ഹോക്ക് ഐ/വിബീഷ് വിക്രം
ശരാശരി മനുഷ്യായുസിന്റെ പാതിയോടടുക്കുന്ന ജീവിതചക്രത്തിനിടയില്‍ ഒളിമ്പിക്‌സ് നീന്തല്‍ക്കുളത്തില്‍നിന്ന് മാത്രം ഒട്ടുംവിയര്‍ക്കാതെ മെക്കല്‍ ഫെല്‍പ്‌സെന്ന അമേരിക്കന്‍ നീന്തല്‍താരം മുങ്ങിയെടുത്തത് 21 മെഡലുകള്‍. 17 സ്വര്‍ണ്ണവും 3 വെള്ളിയും 1 വെങ്കലവും. ഫെല്‍പ്‌സിന്റെ ഇരട്ടിയിലധികം പ്രായമുള്ള സ്വതന്ത്രാനന്തര ഇന്ത്യ ഒളിമ്പിക്‌സില്‍ നിന്നിതുവരെ ഇടിച്ചും കളിച്ചും ഭാരം പൊക്കിയും ഗുസ്തിപ്പിടിച്ചും ഏറെ വിയര്‍പ്പൊഴുക്കി നേടിയതോ അത്രതന്നെ മെഡലുകള്‍. 3 ഒളിപിക്‌സുകളില്‍ നിന്നാണ് ഫെല്‍പ്‌സിന്റെ ചരിത്രനേട്ടമെങ്കില്‍ 21 മെഡലുകള്‍ക്കായി ഇന്ത്യയെടുത്തത് 17 ഒളിമ്പിക്‌സുകള്‍…65 വര്‍ഷങ്ങള്‍. []
താരതമ്യ പഠനം പലപ്പോഴും ഒരാവശ്യകതയാണ്. യഥാര്‍ത്ഥ്യത്തിന്റെ നേര്‍ചിത്രം എളുപ്പം മനസ്സിലാക്കാന്‍ അത് വലിയൊരുപാധിയാണ്. ഫെല്‍പ്‌സുമായുള്ള താരതമ്യത്തിലൂടെ ഉദ്ദേശിച്ചതും അതുതന്നെ. ഒരു വ്യക്തിയുടെ സ്വകാര്യശേഖരത്തിന് അടുത്തെങ്ങും എത്താന്‍ കഴിയാതെ വിയര്‍ക്കുന്നൊരു വലിയ രാജ്യത്തിന്റെ ദയനീയ ചിത്രം എളുപ്പം മനസിലാക്കാനുള്ള എളിയ ശ്രമം.
ലണ്ടനിലെ ഇന്ത്യയുടെ നേട്ടങ്ങള്‍ വിസ്മരിച്ച് കൊണ്ടല്ല ഈ എഴുത്ത്. ലണ്ടനില്‍ നേടിയ 6 മെഡലുകള്‍ ഇന്ത്യയുടെ ചരിത്രത്തിലെ മികച്ച മെഡല്‍ കൊയ്ത്ത് തന്നെയാണ്. സ്വര്‍ണ്ണത്തിളക്കത്തിന്റെ ശോഭയില്ലെങ്കിലും 2 വെള്ളിയും 4 വെങ്കലവും ഇന്ത്യന്‍ സംഘത്തിന് നേടാനായി. രാജ്യം കണ്ട എക്കാലത്തെയും മികച്ച മെഡല്‍ വേട്ട നടത്തിയിട്ടും ലണ്ടനില്‍ മെഡല്‍ പട്ടികയിലിടം കണ്ടെത്തിയ 79 രാജ്യങ്ങളില്‍ ഇന്ത്യയുടെ സ്ഥാനം 55ാമത്.
ലോകകായിക മാമാങ്കത്തിലെ മെഡല്‍ നേട്ടത്തില്‍ എന്തു കൊണ്ട് ഇന്ത്യ എപ്പോഴും പിന്തള്ളപ്പെടുന്നു? ഓരോ ഒളിമ്പിക്‌സിന് ശേഷവും ആവര്‍ത്തിക്കപ്പെടുന്ന ചോദ്യം. എന്നാല്‍ കൂടുതല്‍ വിശകലനങ്ങളിലേക്കും ചര്‍ച്ചകളിലേക്കും പോംവഴികളിലേക്കും പോവാതെ ക്രമേണ വിസ്മ്രതിയിലേക്ക് മറയുന്ന ചോദ്യം..
