| Thursday, 31st January 2019, 11:50 pm

ബജറ്റിലെ 20 കോടി രൂപ മരുന്നിനു പോലും തികയില്ല; അധികാരികളുടെ കണ്ണ് തുറക്കും വരെ പട്ടിണി സമരമെന്ന് എന്‍ഡോസള്‍ഫാന്‍ ദുരന്തബാധിതര്‍

ജംഷീന മുല്ലപ്പാട്ട്

തിരുവനന്തപുരം: ബജറ്റ് പ്രഖ്യാപനത്തില്‍ 20 കോടി രൂപയാണ് ധനമന്ത്രി തോമസ് ഐസക് എന്‍ഡോസള്‍ഫാന്‍ ദുരന്തബാധിതര്‍ക്കായി പ്രഖ്യാപിച്ചത്. കഴിഞ്ഞ ബജറ്റില്‍ 50 കോടി രൂപയായിരുന്നു വകയിരുത്തിയിരുന്നത്. എന്നാല്‍ ഇത് പ്രഖ്യാപനം മാത്രമായൊതുങ്ങുകയാണെന്നും കഴിഞ്ഞ ബജറ്റില്‍ പ്രഖ്യാപിച്ച തുക അര്‍ഹരായവര്‍ക്ക് ലഭിച്ചില്ലെന്നും സമരക്കാര്‍ പറയുന്നു.

എന്‍ഡോസള്‍ഫാന്‍ ദുരന്തബാധിതരായ അമ്മമാരും കുഞ്ഞുങ്ങളും നടത്തുന്ന അനിശ്ചിതകാല പട്ടിണി സമരം സെക്രട്ടേറിയറ്റ് പടിക്കല്‍ ആരംഭിച്ചിരിക്കുകയാണ്. സമരത്തിന്റെ രണ്ടാം ദിവസമാണ് ധനമന്ത്രിയുടെ 20 കോടിയുടെ പ്രഖ്യാപനം വന്നിട്ടുള്ളത്. എന്നാല്‍ കഴിഞ്ഞ ബജറ്റില്‍ പ്രഖ്യാപിച്ച അമ്പതുകോടി രൂപയില്‍ എത്ര കോടി രൂപ ദുരിത ബാധി്തര്‍ക്കു വേണ്ടി ചെലവാക്കി എന്നാണ് സമരക്കാര്‍ ചോദിക്കുന്നത്. ആ തുക എന്തിനു വേണ്ടി ചെലവാക്കിയെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണമെന്നും സമരത്തിലുള്ള അമ്മമാര്‍ പറയുന്നു.

എന്‍ഡോസള്‍ഫാന്‍ ദുരന്തബാധിതരായ എട്ടു കുട്ടികളും അവരുടെ രക്ഷിതാക്കളും അടക്കം മുപ്പതംഗ സംഘമാണ് സെക്രട്ടേറിയറ്റിനു മുന്നില്‍ സമരം നടത്തുന്നത്. സര്‍ക്കാര്‍ പുറപ്പെടുവിച്ച ഉത്തരവുകളും സുപ്രീം കോടതി വിധിയും നടപ്പിലാക്കാതായതോടെയാണ് എന്‍ഡോസള്‍ഫാന്‍ ദുരന്തബാധിതര്‍ വീണ്ടും സമരം തുടങ്ങിയത്. ഒരു വര്‍ഷം മുമ്പ് ഇതുപോലെ ദുരന്തബാധിതര്‍ സെക്രട്ടേറിയറ്റിനു മുന്നില്‍ സമരം ചെയ്തിരുന്നു. അന്ന് സര്‍ക്കാര്‍ നല്‍കിയ വാഗ്ദാനങ്ങള്‍ പൂര്‍ണമായും നടപ്പിലാക്കിയിട്ടില്ല. അധികാരികളുടെ കണ്ണ് തുറക്കും വരെ പട്ടിണി സമരമെന്നാണ് സമരസമിതിയുടെ നിലപാട്.

