| Sunday, 4th December 2022, 9:00 am

ലോകത്ത് മറ്റെവിടെയും ഇത് നടക്കില്ല, എന്നിട്ടും പാര്‍ലമെന്റില്‍ ആരും ഒരു അക്ഷരം പോലും മിണ്ടിയില്ല; സുപ്രീം കോടതിക്കെതിരെ ഉപരാഷ്ട്രപതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: നാഷണല്‍ ജുഡീഷ്യല്‍ അപ്പോയ്‌മെന്റ്‌സ് കമ്മിഷന്‍ ആക്ട് റദ്ദാക്കിയ സുപ്രീം കോടതി നടപടിക്കെതിരെ രൂക്ഷ പ്രതികരണവുമായി ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍കര്‍. പാര്‍ലമെന്റ് പാസാക്കിയ നിയമം സുപ്രീം കോടതി നിര്‍ത്തലാക്കുന്ന രീതി ലോകത്ത് മറ്റെവിടെയും നടക്കില്ലെന്നും ഉപരാഷ്ട്രപതി പറഞ്ഞു.

എന്‍.ജെ.എ.സി ആക്ടിന്റെ പേരെടുത്ത് പറയാതെയായിരുന്നു ജഗ്ദീപ് ധന്‍കറിന്റെ പരാമര്‍ശം. ‘2015-2016ല്‍ ഇന്ത്യന്‍ പാര്‍ലമെന്റ് ഒരു ഭരണഘടനഭേദഗതി കൊണ്ടുവന്നു. ലോക്‌സഭ ഐക്യകണ്‌ഠേനെയാണ് അതിനായി വോട്ട് ചെയ്തത്. ആരും അതിനെ എതിര്‍ത്തില്ല. രാജ്യസഭയിലും അങ്ങനെ തന്നെയായിരുന്നു.

‘നമ്മള്‍, ഇന്ത്യയിലെ ജനങ്ങള്‍’ ഓര്‍ഡിനന്‍സിനെ ഭരണഘടനയുടെ ഭാഗമാക്കി. നിയമപരമായ ഒരു വേദിയില്‍ പ്രകടമാക്കപ്പെട്ട ജനങ്ങളുടെ ആ അധികാരത്തെ ഇല്ലാതാക്കുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്. ഇങ്ങനെയൊരു സംഭവം ലോകത്ത് മറ്റെവിടെയും നടന്നിട്ടില്ല,’ ജഗ്ദീപ് ധന്‍കര്‍ പറഞ്ഞു.

സുപ്രീം കോടതി, ഹൈക്കോടതി ജസ്റ്റിസുമാരുടെ തെരഞ്ഞെടുപ്പും നിയമനവും നടക്കുന്ന കൊളീജിയം സംവിധാനത്തിന് പകരമായിട്ടായിരുന്നു ബി.ജെ.പി സര്‍ക്കാര്‍ എന്‍.ജെ.എ.സി ആക്ട് കൊണ്ടുവന്നത്. എന്നാല്‍ ഇത് ഭരണഘടനാവിരുദ്ധമാണെന്ന് നിരീക്ഷിച്ച സുപ്രീം കോടതി ഈ ആക്ട്    റദ്ദാക്കുകയായിരുന്നു.

ജഗ്ദീപ് ധന്‍കര്‍ സുപ്രീം കോടതിയുടെ ഈ നടപടിക്കെതിരെയാണ് സംസാരിച്ചതെന്നാണ് അദ്ദേഹം പരാമര്‍ശിച്ച വര്‍ഷത്തില്‍ നിന്നും മറ്റ് വിവരങ്ങളില്‍ നിന്നും വ്യക്തമാകുന്നത്. കൊളീജിയവുമായി ബന്ധപ്പെട്ട കേന്ദ്ര സര്‍ക്കാരും സുപ്രീം കോടതിയും തമ്മില്‍ തര്‍ക്കങ്ങള്‍ രൂക്ഷമായി തുടരുന്നതിനിടയിലാണ് ഉപരാഷ്ട്രപതിയുടെ പ്രസ്താവനയും വന്നിരിക്കുന്നത്.

ദല്‍ഹിയില്‍ വെച്ച് നടന്ന എല്‍.എം. സിങ്‌വി അനുസ്മരണചടങ്ങില്‍ വെച്ചാണ് ജഗ്ദീപ് ധന്‍കര്‍ കൊളീജിയവുമായി ബന്ധപ്പെട്ട സുപ്രീംകോടതി നടപടികളിലെ എതിര്‍പ്പ് പരസ്യമായി പ്രകടമാക്കിയത്. സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് വേദിയിലിരിക്കെ ആയിരുന്നു ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍കറിന്റെ പ്രസംഗം.

സുപ്രീംകോടതി എന്‍.ജെ.എ.സി ആക്ട് റദ്ദാക്കിയ ശേഷം പാര്‍ലമെന്റില്‍ അതേ കുറിച്ച് ഒരു വാക്ക് പോലും ആരും ശബ്ദിച്ചില്ല എന്നത് തന്നെ ഞെട്ടിച്ചെന്നും അദ്ദേഹം പറഞ്ഞു. ‘സുപ്രീം കോടതി വിധിയുമായി ബന്ധപ്പെട്ട എന്നെ ശരിക്കും ഞെട്ടിച്ചുകളഞ്ഞത് പാര്‍ലമെന്റിന്റെ പ്രതികരണമായിരുന്നു. ആരും ഇതേ കുറിച്ച് ഒന്നും മിണ്ടിയില്ല. എങ്ങനെയാണോ വിധി വന്നത് അതിനെ അതേപടി സ്വീകരിക്കുകയായിരുന്നു. ഇത് ഏറെ ഗൗരവമുള്ള ഒരു പ്രശ്‌നമാണ്.

രാജ്യത്തെ നീതിന്യായവ്യവസ്ഥയില്‍ നമുക്ക് ഏറെ അഭിമാനമുണ്ട്. ജനങ്ങളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതില്‍ ജൂഡീഷ്യറി വലിയ പങ്കുവഹിച്ചിട്ടുണ്ട്. എക്‌സിക്യൂട്ടീവും ലെജിസ്ലേച്ചറും ജുഡീഷ്യറിയും ഐക്യത്തോടെ പ്രവര്‍ത്തിക്കേണ്ടത് ജനാധിപത്യത്തിന്റെ വളര്‍ച്ചക്ക് അത്യന്താപേക്ഷിതമാണ്.

എന്നാല്‍ ഒന്നിന് മുകളില്‍ മറ്റൊന്ന് ആധിപത്യം സ്ഥാപിക്കാനോ, പരസ്പരം അധികാരങ്ങളില്‍ കൈ കടത്താനോ ശ്രമിക്കുന്നത്, അതിന് എത്ര ചെറുതാണെങ്കില്‍ പോലും, രാജ്യത്തെ ഭരണവ്യവസ്ഥയെ തകിടം മറിക്കും,’ ഉപരാഷ്ട്രപതി പറഞ്ഞു.

Content Highlight: Vice President Jagdeep Dhankar against Supreme Court over NJAC Act

We use cookies to give you the best possible experience. Learn more