Movie Day
"അവനവനാത്മസുഖ'രാഷ്ട്രീയത്തെ തിരിച്ചറിയുക"; വിബ്ജിയോര്‍ അംഗങ്ങള്‍ മറുപടി പറയുന്നു.
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 5th July 2012, 7:07 pm

തൃശൂര്‍: വിബ്ജിയോര്‍ ചലച്ചിത്രമേളയെ വിമര്‍ശിച്ച ഒഡേസ സത്യന് മറുപടിയുമായി മേളയുടെ സംഘാടകര്‍. മാധ്യമങ്ങള്‍ക്ക് നല്‍കിയ തുറന്ന കത്തിലൂടെയാണ് സംഘാടകര്‍ സത്യന്റെ ആരോപണങ്ങള്‍ക്ക് മറുപടി നല്‍കിയിരിക്കുന്നത്. സത്യന്‍ പറഞ്ഞ കാര്യങ്ങള്‍ വാസ്തവവിരുദ്ധമാണെന്നാണ് ഇവര്‍ പറയുന്നത്.

“അവനവനാത്മസുഖ”രാഷ്ട്രീയത്തെ തിരിച്ചറിയുക”

ഈയിടെ തേജസ് ദൈ്വവാരികയില്‍ (ജൂലൈ 1 ലക്കം) ഒഡേസ സത്യനുമായി റെനി ഐലിന്‍ നടത്തിയ അഭിമുഖ സംഭാഷണത്തില്‍ വിബ്ജിയോര്‍ അന്താരാഷ്ട്ര ചലച്ചിത്രമേളയെയും അന്തരിച്ച ഞങ്ങളുടെ സുഹൃത്ത് സി. ശരത്ചന്ദ്രനെയും കുറിച്ച് അങ്ങേയറ്റം ആക്ഷേപകരവും അവാസ്തവവുമായ പ്രസ്താവനകള്‍ ഉള്‍ക്കൊണ്ടിരിക്കുന്നതായി കണ്ടു. അതില്‍ വിബ്ജിയോറിനും ശരത്ചന്ദ്രനുമെതിരെ ഒഡേസ സത്യന്‍ ഉന്നയിച്ചിട്ടുള്ള വ്യാജ ആരോപണങ്ങള്‍ ഇങ്ങനെയൊരു വസ്തുനിഷ്ഠമായ മറുപടി നല്‍കാന്‍ ഞങ്ങളെ നിര്‍ബന്ധിതരാക്കുന്നു.

കേരളത്തിലെ ഫിലിം ആക്ടിവിസത്തിന്റെ ചരിത്രത്തില്‍ ഒരു നാഴികക്കല്ലാണ് ശരത്ചന്ദ്രന്‍. ജനകീയ സമരങ്ങളെകുറിച്ച് പി. ബാബുരാജുമായി ചേര്‍ന്ന് ശരത് സംവിധാനം ചെയ്ത നിരവധി ചിത്രങ്ങള്‍ അധികാരരാഷ്ട്രീയശക്തികളുടെ നയങ്ങളെ ഇടതു വലതു ഭേദമില്ലാതെ ചോദ്യം ചെയ്യുന്നവയാണ്. പ്ലാച്ചിമട സമരം, ചാലിയാര്‍ സമരം, ചെങ്ങറ, പൂയംകുട്ടി, കാതിക്കുടം, പാത്രക്കടവ് സമരങ്ങള്‍ , നര്‍മ്മദ മൂവ്‌മെന്റ്, ആണവവിരുദ്ധ സമരം, കന്ധമാലിലെ വര്‍ഗ്ഗീയ ലഹളയ്‌ക്കെതിരായുളള സമരം, ഇറോം ഷര്‍മ്മിളയോടുളള ഐക്യദാര്‍ഢ്യം തുടങ്ങി ജനകീയ മുന്നേറ്റങ്ങള്‍ക്ക് ശരത് നല്‍കിയ സംഭാവനകള്‍ എല്ലാവരാലും അംഗീകരിക്കപ്പെട്ടിട്ടുളളതാണ്. സമകാലിക ജനകീയ സമരങ്ങളിലൊന്നിലും ഭാഗഭാക്കായിട്ടില്ലാത്ത സത്യനെപ്പോലുള്ളവരുടെ അംഗീകാരം ശരത്ചന്ദ്രന് ആവശ്യവുമില്ല. പക്ഷെ, ശരത്തിനു മേല്‍ ആരോപിക്കപ്പെട്ട ഫണ്ടിങ്ങും ഗൂഢ ലക്ഷ്യങ്ങളും ആ മനുഷ്യന്റെ ജീവിതവും പ്രവര്‍ത്തനങ്ങളും അറിയാവുന്ന ആര്‍ക്കും ഉള്‍ക്കൊള്ളാനാവില്ല. വീഡിയോ ആക്റ്റീവിസത്തിനു മുതല്‍ക്കൂട്ടുക എന്ന വ്യക്തമായ ലക്ഷ്യത്തോടെ സ്വയം സമ്പാദിച്ച പണവും അതു തികയാതെ വന്നപ്പോള്‍ കുടുംബസ്വത്തു പോലും ഉപയോഗിച്ചാണ് വിവിധ സമരങ്ങളെ സഹായിക്കാനായി ശരത്ചന്ദ്രന്‍ ഡോക്യുമെന്ററികള്‍ നിര്‍മ്മിച്ചതും അവ പ്രദര്‍ശിപ്പിച്ചതും. വാസ്തവത്തില്‍, സത്യന്‍ തന്റെ “വൈയക്തിക” വീഡിയോകള്‍ നിര്‍മ്മിക്കാനായി പൊതുജനങ്ങളില്‍ നിന്ന് പിരിച്ചെടുത്ത പണത്തിന്റെ ഒരു ശതമാനം പോലും വരുന്ന സാമ്പത്തിക സഹായം ശരത്തിന് കിട്ടിയിട്ടില്ല. അതുകൊണ്ടുതന്നെ ശരത്ചന്ദ്രനെ കുറിച്ചുളള സത്യന്റെ അപകീര്‍ത്തികരമായ പ്രസ്താവനയെ ഞങ്ങള്‍ അപലപിക്കുന്നു.