“എന്‍ഡോസള്‍ഫാന്‍ ദുരന്തബാധിതരുടെ ചികിത്സാ ചെലവിനായി പരിയാരം മെഡിക്കല്‍ കോളെജിനും മംഗലാപുരം കെ.എം.സി മെഡിക്കല്‍ കോളെജിനും കൊടുക്കാനുള്ള തുക കഴിഞ്ഞ ഡിസംബര്‍ വരെ നല്‍കിയിട്ടില്ല. ഫണ്ട് ഇല്ലാത്തതുകൊണ്ടാണ് കൊടുക്കാത്തത് എന്നാണ് സര്‍ക്കാര്‍ പറയുന്നത്. എന്നിട്ടും 161 കോടി രൂപ ചെലവാക്കിയിട്ടുണ്ട് എന്ന് റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരന്‍ പറയുന്നു. അങ്ങനെയെങ്കില്‍ ഈ തുക എന്തിനു ചെലവാക്കിയെന്നും എത്ര ചെലവാക്കിയെന്നും സര്‍ക്കാര്‍ വ്യക്തമാക്കണം”- സമരക്കാര്‍ പറയുന്നു. ഈ ബജറ്റില്‍ വകയിരുത്തിയിരിക്കുന്ന ഇരുപത് കോടി രൂപ മെഡിക്കല്‍ ലിസ്റ്റില്‍ ഉള്‍പ്പെട്ട രോഗികളുടെ മരുന്നിനു പോലും മതിയാകില്ലെന്നും ദുരന്തബാധിതരായ കുട്ടികളുടെ അമ്മമാര്‍ ഡൂള്‍ന്യൂസിനോട് പറഞ്ഞു.

രോഗബാധിതരായ മുഴുവന്‍ പേരേയും മെഡിക്കല്‍ ലിസ്റ്റില്‍ ഉള്‍പ്പെടുത്തുക, ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ 2010ല്‍ എട്ട് ആഴ്ചകൊണ്ട് നല്‍കണമെന്ന് നിര്‍ദേശിച്ച അടിയന്തിര സഹായം എത്രയും പെട്ടെന്ന് നല്‍കുക, എന്‍ഡോസള്‍ഫാന്‍ ദുരന്തബാധിതര്‍ക്ക് 5 ലക്ഷം നഷ്ടപരിഹാരം നല്‍കണമെന്ന 2017 ജനുവരി 10ലെ സുപ്രീം കോടതി വിധി നടപ്പിലാക്കുക, ദുരന്തബാധിതരുടെ പുനരധിവാസം ശാസ്ത്രീയമായി നടപ്പിലാക്കുക, കാസര്‍ഗോഡ് മെഡിക്കല്‍ കോളെജ് എത്രയും വേഗം പൂര്‍ത്തീകരിക്കുക, ദുരന്തബാധിതരുടെ കടങ്ങള്‍ എഴുതിത്തള്ളുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ടാണ് എന്‍ഡോസള്‍ഫാന്‍ ദുരന്തബാധിതരായ അമ്മമാരും കുഞ്ഞുങ്ങളും അനിശ്ചിതകാല പട്ടിണി സമരം നടത്തുന്നത്. ദുരിത ബാധിതര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് സാമൂഹ്യ പ്രവര്‍ത്തക ദയാബായിയും സമരത്തില്‍ പങ്കെടുക്കുന്നുണ്ട്.

“2017ല്‍ കാസര്‍കോട് വെച്ച് നടത്തിയ മെഡിക്കല്‍ ക്യാമ്പില്‍ കണ്ടെത്തിയ 1905 രോഗ ബാധിതരെ 287 പേര്‍ മാത്രമാക്കി ചുരുക്കിയത് എന്തിനാണ്?. ബാക്കിയുള്ളവരെ ലിസ്റ്റില്‍ ഉള്‍പ്പെടുത്തി ചികിത്സ അടക്കമുള്ള ആനുകൂല്യങ്ങള്‍ നല്‍കണം. സുപ്രീം കോടതി 2015 ജനുവരി പത്താം തിയ്യതി പ്രഖ്യാപിച്ച വിധി അനുസരിച്ച് ദുരന്തബാധിതരായ എല്ലാവര്‍ക്കും അഞ്ചു ലക്ഷം രൂപ വീതം നല്‍കണം. ആജീവനാന്ത ചികിത്സ കൊടുക്കണം. എന്നാല്‍ സര്‍ക്കാരിന്റെ കണക്ക് അനുസരിച്ച് 6212 പേരാണ് പട്ടികയിലുള്ളത്.

