ന്യൂദല്‍ഹി: 2018-19 കാലഘട്ടത്തില്‍ ഇന്ത്യന്‍ സൈന്യത്തിനായി വകയിരുത്തിയ ബജറ്റ് വിഹിതത്തില്‍ മോദി സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി കരസേനാ വിഭാഗം വൈസ് ചീഫ് ലഫ്. ജനറല്‍ ശരത് ചന്ദ്. സൈന്യത്തിനായുള്ള ബജറ്റ് അപര്യാപ്തമാണെന്നും വേണ്ടത്ര തുക ബജറ്റില്‍ വകയിരുത്തിയില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ഇന്ത്യന്‍ സൈന്യത്തിന് കീഴില്‍ ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന എല്ലാ പ്രവര്‍ത്തനങ്ങളേയും ഇത് മോശമായി ബാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
പ്രതിരോധ രംഗത്തെ പാര്‍ലമെന്ററി സ്റ്റാന്‍ഡിംഗ് കമ്മിറ്റിക്ക് നല്‍കിയ കത്തിലാണ് ബജറ്റ് സൈന്യത്തിന്റെ എല്ലാ പ്രതീക്ഷകളേയും തകര്‍ത്തുകളഞ്ഞെന്ന് ചന്ദ് വ്യക്തമാക്കുന്നത്. ഇതുവരെ സൈന്യം നേടിയെടുത്ത പലതിനേയും പിറകോട്ട് വലിക്കുന്ന രീതിയിലുള്ളതാണ് നിലവിലെ ബജറ്റെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
മേക്ക് ഇന്‍ ഇന്ത്യ പദ്ധതിക്ക് കീഴില്‍ 25 പ്രൊജക്ടുകള്‍ ഞങ്ങള്‍ ചെയ്യുന്നുണ്ട്. എന്നാല്‍ അതിനെയൊന്നും പിന്തുണയ്ക്കാന്‍ പോന്ന ബജറ്റ് ഇല്ല. പല പദ്ധതികളും പാതിവഴിയില്‍ ഉപേക്ഷിക്കേണ്ട സ്ഥിതിയിലാണ്.
സാധാരണഗതിയില്‍ ആധുനിക രീതിയിലുള്ള ആയുധശക്തി മൂന്നിലൊന്ന് വേണം, വിന്റേജ് വിഭാഗത്തില്‍ മൂന്നിലൊന്ന് ഉപകരണങ്ങളും, ആര്‍ട്ട് വിഭാഗത്തില്‍ മൂന്നിലൊന്നും വേണം. ഇതിനെല്ലാം കൂടുതല്‍ തുകയും ആവശ്യമാണ്.
“കരസേനയ്ക്ക് വേണ്ടി റെഡി കോമ്പാറ്റ് വാഹനങ്ങള്‍, FRCV കള്‍, FICV ഫ്യൂച്ചര്‍ ഇന്‍ഫന്‍ട്രി കോംബാറ്റ് വാഹനങ്ങള്‍ എന്നിവ മേക്ക് ഇന്‍ ഇന്ത്യ പദ്ധതി വഴി നിര്‍മിക്കാനായിരുന്നു നിര്‍ദേശം. അതിനുള്ള തയ്യാറെടുപ്പുകളും തുടങ്ങി. എന്നാല്‍ ബജറ്റ് വകയിരുത്തല്‍ തുക ഇത്രയും കുറഞ്ഞതുകൊണ്ട് തന്നെ ഈ പദ്ധതികളെല്ലാം വര്‍ഷങ്ങള്‍ വൈകും. ഈ പദ്ധതിയുടെ ഭാവി എന്താകുമെന്ന് തനിക്ക് അറിയില്ലെന്നും ഇദ്ദേഹം കത്തില്‍ പറയുന്നു.
രണ്ടു യുദ്ധത്തിന്റെ സാധ്യത രാജ്യം മുന്നില്‍കാണേണ്ടതുണ്ടെന്നും അതുകൊണ്ട് തന്നെ സൈന്യത്തിലെ ആധുനികവത്ക്കരണത്തിനും പുതിയ ആയുധ നിര്‍മാണത്തിനും കൂടുതല്‍ ശ്രദ്ധ നല്‍കേണ്ടതുണ്ട്. നിലവില്‍ സൈന്യത്തിന്റെ കൈവശമുള്ള 70 ശതമാനം ആയുധങ്ങളും പഴകിയതാണ്. വലിയ തുക വകയിരുത്തി സൈന്യത്തെ ആധുനികവത്ക്കരിച്ചില്ലെങ്കില്‍ സ്ഥിതി ഗുരുതരമാകുമെന്നും പാനലിന് നല്‍കിയ കത്തില്‍ സൈന്യം വ്യക്തമാക്കിയിട്ടുണ്ട്.