മെട്രോയും കണ്ണൂര്‍വിമാനത്താവളവും ഉദ്ഘാടനം ചെയ്ത് എല്‍.ഡി.എഫ് തനിക്കാക്കിയതിന്റെ മറ്റൊരു പകര്‍പ്പ്; വിക്ടേഴ്‌സ് ചാനല്‍ വിവാദത്തില്‍ വി.എസിന് മറുപടിയുമായി ഉമ്മന്‍ചാണ്ടി
Kerala News
മെട്രോയും കണ്ണൂര്‍വിമാനത്താവളവും ഉദ്ഘാടനം ചെയ്ത് എല്‍.ഡി.എഫ് തനിക്കാക്കിയതിന്റെ മറ്റൊരു പകര്‍പ്പ്; വിക്ടേഴ്‌സ് ചാനല്‍ വിവാദത്തില്‍ വി.എസിന് മറുപടിയുമായി ഉമ്മന്‍ചാണ്ടി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 2nd June 2020, 6:47 pm

തിരുവനന്തപുരംവിക്ടേഴ്സ് ചാനല്‍ ആരുടെ സംഭാവനയെന്ന കാര്യത്തില്‍ പുതിയ വാക്പോര് തുടരുന്നു. മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ഉമ്മന്‍ചാണ്ടിയെ വിമര്‍ശിച്ച മുന്‍ മുഖ്യമന്ത്രി വി.എസ് അച്ചുതാനന്ദന് മറുപടിയുമായി ഉമ്മന്‍ചാണ്ടി വീണ്ടും രംഗത്ത് എത്തി.

വിക്ടേഴ്‌സ് ചാനലിന് രണ്ട് ഘട്ടമുണ്ട്, ആദ്യത്തേത് ഉദ്ഘാടനം ചെയ്തത് യു.ഡി.എഫ് സര്‍ക്കാരാണെന്ന് എല്ലാവരും അംഗീകരിച്ച കാര്യമാണെന്നും രണ്ടാംഘട്ടത്തിലെ പണികളെല്ലാം പൂര്‍ത്തിയാക്കിയതും യു.ഡി.എഫാണെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.

എല്ലാ നടപടിക്രമങ്ങളും യു.ഡി.എഫ് പൂര്‍ത്തിയാക്കി ഉദ്ഘാടനത്തിനു കാത്തിരുന്ന വിക്ടേഴ്സിന്റെ അടുത്ത ഘട്ടമാണ് വി.എസ് ഉദ്ഘാടനം ചെയ്തതെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.

പണ്ട് കമ്പ്യൂട്ടര്‍ വല്‍ക്കരണത്തിനെതിരെ ചിന്ത വാരിക പ്രസിദ്ധീകരിച്ച പുസ്തകത്തെപ്പറ്റിയും ഉമ്മന്‍ ചാണ്ടി ഓര്‍മ്മിപ്പിക്കുന്നുണ്ട്. ഐ.ടി അധിഷ്ഠിത സാങ്കേതികവിദ്യയ്ക്കെതിരേ ഉറഞ്ഞുതുള്ളിയശേഷം വിക്ടേഴ്സ് ചാനലിനെ വെട്ടിനിരത്തിയില്ല എന്നതില്‍ തീര്‍ച്ചയായും എല്‍.ഡി.എഫ് സര്‍ക്കാരിന് അഭിമാനിക്കാമെന്നും ഉമ്മന്‍ചാണ്ടി പരിഹസിച്ചു.

നേരത്തെ വിക്ടേഴ്സ് ചാനല്‍ യു.ഡി.എഫ് സര്‍ക്കാരിന്റെ സംഭാവനയാണെന്ന് അവകാശപ്പെട്ട് ഉമ്മന്‍ചാണ്ടി രംഗത്തെത്തിയിരുന്നു. ഇതിന് മറുപടിയുമായി വി.എസും എത്തിയിരുന്നു.

ഐ.ടി അറ്റ് സ്‌കൂള്‍ എന്ന് ആശയത്തിന് ചുക്കാന്‍ പിടിച്ചത് ഇ.കെ നായനാര്‍ നേതൃത്വം നല്‍കിയ എല്‍.ഡി.എഫ് സര്‍ക്കാരാണെന്നായിരുന്നു വി.എസിന്റെ മറുപടി.

ഉമ്മന്‍ചാണ്ടിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം;

വിക്ടേഴ്സ് ചാനലുമായി ബന്ധപ്പെട്ട് മുന്‍ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദര്‍ ഫേസ് ബുക്കില്‍ എഴുതിയ കുറിപ്പ് വായിക്കാനിടയായി. വിക്ടേഴ്സ് ചാനല്‍ ആരു തുടങ്ങി എന്നതു സംബന്ധിച്ചാണല്ലോ തര്‍ക്കം.