വിബ്ജിയോര്‍ അന്താരാഷ്ട്ര ചലച്ചിത്രമേളയെക്കുറിച്ചുള്ള അഭിമുഖത്തിലെ പരാമര്‍ശങ്ങളും തികഞ്ഞ അസത്യങ്ങളാണ്. വിബ്ജിയോര്‍ നിയന്ത്രിക്കുന്നത് ക്രിസ്തീയ സഭയാണെന്ന ശുദ്ധ അസംബന്ധം തട്ടിവിട്ടുകൊണ്ട് ചരിത്രപ്രധാനമായ ഒരു സെക്കുലര്‍ പ്ലാറ്റ്‌ഫോമിനുമേല്‍ വര്‍ഗ്ഗീയമായ മാനങ്ങള്‍ അടിച്ചേല്‍പിക്കുകയാണ് സത്യന്‍.

വിബ്ജിയോര്‍ ഫിലിം കളക്ടീവ് എന്നത് വര്‍ഷം തോറുമുളള വിബ്ജിയോര്‍ ചലച്ചിത്രമേളയും അനുബന്ധ പ്രവര്‍ത്തനങ്ങളും സംഘടിപ്പിക്കുന്ന ലീഗല്‍ ബോഡിയാണ്. 2007 ജൂലൈയിലാണ് ഇത് രജിസ്റ്റര്‍ ചെയ്തത്. പിന്നീട് ഫെഡറേഷന്‍ ഓഫ് ഫിലിം സൊസൈറ്റി(എഎടക)യുടെ കീഴില്‍ ഒരു ഫിലിം സൊസൈറ്റിയായി രജിസ്റ്റര്‍ ചെയ്യുകയും ചെയ്തു. വര്‍ഗ്ഗീയതയ്‌ക്കെതിരെയുളള സമരങ്ങള്‍ , സ്ത്രീവിമോചന പ്രസ്ഥാനങ്ങള്‍ , ആദിവാസി സമരങ്ങള്‍, ആഗോളവല്‍ക്കരണവിരുദ്ധ സമരങ്ങള്‍ , ദലിത് മല്‍സ്യത്തൊഴിലാളി സമരങ്ങള്‍ തുടങ്ങി വിവിധ ജനകീയ മുന്നേറ്റങ്ങള്‍ക്കും പ്രസ്ഥാനങ്ങള്‍ക്കും ഇടം കണ്ടെത്തുക എന്ന ഉദ്ദേശ്യത്തോടെ നിരവധി സംഘടനകളുടെയും ജനകീയ പ്രസ്ഥാനങ്ങളുടെയും തുറന്ന സഹവര്‍ത്തിത്വത്തോടെ സംഘടിപ്പിക്കുന്ന ഒന്നാണ് വിബ്ജിയോര്‍ ചലച്ചിത്രമേള. കഴിഞ്ഞ ഏഴുവര്‍ഷത്തിനുളളില്‍ , നൂറുകണക്കിന് ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കുക മാത്രമല്ല അവ പ്രതിപാദിക്കുന്ന വിഷയങ്ങളില്‍ ലോകത്തെമ്പാടും നിന്നുളള പ്രശസ്തരും അപ്രശസ്തരുമായ ആക്ടിവിസ്റ്റുകള്‍ , ഡോക്യുമെന്ററി സംവിധായകര്‍ , സമര നേതാക്കള്‍ എന്നിവരുടെ സജീവപങ്കാളിത്തത്തോടെയുള്ള ചര്‍ച്ചകളും ഞങ്ങള്‍ സംഘടിപ്പിച്ചുവെന്ന് അഭിമാനപൂര്‍വ്വം പറയട്ടെ. കേരളത്തിലെ ആക്ടിവിസ്റ്റുകള്‍ പിന്നീട് ഏറ്റെടുത്ത പല വിഷയങ്ങളും ആദ്യമായി ജനശ്രദ്ധയിലേക്കെത്തിയത് വിബ്ജിയോറിന്റെ വേദിയിലാണ്. പ്ലാച്ചിമട, ചാലിയാര്‍, ചെങ്ങറ, അതിരപ്പിളളി, കാതിക്കുടം, ലാലൂര്‍, ചക്കംകണ്ടം സമരങ്ങള്‍ , മത്സ്യത്തൊഴിലാളി സമരങ്ങള്‍ , നാഗാ മനുഷ്യാവകാശ സമരം, ശ്രീലങ്കന്‍ തമിഴ് ജനതയുടെ മനുഷ്യാവകാശത്തിനു വേണ്ടിയുളള സമരം, പോസ്‌കോവിരുദ്ധ സമരം, ലൈംഗികന്യൂനപക്ഷങ്ങളുടെ അവകാശങ്ങള്‍ക്കു വേണ്ടിയുളള സമരം തുടങ്ങിയവയ്‌ക്കെല്ലാം ഐക്യദാര്‍ഢ്യവും പിന്തുണയും പ്രഖ്യാപിച്ചുകൊണ്ട് വിബ്ജിയോര്‍ അവര്‍ക്കൊപ്പം നിലകൊണ്ടു. ഈ സമരങ്ങളൊന്നും തന്നെ റെനി ഐലിന്‍ അവതരിപ്പിച്ച സത്യന്റെ അഭിപ്രായങ്ങള്‍ പങ്കുവയ്ക്കുന്നവയല്ല. ഞങ്ങളുടെ അറിവില്‍ ഒഡേസ സത്യന്‍ എന്ന വ്യക്തി ഒരിക്കലും ഈ സമരങ്ങളുടെയൊന്നും ഭാഗമായിരുന്നിട്ടില്ല; ഏതെങ്കിലും സമരമുഖം ചിത്രീകരിക്കാനോ അതു പ്രദര്‍ശിപ്പിക്കാനോ ഇയാള്‍ മുന്നിട്ടിറങ്ങിയിട്ടില്ല. അതുകൊണ്ടുതന്നെ ജനകീയ സമരങ്ങള്‍ക്കൊപ്പം നിലകൊള്ളുന്ന  വിബ്ജിയോറിനെയോ, ക്യാമറയും പ്രൊജക്റ്ററും സമരായുധമാക്കിയ ശരത്ചന്ദ്രനെയോ ചോദ്യം ചെയ്യാനുളള ധാര്‍മ്മികമായ യാതൊരവകാശവും ഒഡേസ സത്യനില്ല.

