ന്യൂദല്‍ഹി: വിദേശ ഭരണമാണ് ഇന്ത്യയില്‍ സ്ത്രീകളോട് ആദരവില്ലാത്തതിനു കാരണമെന്ന് വൈസ് പ്രസിഡന്റ് വെങ്കയ്യ നായിഡു. കുരുക്ഷേത്ര യൂണിവേഴ്‌സിറ്റിയുടെ 30ാമത് കോണ്‍വൊക്കേഷന്‍ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇന്ത്യയുടെ ജനസംഖ്യയില്‍ 50% സ്ത്രീകളാണ്. അതുകൊണ്ടുതന്നെ അവര്‍ ആദരിക്കപ്പെടേണ്ടതുണ്ട്. ഇന്ത്യക്കാര്‍ അവരുടെ രാജ്യത്തെ ഭാരത മാതായെന്നാണ് വിളിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
“ഗോദാവരി, ഗംഗ, യമുന, പോലെ നമ്മുടെ നദികളില്‍ ഭൂരിപക്ഷത്തിനും സ്ത്രീകളുടെ പേരാണ്. സരസ്വതി മാതയാണ് അറിവിന്. പ്രതിരോധത്തിന് ദുര്‍ഗമാതാ, ധനത്തിന് ലക്ഷ്മി മാതാ.” അദ്ദേഹം പറഞ്ഞു.
ഈ പാരമ്പര്യമെല്ലാമുണ്ടായിട്ടും സമൂഹം സ്ത്രീകളോട് ഇത്തരത്തില്‍ പെരുമാറുന്നതിന് കാരണം കൊളോണിയല്‍ ഭരണമാണെന്നാണ് വെങ്കയ്യ നായിഡു പറഞ്ഞത്. ഇത് തീര്‍ത്തും ലജ്ജാകരവും അപലപിക്കേണ്ട ഒന്നുമാണെന്ന് അദ്ദേഹം വ്യക്തമാക്കി.
കഠ്‌വ, ഉന്നാവോ സംഭവങ്ങളില്‍ ബി.ജെ.പിയ്‌ക്കെതിരെ പൊതുവികാരം ശക്തമായ സാഹചര്യത്തിലാണ് ഇത്തരമൊരു കണ്ടെത്തലുമായി വെങ്കയ്യ നായിഡു രംഗത്തെത്തിയിരിക്കുന്നത്. കഠ്‌വ സംഭവത്തില്‍ പ്രതികളെ പിന്തുണച്ചുകൊണ്ട് രണ്ട് ബി.ജെ.പി മന്ത്രിമാര്‍ പ്രതിഷേധം നടത്തിയത് വലിയ വിമര്‍ശനങ്ങള്‍ക്കു വഴിവെച്ചിരുന്നു. ഉന്നാവോ കേസില്‍ ബി.ജെ.പി എം.എല്‍.എയായിരുന്നു പ്രതിസ്ഥാനത്തുണ്ടായിരുന്നത്.