ബംഗാളിലെ ഡോക്ടര്‍മാരുടെ സമരം; എന്‍.ആര്‍.എസ് മെഡിക്കല്‍ കോളേജ് പ്രിന്‍സിപലും വൈസ് പ്രിന്‍സിപല്‍ രാജി വെച്ചു
India
ബംഗാളിലെ ഡോക്ടര്‍മാരുടെ സമരം; എന്‍.ആര്‍.എസ് മെഡിക്കല്‍ കോളേജ് പ്രിന്‍സിപലും വൈസ് പ്രിന്‍സിപല്‍ രാജി വെച്ചു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 13th June 2019, 10:41 pm

കൊല്‍ക്കത്ത: കഴിഞ്ഞ നാലു ദിവസങ്ങളായി ജൂനിയര്‍ ഡോക്ടര്‍മാരുടെ സമരം നടക്കുന്ന ബംഗാളിലെ എന്‍.ആര്‍.എസ് മെഡിക്കല്‍ കോളേജ് പ്രിന്‍സിപല്‍ സൈബല്‍ കുമാര്‍ മുഖര്‍ജി, വെെസ് പ്രിന്‍സിപസല്‍ സൗരഭ് ചതോപാദ്യായ എന്നിവര്‍ രാജി വെച്ചു. ആശുപത്രിയിലെ അനിശ്ചിതാവസ്ഥ പരിഹരിക്കാന്‍ സാധിക്കാത്തതില്‍ ധാര്‍മിക ഉത്തരവാദിത്വം ഏറ്റെടുത്തായിരുന്നു ഇരുവരുടേയും രാജി.

നേരത്തെ മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ താക്കീതിന് മുന്നില്‍ സമരം അവസാനിപ്പിക്കില്ലെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചിരുന്നു. നാലു മണിക്കൂറിനുള്ളില്‍ ജോലിയില്‍ പ്രവേശിക്കാത്തപക്ഷം കടുത്ത നടപടിയിലേക്ക് കടക്കുമെന്നായിരുന്നു മമത പറഞ്ഞത്.

എന്നാല്‍ തങ്ങളുടെ ആവശ്യങ്ങള്‍ അംഗീകരിക്കുന്നത് വരെ സമരത്തില്‍ നിന്ന് പിന്മാറില്ലെന്നാണ് ഡോക്ടര്‍മാരുടെ നിലപാട്. സമരത്തിന് പിന്നില്‍ ബി.ജെ.പി ഗൂഢാലോചനയുണ്ടെന്നും മമത പറഞ്ഞിരുന്നു. ‘ ഇതിന് പിന്നില്‍ ബി.ജെ.പിയാണ്. ആശുപത്രി നടപടികളെ ഇവര്‍ മനപൂര്‍വം താറുമാറാക്കുകയാണ്. ഇത് ഇന്നത്തോടെ അവസാനിപ്പിക്കണം”- എന്നായിരുന്നു മമത പറഞ്ഞത്.

മമതയുടെ പ്രതികരണത്തില്‍ അതൃപ്തി പ്രകടിപ്പിച്ച ഡോക്ടര്‍മാരുടെ സംഘം ഗവര്‍ണര്‍ കേസരി നാഥ് ത്രിപാഠിയെ കണ്ടിരുന്നു. കാര്യങ്ങള്‍ ഗവര്‍ണറെ ധരിപ്പിച്ചിട്ടുണ്ടെന്നും, അദ്ദേഹം വീണ്ടും മുഖ്യമന്ത്രിയോട് സംസാരിക്കുമെന്നാണ് തങ്ങളുടെ പ്രതീക്ഷയെന്നും ഡോക്ടര്‍മാരുടെ സംഘം പറയുന്നു.

സമരം ചെയ്യുന്ന എന്‍.ആര്‍.എസ് ആശുപത്രിയിലെ ഡോക്ടര്‍മാരുമായി മമത കൂടിക്കാഴ്ച നടത്തിയിരുന്നു. എന്നാല്‍ ഞങ്ങള്‍ക്ക് നീതി വേണമെന്ന് ആവശ്യപ്പെട്ട് ഇവര്‍ മമതയ്ക്ക് മുന്‍പില്‍ മുദ്രാവാക്യം മുഴക്കുകയായിരുന്നു.

കഴിഞ്ഞദിവസം എന്‍.ആര്‍.എസ് മെഡിക്കല്‍ കോളേജില്‍ രോഗി മരിച്ചതുമായി ബന്ധപ്പെട്ടുള്ള തര്‍ക്കത്തില്‍ രോഗിയുടെ ബന്ധുക്കള്‍ ഡോക്ടറെ കയ്യേറ്റം ചെയ്തിരുന്നു. അക്രമത്തില്‍ രണ്ട് ഡോക്ടര്‍മാര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

തുടര്‍ന്നാണ് നീതി ആവശ്യപ്പെട്ട് ഡോക്ടര്‍മാര്‍ സമരം തുടങ്ങിയത്. സമരം പിന്നീട് മറ്റ് മെഡിക്കല്‍ കോളേജുകളിലേക്കും വ്യാപിക്കുകയായിരുന്നു. എമര്‍ജന്‍സി വാര്‍ഡുകളില്‍ അടക്കം കൂടുതല്‍ സുരക്ഷ ആവശ്യപ്പെട്ടാണ് ഡോക്ടര്‍മാര്‍ സമരം നടത്തുന്നത്.

എല്ലാ ആശുപത്രികളിലും ഡോക്ടര്‍മാരുടെ സുരക്ഷ ഉറപ്പു വരുത്താനായി ഉദ്യോഗസ്ഥരെ നിയമിക്കുക, എന്‍.ആര്‍.എസ് ആശുപത്രിയിലെ ആക്രമണത്തിന് പിന്നിലുള്ളവരെ അറസ്റ്റ് ചെയ്യുക തുടങ്ങിയവയാണ് സമരം ചെയ്യുന്നവരുടെ ആവശ്യങ്ങള്‍.

Image Credits: IANS