ഫാദര്‍ എബ്രഹാം മാത്യുവിനെതിരെ കൂടുതല്‍ പരാതികള്‍; യൂട്യൂബിലൂടെ സ്വഭാവഹത്യ ചെയ്തുവെന്ന് യുവതി
orthodox case
ഫാദര്‍ എബ്രഹാം മാത്യുവിനെതിരെ കൂടുതല്‍ പരാതികള്‍; യൂട്യൂബിലൂടെ സ്വഭാവഹത്യ ചെയ്തുവെന്ന് യുവതി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 19th July 2018, 8:17 pm

തിരുവനന്തപുരം: ഓര്‍ത്തഡോക്‌സ് സഭാ വൈദികനായ ഫാ.എബ്രഹാം മാത്യുവിനെതിരെ കൂടുതല്‍ പരാതികള്‍.

ബലാത്സംഗ കേസില്‍ പ്രതിയായ വൈദികന്റെ വീഡിയോക്കെതിരെയാണ് പരാതി ഉയര്‍ന്നിരിക്കുന്നത്. വീഡിയോയിലൂടെ വൈദികന്‍ സ്വഭാവഹത്യ നടത്തി എന്നാണ് ബലാത്സംഗത്തെ അതിജീവിച്ച യുവതി ക്രൈംബ്രാഞ്ചിന് നല്‍കിയ പരാതി.

യുവതിയുടെ ആരോപണങ്ങള്‍ അടിസ്ഥാനരഹിതം ആണെന്നും താന്‍ സ്ഥലത്തില്ലാത്തപ്പോഴാണ് കേസിനാസ്പദമായ സംഭവം നടന്നു എന്ന് പറയുന്നതെന്നും വൈദികന്‍ വീഡിയോയില്‍ പറയുന്നുണ്ട്.

യുവതിയുടെ വീട്ടിലെത്തി പരാതി സ്വീകരിച്ച അന്വേഷണസംഘം, പരാതി ക്രൈംബ്രാഞ്ച് ആസ്ഥാനത്തേക്ക് അയക്കുമെന്നും വ്യക്തമാക്കി.

നേരത്തെ ഓര്‍ത്തഡോക്‌സ് സഭാ വികാരികളായ ഫാദര്‍ എബ്രഹാം വര്‍ഗീസ്, ഫാദര്‍ ജോബ് മാത്യു, ഫാദര്‍ ജോണ്‍സണ്‍ മാത്യു ഫാദര്‍ ജെയ്‌സ് ജോര്‍ജ്ജ് എന്നിവര്‍ക്കെതിരെ ബലാത്സംഗകുറ്റത്തിന് കേസെടുത്തിരുന്നു.

ഫാദര്‍ എബ്രാഹാം ഒളിവിലാണ്. വിവാഹ വാഗ്ദാനം നല്‍കിയാണ് ഫാദര്‍ എബ്രഹാം വര്‍ഗീസ് യുവതിയെ പീഡിപ്പിച്ചതെന്നും കൗണ്‍സിലിംഗിന് ഇടയില്‍ യുവതി വെളുപ്പെടുത്തിയ കാര്യങ്ങള്‍ വെളിപ്പെടുത്തും എന്ന് ഭീഷണിപ്പെടുത്തിയാണ് ഫാദര്‍ ജെയിസ് കെ ജോര്‍ജ് യുവതിയെ പീഡിപ്പിച്ചതെന്നും ഡി.വൈ.എസ്.പി സുപ്രിം കോടതിയില്‍ ഫയല്‍ ചെയ്ത റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു. യുവതിയുടെ രഹസ്യ മൊഴി സാധൂകരിക്കുന്ന സാക്ഷി മൊഴികള്‍ അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട് എന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.