| Sunday, 29th September 2024, 11:22 am

മെസിയും റൊണാൾഡോയുമല്ല, ഫുട്ബോളിലെ യഥാർത്ഥ ഗോട്ട് അദ്ദേഹമാണ്: ബയർ ലെവർകൂസൻ താരം

സ്പോര്‍ട്സ് ഡെസ്‌ക്

ഫുട്‌ബോളിലെ ഗോട്ട് ഡിബേറ്റില്‍ തന്റെ അഭിപ്രായം പറഞ്ഞിരിക്കുകയാണ് ജര്‍മന്‍ ക്ലബ്ബ് ബയര്‍ ലെവര്‍കൂസന്റെ നൈജീരിയന്‍ താരം വിക്ടര്‍ ബോണിഫൈസ്. റൊണാള്‍ഡോയെയും മെസിയേയും മറികടന്നുകൊണ്ട് ബ്രസീലിയന്‍ സൂപ്പര്‍താരം നെയ്മറിനെയാണ് നൈജീരിയന്‍ താരം മികച്ച ഫുട്‌ബോളറായി തെരഞ്ഞെടുത്തത്. സ്പോര്‍ട്ടി ടി.വിയിലൂടെ സംസാരിക്കുകയായിരുന്നു ബയര്‍ ലെവര്‍കൂസന്‍ താരം.

‘നെയ്മര്‍ ഫുട്‌ബോളിലെ എന്റെ ആരാധനാപാത്രമാണ്. റൊണാള്‍ഡോയും മെസിയും വ്യത്യസ്തമായ പ്ലാനെറ്റുകളില്‍ നിന്നുള്ളവരാണ്. എന്നാല്‍ ഇവിടെ എന്റെ ഗോട്ട് നെയ്മറാണ്,’ ബോണിഫൈസ് പറഞ്ഞു.

നെയ്മര്‍ ഇപ്പോള്‍ ഫുട്‌ബോളിലേക്ക് തിരിച്ചുവരാന്‍ തയ്യാറെടുത്തുകൊണ്ടിരിക്കുകയാണ്. കഴിഞ്ഞ വര്‍ഷം നടന്ന 2026 ലോകകപ്പ് യോഗ്യത മത്സരത്തിലായിരുന്നു നെയ്മറിന് പരിക്ക് പറ്റിയത്. ഇതിന് പിന്നാലെ താരം ശസ്ത്രക്രിയയ്ക്ക് വിധേയനാവുകയും പിന്നീട് ഫുട്ബോളില്‍ നിന്നും നീണ്ട കാലത്തേക്ക് പുറത്താവുകയുമായിരുന്നു.

2023ല്‍ ഫ്രഞ്ച് വമ്പന്‍മാരായ പാരീസ് സെയ്ന്റ് ജെര്‍മെയ്നില്‍ നിന്നുമാണ് നെയ്മര്‍ സൗദി പ്രോ ലീഗ് ക്ലബ്ബായ അല്‍ ഹിലാലിലേക്ക് ചേക്കേറിയത്. എന്നാല്‍ അല്‍ ഹിലാലിനായി അഞ്ച് മത്സരങ്ങളില്‍ മാത്രമേ ബ്രസീലിയന്‍ സൂപ്പര്‍താരത്തിന് കളത്തിലിറങ്ങാന്‍ സാധിച്ചുള്ളൂ. ഒരു ഗോളും രണ്ട് അസിസ്റ്റുകളുമാണ് സൗദി വമ്പന്‍മാര്‍ക്ക് വേണ്ടി നെയ്മര്‍ നേടിയത്.

നിലവില്‍ എ.എഫ്.സി ചാമ്പ്യന്‍സ് ലീഗിനുള്ള അല്‍ ഹിലാല്‍ ടീമില്‍ നെയ്മറെ ഉള്‍പ്പെടുത്തിയെന്നാണ് റിപ്പോര്‍ട്ടുകള്‍. അല്‍ റിയാദിയയില്‍ നിന്നുള്ള റിപ്പോര്‍ട്ട് പ്രകാരം എ.എഫ്.സി ചാമ്പ്യന്‍സ് ലീഗിനുള്ള അല്‍ ഹിലാലിന്റെ 31 അംഗ സ്‌ക്വാഡില്‍ നെയ്മറെ രജിസ്റ്റര്‍ ചെയ്തുവെന്നാണ് പറയുന്നത്.

നെയ്മറിന്റെ അഭാവത്തിലും അല്‍ ഹിലാല്‍ മികച്ച പ്രകടനമായിരുന്നു നടത്തിയിരുന്നത്. കഴിഞ്ഞ സീസണിലെ സൗദി ചാമ്പ്യന്‍മാരാവാന്‍ അല്‍ ഹിലാലിന് സാധിച്ചിരുന്നു. പുതിയ സീസണ്‍ തുടങ്ങുന്നതിന് മുന്നോടിയായി നടന്ന സൗദി സൂപ്പര്‍ കപ്പും അല്‍ ഹിലാല്‍ സ്വന്തമാക്കിയിരുന്നു.

അതേസമയം ബോണിഫൈസ് നിലവില്‍ ബയര്‍ ലെവര്‍കൂസന്റെ മുന്നേറ്റനിരയിലെ പ്രധാനപ്പെട്ട താരമാണ്. ബുണ്ടസ് ലീഗയില്‍ ഈ സീസണില്‍ അഞ്ച് മത്സരങ്ങളില്‍ നിന്നും മൂന്ന് ഗോളുകളും ഒരു അസിസ്റ്റും നേടിക്കൊണ്ട് മിന്നും ഫോമിലാണ് ബോണിഫൈസ്.

കഴിഞ്ഞ സീസണില്‍ ബയര്‍ ലെവര്‍കൂസനെ ബുണ്ടസ് ലീഗ കിരീടത്തിലേക്ക് നയിക്കുന്നതില്‍ നിര്‍ണായകമായ പങ്കായിരുന്നു നൈജീരിയന്‍ താരം നടത്തിയത്. കഴിഞ്ഞ സീസണില്‍ 23 മത്സരങ്ങളില്‍ നിന്നും 14 ഗോളുകളും എട്ട് അസിസ്റ്റുകളുമാണ് താരം നേടിയത്.

Content Highlight: Victor Bomifice Talks About Neymar

We use cookies to give you the best possible experience. Learn more