ഇതില്‍ ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ നിര്‍ദേശ പ്രകാരം 1350 പേര്‍ക്ക് 5 ലക്ഷവും 1315 പേര്‍ക്ക് മൂന്നു ലക്ഷവും ലഭിച്ചു. എന്നാല്‍ പകുതിയില്‍ കൂടുതല്‍ ആളുകള്‍ക്കും യാതൊരു ധനസഹായവും ലഭിച്ചിട്ടില്ല. മുഴുവന്‍ പേര്‍ക്കും സുപ്രീം കോടതി വിധി അനുസരിച്ച് സാമ്പത്തിക സഹായം നല്‍കേണ്ടതാണ്. ദുരന്ത ബാധിതരായ കുട്ടികള്‍ക്ക് വേണ്ടി കാസര്‍കോട് ഏഴ് ബഡ്‌സ് സ്‌കൂളുകള്‍ ആയിരുന്നു നിലവില്‍ വന്നത്. ഇതില്‍ ആറ് ബഡ്‌സ് സ്‌കൂളുകള്‍ക്ക് അഞ്ചു വര്‍ഷം മുമ്പ് തന്നെ നബാഡിന്റെ ഒന്നര കോടിയോളം രൂപയുടെ സഹായം ലഭിച്ചിരുന്നു. എന്നാല്‍ ഒറ്റ ബഡ്‌സ് സ്‌കൂള്‍ മാത്രമാണ് കെട്ടിടം പണി പൂര്‍ത്തിയാക്കി പ്രവര്‍ത്തനം ആരംഭിച്ചത്.

ചികിത്സയ്ക്കു് വേണ്ടി കടമെടുത്തവരുണ്ട്. കടം അടക്കാന്‍ കഴിയാതെ ആത്മഹത്യ ചെയ്തവരുണ്ട്. അവരുടെ മുഴുവന്‍ കടങ്ങളും എഴുതി തള്ളണം എന്നാണ് മറ്റൊരു ആവശ്യം. നഷ്ടപരിഹാരത്തിനായി ട്രിബ്യൂണല്‍ എന്ന ആവശ്യം ഉന്നയിച്ചുകൊണ്ട് കഴിഞ്ഞ നിയമസഭാ കാലത്ത് അന്നത്തെ എം.എല്‍.എ ആയിരുന്ന ഇപ്പോള്‍ റവന്യൂ മന്ത്രിയായ ചന്ദ്രശേഖരന്‍ നിയമസഭയില്‍ സ്വകാര്യ ബില്ല് അവതരിപ്പിക്കുകയുണ്ടായി. അന്നാല്‍ പിന്നീട് ട്രിബ്യൂണല്‍ നടപ്പിലാക്കുന്നതില്‍ തീരുമാനമൊന്നും ആയില്ല. 2013ല്‍ അന്നത്തെ സര്‍ക്കാര്‍ ദുരിത ബാധിതതര്‍ക്ക് എല്ലാവര്‍ക്കും സൗജന്യ റേഷന്‍ അനുവദിച്ചിരുന്നു. എന്നാല്‍ ഇന്ന് അത് നിലവിലില്ല.

അതുപോലെ കാസര്‍കോട്ടെ പി.സി.കെയുടെ ഗോഡൗണുകളില്‍ ഇന്നും എന്‍ഡോസള്‍ഫാന്‍ സൂക്ഷിച്ചിട്ടുണ്ട്. അത് നീക്കം ചെയ്ത് നിര്‍വീര്യമാക്കുമെന്ന് 2014ല്‍ തന്നെ തീരുമാനിച്ചിരുന്നെങ്കിലും ഇതുവരെ നീക്കം ചെയ്തിട്ടില്ല. കരടുക്ക പഞ്ചായത്തിലെ നഞ്ചംപറമ്പില്‍ അവിടുത്തെ ഒരു കിണറില്‍ എന്‍ഡോസള്‍ഫാന്‍ ഇട്ടു മൂടിയതായി നാട്ടുകാര്‍ സാക്ഷ്യപ്പെടുത്തുന്നു. അത് പരിശോധിക്കണമെന്ന ആവശ്യവും ഇതുവരെ പാലിക്കപ്പെട്ടിട്ടില്ല. മാനസിക വെല്ലുവിളി നേരിടുന്നവര്‍ക്കും കിടപ്പിലായവര്‍ക്കും കൊടുക്കുന്ന പെന്‍ഷന്‍ തുക 2200 രൂപയാണ്. അവര്‍ക്ക് വിഗലാംഗ പെന്‍ഷന്‍ കിട്ടുന്നുണ്ടെങ്കില്‍ അത് കുറച്ചു കൊടുക്കും. 2014ലാണ് ഈ പെന്‍ഷന്‍ തുക അനുവദിച്ചത്. പിന്നീട് പെന്‍ഷന്‍ തുക കൂട്ടാനുള്ള യാതൊരു പദ്ധതിയും കൊണ്ടുവന്നിട്ടില്ല.

