ഹാലണ്ടല്ല, അവനാണ് മെസിയുടെ പിന്‍ഗാമി; അഭിപ്രായം പങ്കുവെച്ച് ഏജന്റ്
Football
ഹാലണ്ടല്ല, അവനാണ് മെസിയുടെ പിന്‍ഗാമി; അഭിപ്രായം പങ്കുവെച്ച് ഏജന്റ്
സ്പോര്‍ട്സ് ഡെസ്‌ക്
Monday, 8th May 2023, 3:33 pm

ഫുട്‌ബോളിലെ ഇതിഹാസ താരങ്ങളിലൊരാളാണ് മെസി. കരിയറില്‍ ഒരു ഫുട്‌ബോളര്‍ക്ക് നേടാനാകുന്ന എല്ലാ ടൈറ്റിലുകളും താരം പേരിലാക്കിക്കഴിഞ്ഞു.
യുവ കളിക്കാരില്‍ മെസിയുടെ പിന്‍ഗാമിയായി കണക്കാക്കാന്‍ സാധിക്കുന്ന താരങ്ങളുടെ എണ്ണം തുച്ഛമാണെന്നതാണ് ഫുട്‌ബോള്‍ ലോകത്തില്‍ മെസിയുടെ പ്രസക്തി.

നോര്‍വീജിയന്‍ താരമായ എര്‍ലിങ് ഹാലണ്ടും ഫ്രഞ്ച് യുവ സൂപ്പര്‍ താരമായ എംബാപ്പെയുമൊക്കെ മെസിയുടെ പിന്‍ഗാമികളാണ് എന്ന തരത്തിലുള്ള ചര്‍ച്ചകള്‍ ആരാധകര്‍ക്കിടയില്‍ സജീവമാണ്.

എന്നാല്‍ ഹാലണ്ടല്ല ഇറ്റാലിയന്‍ ക്ലബ്ബായ നാപ്പോളിയുടെ നൈജീരിയന്‍ യുവതാരമായ വിക്ടര്‍ ഒസിമെനാണ് മെസിയുടെ പിന്‍ഗാമിയും താരത്തിന് പറ്റിയ പകരക്കാരനുമെന്ന് അഭിപ്രായപ്പെട്ട് രംഗത്തെത്തിയിരിക്കുകയാണ് താരത്തിന്റെ ഏജന്റായ ആന്‍ഡ്രിയെ ഡി അമീക്കോ. റേഡിയോ 24ന് നല്‍കിയ അഭിമുഖത്തിലായിരുന്നു അമീക്കോ ഒസിമെന്റെ കളി മികവിനെയും കളിക്കളത്തില്‍ മെസിയോടുള്ള സാമ്യതയെക്കുറിച്ചും സംസാരിച്ചത്.

‘നിലവില്‍ ഒസിമെനാണ് ലോക ഫുട്‌ബോളിലെ ഏറ്റവും മികച്ച സ്‌ട്രൈക്കര്‍. തീര്‍ച്ചയായും അദ്ദേഹം ഹാലണ്ടിനേക്കാളും മികച്ച താരമാണ്. ഒസിമെന് കൂടുതല്‍ ഓപ്ഷനുകള്‍ കളിക്കാനായി ലഭിക്കാറില്ല. ഇംഗ്ലീഷ് ക്ലബ്ബുകളും പി.എസ്.ജിയുമൊന്നും തങ്ങളുടെ കണ്‍മുന്നിലുള്ള താരത്തെ കാണുന്നില്ല എന്നതാണ് യാഥാര്‍ത്ഥ്യം.

എന്റെ അഭിപ്രായത്തില്‍ മെസി മിയാമിയിലേക്ക് പോകാന്‍ സാധ്യതയുണ്ട്. പക്ഷെ അത് എന്റെയൊരു ഊഹം മാത്രമാണ്,’ ആന്‍ഡ്രിയെ ഡി അമീക്കോ പറഞ്ഞു. ഒസിമെന്‍ മെസിയുടെ പിന്‍ഗാമിയാകാന്‍ പറ്റിയ താരമാണെന്ന് കൂടി അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം, മെസിയുടെ ഒസിമെനെ എത്തിക്കാന്‍ പി.എസ്.ജി പദ്ധതിയിട്ടിരിക്കുകയാണെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ട്. യൂറോപ്പിലെ മുന്‍ നിര സ്ട്രൈക്കര്‍മാരിലൊരാളായ ഒസിമെന്‍ ഈ സീസണില്‍ ഇതുവരെ കളിച്ച 33 മത്സരങ്ങളില്‍ നിന്ന് 26 ഗോളും അഞ്ച് അസിസ്റ്റുകളും അക്കൗണ്ടിലാക്കിയിട്ടുണ്ട്.

മെസിയുടെ വിടവാങ്ങലോടെ കിലിയന്‍ എംബാപ്പെക്കൊപ്പം അറ്റാക്കിങ് നിര ശക്തിപ്പെടുത്താന്‍ പി.എസ്.ജി ഒസിമെനെ എത്തിക്കുമെന്ന് സ്പാനിഷ് മാധ്യമമായ എല്‍ നാഷണലാണ് റിപ്പോര്‍ട്ട് ചെയ്തത്.

നൂറ് മില്യണ്‍ യൂറോയുടെ ഓഫറാണ് അല്‍ ഖലൈഫി ഒസിമെന് മുന്നില്‍ വെച്ചിരിക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. പി.എസ്.ജിക്ക് പുറമെ പ്രീമിയര്‍ ലീഗ് വമ്പന്‍മാരായ മാഞ്ചസ്റ്റര്‍ യുണൈറ്റഡും ഒസിമെനെ സ്വന്തമാക്കാന്‍ രംഗത്തുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

Content Highlights: Victor Osimhen is similar to Lionel Messi in the pitch, says his agent