| Friday, 29th September 2023, 11:33 am

മറഡോണയുടെ പിന്‍മുറക്കാരന്‍ ബാഴ്‌സയിലേക്ക്? നാപ്പോളിയെ കിരീടം ചൂടിച്ചവന്റെ വാക്കുകള്‍ വീണ്ടും ചര്‍ച്ചയാകുന്നു

സ്പോര്‍ട്സ് ഡെസ്‌ക്

ഇറ്റാലിയന്‍ ചാമ്പ്യന്‍മാരായ നാപ്പോളിയില്‍ നിന്നും വിക്ടര്‍ ഒസിമെന്‍ പടിയിറങ്ങിയേക്കുമെന്ന റിപ്പോര്‍ട്ടുകള്‍ ശക്തമാകുന്നതിനിടെ താരത്തിന്റെ പഴയ വാക്കുകള്‍ വീണ്ടും ചര്‍ച്ചയാകുന്നു. സാമുവല്‍ ഏറ്റുവുണ്ടായിരിക്കുമ്പോള്‍ ബാഴ്‌സയായിരുന്നു തന്റെ പ്രിയപ്പെട്ട ടീം എന്ന ഒസിമന്റെ വാക്കുകളാണ് വീണ്ടും ചര്‍ച്ചയാകുന്നത്.

ടിക്‌ടോക്കില്‍ വംശീയ ഉള്ളടക്കം പങ്കുവെച്ചതിന് പിന്നാലെ ഒസിമെന്‍ ക്ലബ്ബിനെതിരെ നിയമനടപടിക്കൊരുങ്ങുകയാണെന്ന വാര്‍ത്തകള്‍ക്ക് അദ്ദേഹത്തിന്റെ ഏജന്റ് സ്ഥിരീകരിച്ചിരുന്നു. ഇതിന്റെ പശ്ചാതലത്തില്‍ കൂടിയാണ് അദ്ദേഹത്തിന്റെ പഴയ വാക്കുകള്‍ വീണ്ടും ചര്‍ച്ചയാകുന്നത്.

സ്‌പോര്‍ട്ടാണ് അദ്ദേഹത്തിന്റെ വാക്കുകള്‍ വീണ്ടും പുറത്തുവിട്ടിരിക്കുന്നത്.

ബാഴ്‌സലോണയടക്കമുള്ള നിരവധി ക്ലബ്ബുകള്‍ ഒസിമെനെ ടീമിലെത്തിക്കാന്‍ ശ്രമിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. സൂപ്പര്‍ താരം റോബര്‍ട്ട് ലെവന്‍ഡോസ്‌കിക്ക് പകരക്കാരനായാണ് ബാഴ്‌സ ഒസിമനെ കാണുന്നത്.

‘സാമുവല്‍ ഏറ്റുവുള്ളതുകൊണ്ട് ചെറുപ്പത്തില്‍ ബാഴ്‌സലോണയായിരുന്നു എന്റെ ഏറ്റവും പ്രിയപ്പെട്ട ടീം. ഇപ്പോഴും ബാഴ്‌സ തന്നെയാണ് എന്റെ പ്രിയപ്പെട്ട ടീം,’ എന്നായിരുന്നു ഒസിമെന്‍ പറഞ്ഞത്.

2020 താരം പുതിയ ക്ലബ്ബ് തെരഞ്ഞെടുക്കുമ്പോള്‍ ബാഴ്‌സയിലേക്ക് ചേക്കേറണമെന്ന മുന്‍ കറ്റാലന്‍ ഡിഫന്‍ഡര്‍ ബെംഗ ഒകുനോവയുടെ വാക്കുകളും ഇതോടൊപ്പം ചര്‍ച്ചയാകുന്നുണ്ട്.

‘ബാഴ്‌സയില്‍ എല്ലാ താരങ്ങള്‍ക്കും അവസരം ലഭിക്കുന്നുണ്ട്. ടീമിലെത്തുകയാണെങ്കില്‍ അവരുടെ സംവിധാനങ്ങളുമായി പൊരുത്തപ്പെടാന്‍ കറ്റാലന്‍മാര്‍ ഒസിമനെ അനുവദിക്കുമെന്നുറപ്പാണ്. ബാഴ്‌സയിലെത്തുമ്പോള്‍ ഞാന്‍ വളരെ ചെറുപ്പമായിരുന്നു. എന്നാല്‍ അവരുടെ നിര്‍ദേശങ്ങള്‍ അനുസരിച്ചതിനാല്‍ എനിക്കെളുപ്പം ഒത്തുപോകാന്‍ സാധിച്ചു. ബാഴ്‌സയില്‍ സമ്മര്‍ദമുണ്ട്, പക്ഷേ അത് കൈകാര്യം ചെയ്യാന്‍ എനിക്കായി.

അവരാഗ്രഹിക്കുന്ന ഏത് താരത്തെയും സ്വന്തമാക്കാന്‍ ബാഴ്‌സക്ക് സാധിക്കും. ഒരു താരത്തെ ടീമിലെത്തിക്കുന്നതിന് മുമ്പ് അവര്‍ എല്ലാ റിസേര്‍ച്ചുകളും ചെയ്യുന്നു. സിമനെ സംബന്ധിച്ച് ബാഴ്‌സ വളരെ നല്ല ഓപ്ഷനാണ്.

അവന് ലോകോത്തര താരങ്ങളുമായി കളിക്കാനുള്ള അവസരമൊരുങ്ങും. അതുവഴി അവന്റെ കളിയും മെച്ചപ്പെടും. മാഞ്ചസ്റ്റര്‍ യുണൈറ്റഡിലോ ചെല്‍സിയിലോ ലിവര്‍പൂളിലോ ചേരുന്നതിനേക്കാള്‍ എത്രയോ നല്ലതാണ് ബാഴ്‌സയുമായി കരാറൊപ്പിടുന്നത്,’ അദ്ദേഹം പറഞ്ഞു.

ഈ സമ്മറില്‍ പി.എസ്.ജിയും ചെല്‍സിയും ഒസിമന് പിന്നാലെയുണ്ടായിരുന്നു. എന്നാല്‍ 200 മില്യണ്‍ എന്ന നാപ്പോളിയുടെ ഓഫറില്‍ അവര്‍ പിന്മാറുകയായിരുന്നു. 200 മില്യണ്‍ നല്‍കാന്‍ അല്‍ ഹിലാല്‍ തയ്യാറായി വന്നെങ്കിലും സീരി എ ചാമ്പ്യന്‍മാര്‍ അതിനോട് മുഖം തിരിക്കുകയായിരുന്നു.

നിലവില്‍ സീരി എ പോയിന്റ് പട്ടികില്‍ അഞ്ചാം സ്ഥാനത്താണ് നാപ്പോളി. ആറ് മത്സരത്തില്‍ നിന്നും മൂന്ന് ജയവും രണ്ട് സമനിലയും ഒരു തോല്‍വിയുമായി 11 പോയിന്റാണ് നാപ്പോളിക്കുള്ളത്. 15 പോയിന്റുമായി ഇന്ററാണ് ഒന്നാമത്.

സെപ്റ്റംബര്‍ 30നാണ് നാപ്പോളിയുടെ അടുത്ത മത്സരം. ലീസാണ് എതിരാളികള്‍.

Content highlight: Victor Osimhen’s words resurfaces again

Latest Stories

We use cookies to give you the best possible experience. Learn more