷകര്‍ പിരിഞ്ഞ് പോകില്ല,’ ഗാവിത് പറഞ്ഞു.
ഞായറാഴ്ച നാസികില്‍ നിന്നാണ് വിവിധ ആവശ്യങ്ങളുന്നയിച്ച് കര്‍ഷക ജാഥ ആരംഭിച്ചത്. സി.പി.ഐ.എമ്മും കിസാന്‍ സഭയുമാണ് ജാഥക്ക് നേതൃത്വം നല്‍കുന്നത്.
സവാളക്ക് ക്വിന്റലിന് 600 രൂപ അടിയന്തര സഹായം, കര്‍ഷകരുടെ വൈദ്യുത ബില്ല് എഴുതിത്തള്ളുക, കാര്‍ഷികോല്‍പ്പന്നങ്ങള്‍ക്ക് ന്യായമായ വില ഈടാക്കുക, പരമ്പരാഗതമായി കൃഷി ചെയ്ത് വരുന്ന വനഭൂമിയുടെ അവകാശം ആദിവാസികള്‍ക്ക് നല്‍കുക, കടം എഴുതിത്തള്ളുക, കൃഷിനാശങ്ങള്‍ക്ക് സഹായം നല്‍കുക തുടങ്ങിയ ആവശ്യങ്ങളാണ് കര്‍ഷക സമരത്തില്‍ ഉന്നയിച്ചത്.
സമരത്തില്‍ കര്‍ഷകരെ കൂടാതെ തൊഴിലാളികള്‍, ആശാവര്‍ക്കര്‍മാര്‍ തുടങ്ങി ആയിരത്തിലേറെ പേരാണ് പങ്കെടുത്തത്.
സമരത്തിന് മുമ്പ് സവാളക്ക് ക്വിന്റലിന് 300 രൂപ അടിയന്തര സഹായം മുഖ്യമന്ത്രി ഏക്നാഥ് ഷിന്‍ഡെ പ്രഖ്യാപിച്ചെങ്കിലും കര്‍ഷകര്‍ തള്ളിക്കളയുകയായിരുന്നു.
2018ലും സി.പി.ഐ.എമ്മിന്റേയും കിസാന്‍ സഭയുടെയും നേതൃത്വത്തില്‍ നാസികില്‍ നിന്ന് മുംബൈയിലേക്ക് കര്‍ഷക സമരം നടത്തിയിട്ടുണ്ട്. വായ്പ എഴുതിത്തള്ളുക, വനഭൂമി ആദിവാസി കര്‍ഷകര്‍ക്ക് കൈമാറുക തുടങ്ങി വിവിധ ആവശ്യങ്ങളായിരുന്നു അന്ന് ഉന്നയിച്ചിരുന്നത്. ആയിരക്കണക്കിന് കര്‍ഷകരാണ് ഈ സമരത്തില്‍ പങ്കെടുത്തത്.
നാസിക്കില്‍ നിന്ന് 2018 മാര്‍ച്ച് ആറിനായിരുന്നു അന്ന് സമരം ആരംഭിച്ചത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് വിരവധി പേരാണ് അന്ന് സമരത്തില്‍ പങ്കെടുക്കാനായി എത്തിച്ചേര്‍ന്നത്. സമരത്തില്‍ പ്രായമോ ആരോഗ്യമോ വകവെക്കാതെ ലക്ഷക്കണക്കിന് പേരാണ് സമരത്തിന്റെ ഭാഗമായത്.
എന്നാല്‍ ബി.ജെ.പി സര്‍ക്കാര്‍ മാറി ശിവസേന സര്‍ക്കാര്‍ ഭരിക്കുന്ന മഹാരാഷ്ട്രയില്‍ ഈ ഉറപ്പുകള്‍ ലംഘിക്കപ്പെടുകയും കര്‍ഷര്‍ വീണ്ടും ബുദ്ധിമുട്ടിലാകുകയും ചെയ്തപ്പോഴാണ് കര്‍ഷകര്‍ വീണ്ടും സമരത്തിലേക്കിറങ്ങിയത്.
കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടയില്‍ മൂന്നാം തവണയാണ് കര്‍ഷകര്‍ പ്രതിഷേധവുമായി എത്തിച്ചേരുന്നത്.
content highlight: Victory for Farmers’ Strike; The Maharashtra government agreed to the demands; Farmers will continue the strike