തിരുവനന്തപുരം: കേരള സര്‍വകലാശാലയുടെ കലോത്സവം നിര്‍ത്തിവെക്കാന്‍ ഉത്തരവിട്ട് വൈസ് ചാന്‍സലര്‍. കലോത്സവുമായി ബന്ധപ്പെട്ട് നിരവധി പരാതികള്‍ വന്നതിന് പിന്നാലെയാണ് കലോത്സവം നിര്‍ത്തിവെക്കാന്‍ വി.സി ഉത്തരവിട്ടത്.
മത്സരങ്ങള്‍ എല്ലാം നിര്‍ത്തിവെക്കണമെന്നും ഫല പ്രഖ്യാപനങ്ങള്‍ നടത്തരുതെന്നും വി.സി അറിയിച്ചു. കലോത്സവത്തിനെതിരെ രജിസ്റ്റര്‍ ചെയ്യപ്പെട്ട പരാതികള്‍ പരിശോധിച്ച ശേഷം തുടര്‍നടപടി സ്വീകരിക്കുമെന്നും വൈസ് ചാന്‍സലര്‍ പറഞ്ഞു.
അതേസമയം വിവിധ വിഷയങ്ങള്‍ ചൂണ്ടിക്കാട്ടി കലോത്സവ വേദികളില്‍ നിലവില്‍ വിദ്യാര്‍ത്ഥികള്‍ പ്രതിഷേധം നടത്തുകയാണ്. എന്നാല്‍ വി.സിയുടെ ഉത്തരവ് ഔദ്യോഗികമായി സര്‍വകലാശാല അധികൃതര്‍ അറിയിച്ചിട്ടില്ലെന്ന് മത്സരാത്ഥികള്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.
കലോത്സവുമായി ബന്ധപ്പെട്ട സമാപന സമ്മേളനം നടക്കില്ലെന്നും വി.സി അറിയിച്ചു. ഫലപ്രഖ്യാപനം നടത്തുന്നതിനായി പണം വാങ്ങിയെന്ന് ആരോപിച്ച് മൂന്ന് വിധി കര്‍ത്താക്കളെ പൊലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു.
കഴിഞ്ഞ ദിവസങ്ങളിലായി കേരള സര്‍വകലാശാല കലോത്സവം വിവിധ വിവാദങ്ങളില്‍ ഉള്‍പ്പെട്ടിരുന്നു. കലോത്സവത്തിന് ‘ഇന്‍തിഫാദ’ എന്ന പേര് നല്‍കാനുള്ള തീരുമാനം വി.സി ഇടപെട്ട് തടഞ്ഞത് വലിയ വിവാദമായിരുന്നു.
കൂടാതെ കലോത്സവത്തിനിടയില്‍ എസ്.എഫ്.ഐ കെ.എസ്.യു പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം ഉണ്ടായി. കലോത്സവം നടക്കുന്ന പലയിടങ്ങളിലായി എസ്.എഫ്.ഐ വിദ്യാര്‍ത്ഥികളെ മര്‍ദിച്ചെന്ന് ആരോപിച്ച് കെ.എസ്.യു പ്രവര്‍ത്തകര്‍ പ്രതിഷേധം നടത്തുകയും ചെയ്തു.
കഴിഞ്ഞ സര്‍വകലാശാല യൂണിയന്‍ തെരഞ്ഞെടുപ്പില്‍ എസ്.എഫ്.ഐക്ക് ഭരണം നഷ്ടമായ കോളേജുകളിലെ വിദ്യാര്‍ത്ഥികളെയാണ് മര്‍ദിച്ചതെന്നാണ് കെ.എസ്.യുവിന്റെ ആരോപണം.
ഭരണം നഷ്ടമായതിന്റെ പ്രതികാരം എസ്.എഫ്.ഐ വിദ്യാര്‍ത്ഥികളെ മര്‍ദിച്ച് തീര്‍ക്കുകയാണെന്ന് പ്രതിഷേധക്കാര്‍ പറഞ്ഞു. ഞായറാഴ്ച രാവിലെ തിരുവനന്തപുരം ലോ കോളേജിലെ വിദ്യാര്‍ത്ഥികളെ ഉള്‍പ്പടെ എസ്.എഫ്.ഐ മര്‍ദിച്ചെന്ന് വിദ്യാര്‍ത്ഥികള്‍ ആരോപിച്ചിരുന്നു.
Content Highlight: Vice Chancellor ordered to stop the Kerala University Art Festival