ഇതു സംബന്ധിച്ച ഏറ്റവും ആധികാരികമായി പറയാന്‍ കഴിയുന്നത് വിക്ടേഴ്സ് ചാനല്‍ ഉള്‍പ്പെടെയുള്ള ഐടി സാങ്കേതികവിദ്യാഭ്യാസത്തിന്റെ നടത്തിപ്പുകാരായ Kerala Infrasructure and Technology for Education (KITE) ന് ആണല്ലോ. അവര്‍ വ്യക്തമായി പറയുന്നൂ, വിക്ടേഴ്സ് ഉദ്ഘാടനം ചെയ്തത് 2005 ജൂലൈ 28ന് രാഷ്ട്രപതി എപിജെ അബ്ദുള്‍ കലാം ആണെന്ന്. അതാണു ഞാനും നേരത്തെ ചൂണ്ടിക്കാട്ടിയത്. അന്ന് എല്ലാ മാധ്യമങ്ങളും ഇത് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. അതില്‍ ഇനി തര്‍ക്കമില്ല.

Kite ല്‍ പറയുന്ന മറ്റൊരു കാര്യം വിക്ടേഴ്സ് ചാനലിന് രണ്ടു ഭാഗങ്ങളുണ്ട് എന്നാണ്. ആദ്യത്തേത് രാഷ്ട്രപതി ഉദ്ഘാടനം ചെയ്ത ഇന്‍ര്‍ ആക്ടീവ് മോഡും രണ്ടാമത്തേത് വി.എസ് മുഖ്യമന്ത്രിയായി രണ്ടര മാസം കഴിഞ്ഞ് ഉദ്ഘാടനം ചെയ്ത നോണ്‍ ഇന്റര്‍ ആക്ടീവ് മോഡും.

ഇന്റര്‍ ആക്ടീവ് മോഡില്‍ പരിമിതമായ തോതിലാണ് വിക്ടേഴ്സ പ്രവര്‍ത്തിച്ചിരുന്നത് എന്നത് യാഥാര്‍ത്ഥ്യമാണ്. എന്നാല്‍ അതിനെ നോണ്‍ ഇന്റര്‍ ആക്ടീവ് മോഡിലാക്കി 1000 സ്‌കൂളുകളില്‍ എത്തിക്കാനുള്ള നടപടി യു.ഡി.എഫാണ് സ്വീകരിച്ചത്. കേന്ദ്രാനുമതി ലഭ്യമാക്കുക, ബാന്‍ഡ് വിഡ്ത്ത് കൂട്ടുക, ആന്റിനകളും സെറ്റപ്പ് ബോക്സുകളും ലഭ്യമാക്കുക തുടങ്ങിയ സന്നാഹങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ 2006 മാര്‍ച്ച് ഒന്നിന് തെരഞ്ഞെടുപ്പ് പ്രഖ്യാപനം വന്നു. എല്ലാ നടപടിക്രമങ്ങളും യുഡിഎഫ് പൂര്‍ത്തിയാക്കി ഉദ്ഘാടനത്തിനു കാത്തിരുന്ന വിക്ടേഴ്സിന്റെ അടുത്ത ഘട്ടമാണ് വിഎസ് ഉദ്ഘാടനം ചെയ്തത്.

2006 മെയ് 18ന് ഇടതു സര്‍ക്കാര്‍ അധികാരത്തിലേറുകയും 2006 ഓഗസ്റ്റ് 3ന് വിക്ടേഴ്സ് ചാനലിന്റെ നോണ്‍ ഇന്റര്‍ ആക്ടീവ് മോഡ് വിഎസ് ഉദ്ഘാടനം ചെയ്യുകയുമാണ് ഉണ്ടായത്. വെറും രണ്ടരമാസത്തിനുള്ളില്‍ വിക്ടേഴ്സ് ചാനലിനെ വലിയ സന്നാഹമുള്ള നോണ്‍ ഇന്റര്‍ആക്ടീവ് മോഡിലാക്കാനുള്ള എന്തു മാന്ത്രികവടിയാണ് വിഎസിന്റെ കയ്യില്‍ ഉണ്ടായിരുന്നതെന്നു വെളിപ്പെടുത്താമോ?

ഐടി അധിഷ്ഠിത സാങ്കേതികവിദ്യയ്ക്കെതിരേ ഉറഞ്ഞുതുള്ളിയശേഷം വിക്ടേഴ്സ് ചാനലിനെ വെട്ടിനിരത്തിയില്ല എന്നതില്‍ തീര്‍ച്ചയായും എല്‍ഡിഎഫ് സര്‍ക്കാരിന് അഭിമാനിക്കാം. ‘തൊഴില്‍ തിന്നുന്ന ബകന്‍’ എന്ന പേരില്‍ കമ്പ്യൂട്ടര്‍വത്കരണത്തിനെതിരേ ചിന്ത വാരിക പ്രസിദ്ധീകരിച്ച പുസ്തകം ഇപ്പോഴും ഇടതുപക്ഷക്കാരുടെ കയ്യില്‍ കാണുമല്ലോ.

യു.ഡി.എഫ് പൂര്‍ത്തിയാക്കിയ കൊച്ചി മെട്രോയും കണ്ണൂര്‍വിമാനത്താവളവും മറ്റും ഉദ്ഘാടനം ചെയ്ത് എല്‍.ഡി.എഫ് തനിക്കാക്കിയതിന്റെ മറ്റൊരു പകര്‍പ്പായി മാത്രമേ വിക്ടേഴ്സ് ചാനല്‍ സംബന്ധിച്ച് വി.എസിന്റെ നിലപാടിനെയും കാണുന്നുള്ളു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