കൊച്ചി: ദളിത് ഗവേഷക വിദ്യാര്‍ത്ഥിനിയുടെ എം.ജി. സര്‍വകലാശാലക്കെതിരായ ആരോപണങ്ങള്‍ നിഷേധിച്ച് വൈസ് ചാന്‍സിലര്‍ സാബു തോമസ്.
വിദ്യാര്‍ത്ഥിനി പറയുന്ന കാര്യങ്ങള്‍ കളവാണെന്നും ലെംഗികാതിക്രമ പരാതി കിട്ടിയിട്ടില്ലെന്നും, വാക്കാല്‍ പോലും പരാതി നല്‍കിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
പരാതി നല്‍കിയിരുന്നെങ്കില്‍ അന്വേഷിക്കുമായിരുന്നു. വ്യാജമായ ആരോപണങ്ങളാണ് ഇപ്പോള്‍ ഉന്നയിക്കുന്നത്. വിദ്യാര്‍ത്ഥിനി ലാബോറട്ടറിയിലേക്ക് മടങ്ങിവന്ന് ഗവേഷണം പൂര്‍ത്തിയാക്കണമെന്നും അതിന് താന്‍ ഗൈഡായി നിന്ന് എല്ലാ സൗകര്യവും നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.
സര്‍വലാശാലയുടെ അന്വേഷണ റിപ്പോര്‍ട്ട് ഹൈക്കോടതി തള്ളിക്കളഞ്ഞതാണെന്നും ഇത്തരം റിപ്പോര്‍ട്ട് എപ്പോഴും ശരിയാവില്ലെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യയിലെ തന്നെ മികച്ച സര്‍വകലാശാലയാണ് എം.ജി. തങ്ങളെല്ലാവരും വിദ്യാര്‍ഥികള്‍ക്കൊപ്പം നിലകൊള്ളുന്നവരാണ്. വിദ്യാര്‍ഥികള്‍ക്ക് എന്ത് പ്രശ്‌നമുണ്ടെങ്കിലും തങ്ങള്‍ അവര്‍ക്കൊപ്പാമാണെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, കഴിഞ്ഞ 29നാണ് വിദ്യാര്‍ത്ഥിനിയുടെ നിരാഹാര സമരം ആരംഭിച്ചത്. ജാതി വിവേചനം മൂലം പത്ത് വര്‍ഷമായി ഗവേഷണം പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞില്ലെന്ന് പറഞ്ഞായിരുന്നു നിരാഹാരം. നന്ദകുമാറിനെതിരെയും വി.സി സാബു തോമസിനെതിയുമാണ് ദീപ പരാതി ഉന്നയിച്ചിരുന്നത്.
2011ലാണ് വിദ്യാര്‍ത്ഥിനി നാനോ സയന്‍സില്‍ എം.ഫിലിന് പ്രവേശം നേടിയത്. തുടര്‍ന്ന് 2014ല്‍ ഗവേഷണവും തുടങ്ങി. പക്ഷേ, ദലിത് വിദ്യാര്‍ത്ഥിയായ ദീപക്ക് ഗവേഷണം പൂര്‍ത്തിയാക്കാനുള്ള യാതൊരു അവസരവും ലഭിക്കാതിരിക്കുകയായിരുന്നു.
ജാതീയമായ വേര്‍തിരിവ് കാട്ടിയെന്ന് ആരോപിച്ച് വിദ്യാര്‍ത്ഥിനി നല്‍കിയ പരാതിയില്‍ സിന്‍ഡിക്കേറ്റ് അന്വേഷണം നടത്തുകയും ആരോപണം ശരിയാണെന്ന് കണ്ടെത്തുകയും ചെയ്തിരുന്നു.