ഇത്തരം ഒരു സമരം കാസര്‍കോട്ടെ എന്‍ഡോസള്‍ഫാന്‍ ദുരന്തബാധിതര്‍ നടത്തുന്നത് ഇത് ആദ്യമായല്ല. നിരവധി സമരങ്ങള്‍ ചെയ്തു കഴിഞ്ഞു. 2016ല്‍ യു.ഡി.എഫ് ഭരണകാലത്ത് ഈ ആവശ്യങ്ങള്‍ക്ക് വേണ്ടിയുള്ള അനിശ്ചിതകാല പട്ടിണി സമരം നടത്തിയിരുന്നു. അന്ന് ഈ സമരത്തെ പിന്തുണച്ചവരാണ് ഇന്ന് മന്ത്രിമാരായിരിക്കുന്നത്. ഈ ഒരു സമയത്ത് ഇത്തരം കാര്യങ്ങള്‍ തമസ്‌ക്കരിക്കപ്പെടുന്നു എന്നുള്ളത് റവന്യൂ മന്ത്രി അടക്കമുള്ള ആളുകള്‍ക്ക് ഒട്ടും യോജിച്ചതല്ല. ദയാബായി ഞങ്ങളുടെ സമരപന്തലിലുണ്ട്. അവര്‍ അനിശ്ചിതകാല നിരാഹാരത്തിലാണ്”- സമരസമിതി പ്രവര്‍ത്തകന്‍ അമ്പലത്തറ കുഞ്ഞികൃഷ്ണന്‍ ഡൂള്‍ന്യൂസിനോട് പറഞ്ഞു.

അതേസമയം, എന്‍ഡോസള്‍ഫാന്‍ സമരസമതിയുമായി ചര്‍ച്ച നടത്തുമെന്ന് റവന്യൂ മന്ത്രി അറിയിച്ചിട്ടുണ്ട്. നിയമസഭയില്‍ വെച്ച് ചര്‍ച്ചക്ക് ക്ഷണിച്ചതായി സമരസമിതി പ്രവര്‍ത്തകര്‍ പറഞ്ഞു. അതേസമയം സര്‍ക്കാര്‍ കണക്കിലുള്ള 6212 ദുരിത ബാധിതര്‍ക്കും ധനസഹായമായി ഇതുവരെ 184 കോടി രൂപ ചെലവഴിച്ചെന്ന് റവന്യൂ വകുപ്പ് വാര്‍ത്താക്കുറിപ്പ് ഇറക്കിയിട്ടുണ്ട്. സുപ്രീം കോടതി വിധി പ്രകാരം ധനസഹായത്തിന്റെ മൂന്ന് ഗഡുക്കളും നല്‍കി എന്നും ഈ സാഹചര്യത്തില്‍ എന്‍ഡോസള്‍ഫാന്‍ ദുരന്തബാധിതര്‍ സമരത്തില്‍ നിന്ന് പിന്‍മാറണമെന്നും വാര്‍ത്താ കുറിപ്പില്‍ പറയുന്നുണ്ട്.

ജംഷീന മുല്ലപ്പാട്ട്

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍. മാസ് കമ്മ്യൂണിക്കേഷന്‍സ് ആന്റ് ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം. തേജസ് ദിനപത്രം , ടൂറിസം ന്യൂസ് ലൈവ് എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം

We use cookies to give you the best possible experience. Learn more