മനസ്ഥിതിയില്‍ വേണം ആദ്യമാറ്റം…
പഠിക്കാതെ കളിച്ച് നടന്നോ.. ഒടുക്കം കടിച്ചതും ഉണ്ടാവൂല്ല പിടിച്ചതും ഉണ്ടാവൂല്ല……വൈകീട്ട് മൈതാനത്ത് നിന്നുമല്‍പ്പം താമസിച്ചെത്തിയ 5 വയസ്സുകാരന് മാതാവില്‍ നിന്നും കേള്‍ക്കേണ്ടി വന്ന ശകാരവാക്കുകളാണിത്. ഇത് തന്നയാണ് ഒട്ടുമിക്ക രക്ഷിതാക്കളുടെയും കായിക മേഖലയോടുള്ള സമീപനം. കളിച്ച് നടന്നാല്‍ എങ്ങുമെത്തില്ല. ഭാവി തുലയും. മറിച്ച് നന്നായി പടിച്ചാല്‍ മെച്ചപ്പട്ട ശമ്പളത്തോട് കൂടിയുള്ള ജോലിയും സമൂഹത്തില്‍ ഉന്നതസ്ഥാനവുമെന്ന ഈ വിശ്വാസ പ്രക്രിയ തന്നെ മാറേണ്ടിയിരിക്കുന്നു.
ഒരുപക്ഷേ പഠനത്തിലൂടെ ലഭിക്കുന്ന പണത്തിനും പ്രശസ്തിയേക്കാളുമുപരി കായികരംഗത്തെ നേട്ടങ്ങള്‍ സമ്മാനിക്കുമെന്നതാണ് വാസ്തവം. ലണ്ടനില്‍ ഒളിമ്പിക്‌സ് ദീപമണഞ്ഞിട്ട് ഒരാഴ്ച പിന്നിട്ടിരിക്കുന്നു. മെഡല്‍ നേടിയ ഇന്ത്യന്‍ താരങ്ങള്‍ക്കുള്ള അവാര്‍ഡ് പ്രഖ്യാപനവും സ്വീകരണവും ഇനിയും നിലച്ചിട്ടില്ല. ഒളിപിക്‌സില്‍ രാജ്യത്തെ പ്രതിനിധീകരിച്ച എല്ലാവര്‍ക്കും മികച്ച ശമ്പളത്തോടെയുള്ള ജോലി ഇന്ത്യന്‍ സംഘം ലണ്ടനിലേക്ക് യാത്രതിരിക്കുന്നതിന് മുമ്പേ കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. ഈ യാഥാര്‍ത്ഥ്യങ്ങള്‍ എല്ലാം ഉള്‍ക്കൊണ്ട് സ്‌പോര്‍ട്‌സ് എന്തോ പാപമാണെന്ന മട്ടിലുള്ള രക്ഷിതാക്കളുടെ മനസ്ഥിതിയില്‍ മാറ്റമുണ്ടാകേണ്ടിയികിക്കുന്നു. പകരം പ്രോല്‍സാഹനത്തിന്റെതായ ഒരു കായികസംസ്‌കാരം പിറവിയെടുക്കേണ്ടിയിരിക്കുന്നു.
അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തത.
1928 മുതല്‍ 1976 വരെ ലോകഹോക്കിയിലെ ചോദ്യം ചെയ്യപ്പെടാത്ത ശക്തിയായിരുന്നു ഇന്ത്യ. ഇക്കാലയളവില്‍ ഈയിനത്തില്‍ ഇന്ത്യ മെഡല്‍ നേടാതെ ഒരു ഒളിമ്പിക്‌സും കടന്നു പോയിട്ടില്ല. എന്നാല്‍ 1976ല്‍ നാച്ച്യുറല്‍ സ്റ്റേഡിയത്തില്‍ നിന്നും സിന്തറ്റിക്ക് ടര്‍ഫിലേക്ക് ഹോക്കിമത്സരങ്ങള്‍ പറിച്ച് നട്ടതോടെ ഇന്ത്യയുടെ അപ്രമാദിത്വത്തിന് വിരാമമായി. പിന്നീടുള്ള 60 വര്‍ഷത്തിനിടെ ഒരു തവണ മാത്രമാണ് ഹോക്കിയില്‍ ഇന്ത്യക്ക് മെഡല്‍ നേടാന്‍ കഴിഞ്ഞത്.
കാരണം മറ്റൊന്നുമല്ല. മാറിയ സാഹചര്യത്തോട് പൊരുത്തപ്പെടാന്‍ ഇന്ത്യയെടുത്ത കാലതാമസം തന്നെ. സിന്തറ്റിക്ക് ടര്‍ഫ് നിര്‍മ്മാണം ചിലവേറിയതായിരുന്നു. കളി സിന്തറ്റിക്ക് ടര്‍ഫിലക്ക് മാറ്റിയിട്ടും ഇന്ത്യ പരിശീലനം ഏറെക്കാലം നാച്ച്യുറല്‍ സ്റ്റേഡിയത്തില്‍ തന്നെ തുടര്‍ന്നു. അന്താരാഷ്ട്രമത്സരങ്ങളില്‍ അതിന്റേതായ ബുദ്ധിമുട്ടുകള്‍ ഇന്ത്യന്‍ സംഘത്തിന് നേരിടേണ്ടിയും വന്നു. പിന്നീട് സിന്തറ്റിക്ക് ട്രാക്കിലേക്ക് പരിശീലനം പറിച്ച് നട്ടെങ്കിലും അപ്പോഴേക്കും പുതിയ പരീക്ഷണരീതികളുമായി പൊരുത്തപ്പെട്ട യൂറോപ്യന്‍ ടീമുകള്‍ മുന്‍നിരയിലേക്കുയര്‍ന്നിരുന്നു.
ബാഡ്മിന്റണില്‍ ഇന്ത്യയുടെ സമീപകാല മികവിന് പ്രധാനകാരണം ബാംഗ്ലൂരിലെ ഗോപീചന്ദ് അക്കാദമിയാണെന്ന് നിസ്സംശയം പറയാം. അന്താരാഷ്ട്ര നിലവാരമുള്ള പരിശീലന സൗകര്യങ്ങളാണിവിടെ ഒരുക്കിയിരിക്കുന്നത്. സൈന നേഹ് വാള്‍ ഉള്‍പ്പെടെ ഇന്ത്യയുടെ മുന്‍നിര താരങ്ങളെല്ലാം പരിശീലനം നടത്തുന്നതിവിടെയാണ്. ഇത്തരത്തിലുള്ള പരിശീന സൗകര്യങ്ങള്‍ മെഡല്‍ സാദ്ധ്യത കൂടുതലുള്ള ഇനങ്ങളിലെങ്കിലും ലഭ്യമാക്കിയാലേ കൂടുതല്‍ മെഡലെന്ന ഇന്ത്യയുടെ സ്വപ്നം സഫലമാകൂ…
തിരഞ്ഞെടുക്കപ്പെട്ട ഇനത്തിലുള്ള മികച്ച പരിശീലനം
ഏത് കായിക ഇനമെടുത്താലും കായികതാരങ്ങള്‍ക്ക് മെച്ചപ്പെട്ട അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കി നല്‍കുന്നതില്‍ നാമേറെ പിറകിലാണ്.
ഇന്ത്യയുടെ ഇരുപതില്‍ ഒന്ന് മാത്രം ജനസംഖ്യയുള്ള ബ്രിട്ടന്‍ ഇത്തവണ ലണ്ടനില്‍ സൈക്ലിങ്ങില്‍ മാത്രം സ്വന്തമാക്കിയത് 7 സ്വര്‍ണ്ണം. തുര്‍ക്കിയുടെ മൂന്നില്‍ രണ്ട് മെഡലുകളും വന്നത് ഗുസ്തിയില്‍ നിന്ന്. ജമൈക്ക ഇത് വരെ നേടിയ 53 മെഡലുകളില്‍ 52 പിറന്നത് ട്രാക്കില്‍ നിന്ന്. ഈ ഒരു മാത്യക നമുക്കും അനുകരിക്കാവുന്നതാണ്. മെഡല്‍ സാദ്ധ്യതയുള്ള ഇനങ്ങള്‍ തിരഞ്ഞെടുത്ത് അതില്‍ മികച്ച പരിശീനം ലഭ്യമാകുന്നുവെന്ന് ഉറപ്പ് വരുത്തുക. കൂടുതല്‍ ഇനങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന് പകരം കൂടുതല്‍ മെഡല്‍ സാദ്ധ്യയുള്ള ഇനങ്ങളില്‍ മികച്ച പരിശീലനം ലഭ്യമാക്കി ചാമ്പ്യന്‍മാരെ ഉയര്‍ത്തിക്കൊണ്ടു വരിക.
ഷൂട്ടിങ്ങിലും ഗുസ്തിയിലും ബോക്‌സിങ്ങിലും അമ്പെയ്ത്തിലുമെല്ലാം നമുക്ക് ലോകോത്തര താരങ്ങളുണ്ട്. അടുത്ത ഒളിപിക്‌സ് ദീപം റിയോഡി ജനീറോയില്‍ തെളിയാന്‍ ഇനിയും നാല് വര്‍ഷം ശേഷിക്കുന്നുണ്ട്. ഇക്കാലയളവില്‍ ഈ താരങ്ങള്‍ക്ക് മികച്ച പരിശീലനം ലഭ്യമാകുന്നുണ്ടെന്ന് കായിക മേലാളമന്മാര്‍ ഉറപ്പ് വരുത്തിയിരുന്നെങ്കില്‍. അങ്ങിനെയെങ്കില്‍ ഇത്തവണ ലണ്ടനില്‍ മുഴങ്ങാതെ പോയ ദേശീയ ഗാനം നാല് വര്‍ഷത്തിന് ശേഷം റിയോ ഡി ജനീറോയില്‍ ഒന്നിലധികം തവണ മുഴങ്ങുക തന്നെ ചെയ്യും.