ദേശീയ  അന്തര്‍ദേശീയ തലങ്ങളില്‍ ശ്രദ്ധേയരായ നിരവധി ഡോക്യുമെന്ററി സംവിധായകരും, സാമൂഹിക പ്രവര്‍ത്തകരും വിബ്ജിയോറിന്റെ ഭാഗമാണ്. മേധ പട്കര്‍ , ഡോ.ബിനായക് സെന്‍ , പി. സായിനാഥ്, ഡോ.രാം ദയാല്‍ മുണ്ട, മല്ലിക സാരാഭായ്, ആനന്ദ് പട്‌വര്‍ദ്ധന്‍ , സയ്യിദ് മിര്‍സ, അലി കസ്മി, സി.കെ.ജാനു, പ്രഫുല്ല സാമന്ത് റായ്, ദയാമണി ബാര്‍ല, ടി. പീറ്റര്‍ തുടങ്ങി നിരവധി പേര്‍ വിബ്ജിയോറില്‍ പങ്കെടുക്കുകയും അതിന്റെ പ്രാദേശികവും സാര്‍വലൌകികവുമായ പ്രസക്തി തിരിച്ചറിയുകയും ചെയ്തവരാണ്. വര്‍ഷംതോറുമുളള ചലച്ചിത്രമേളയ്ക്കു പുറമേ, കാമ്പസ് വിബ്ജിയോറുകളും, വില്ലേജ് വിബ്ജിയോറുകളും പ്രതിമാസപ്രദര്‍ശനങ്ങളുമടക്കമുള്ള പ്രവര്‍ത്തനങ്ങളിലൂടെ സാമൂഹിക പ്രാധാന്യമുളള ചിത്രങ്ങള്‍ വിബ്ജിയോര്‍ സ്ഥിരമായി ജനങ്ങളിലെത്തിക്കുന്നുണ്ട് . എന്നാല്‍ , IFFK, IDSFFK, IFFT, TIFF എന്നിവ പോലുളള കേരളത്തിലെയും തൃശ്ശൂരിലെയും ചലച്ചിത്രമേളകള്‍ക്കു ലഭിക്കുന്നതിന്റെ നൂറിലൊന്ന് ധനസഹായം വിബ്ജിയോറിനു ലഭിക്കുന്നില്ല .  വ്യക്തികളില്‍ നിന്നും  പാസ്, പരസ്യങ്ങള്‍ എന്നിവ മുഖേനയും വിവിധ സംഘടനകള്‍, തദ്ദേശഭരണ സ്ഥാപനങ്ങള്‍ തുടങ്ങിയവയുടെ സംഭാവന വഴിയും കുറച്ചു പണം ലഭിക്കുമെങ്കിലും മിക്ക വര്‍ഷവും ചലച്ചിത്രമേള കടത്തിലാണ് അവസാനിക്കാറ്.

വരവു ചെലവു കണക്കുകള്‍ എല്ലാ വര്‍ഷവും ഓഡിറ്റ് ചെയ്ത് ജനറല്‍ ബോഡി യോഗത്തില്‍ അവതരിപ്പിക്കുന്ന സംഘടന സംവിധാനം വിബ്ജിയോറിനുണ്ട്.  ഞങ്ങള്‍ വിശ്വസിക്കുന്നത് കൂട്ടായ ഉത്തരവാദിത്തത്തിലാണ്. പൊതുസമാഹരണമെന്ന പേരില്‍ ചില ദശകങ്ങളായി സത്യന്‍ വാങ്ങിക്കൊണ്ടിരിക്കുന്ന സംഭാവനകള്‍ക്ക് ഇത്തരത്തില്‍ വ്യക്തവും കൃത്യവുമായ കണക്ക് കാണിക്കാന്‍ കഴിയുമോ എന്ന്  ഞങ്ങള്‍ക്കറിയില്ല. ഞങ്ങള്‍ മനസിലാക്കിയിടത്തോളം, സത്യന് സംഭാവന നല്‍കിയവര്‍ക്കും കൃത്യമായ കണക്കില്ല. അങ്ങനെയുളള ഒരാള്‍ക്ക് വിബ്ജിയോറിനു മേല്‍ സാമ്പത്തിക ക്രമക്കേടുകള്‍ ആരോപിക്കാനുളള യാതൊരവകാശവുമില്ല. ഇനി, വിബ്ജിയോര്‍ സത്യനൊരു രാഷ്ട്രീയപ്രശ്‌നമാണെങ്കില്‍ അദ്ദേഹമെന്തിനാണ് വിബ്ജിയോര്‍ ചലച്ചിത്രമേളയില്‍ തന്റെ സ്റ്റാള്‍ നടത്തിയത്.

ഏവരെയും ഉള്‍ക്കൊള്ളുന്ന രാഷ്ട്രീയത്തിലാണ് വിബ്ജിയോര്‍ വിശ്വസിക്കുന്നത്. കാറ്റും വെളിച്ചവുമുള്ള ആ രാഷ്ടീയത്തിനു മാത്രമേ സമൂഹത്തെ ഉച്ചലിപ്പിക്കാനാവൂ എന്ന്  ഞങ്ങള്‍ കരുതുന്നു. അതുകൊണ്ടുതന്നെ , ഞങ്ങളുടെ എല്ലാ  പ്രവര്‍ത്തനങ്ങളിലും വ്യത്യസ്ത പ്രത്യയശാസ്ത്രങ്ങളില്‍ വിശ്വസിക്കുന്നവരെയും, വിവിധ രാഷ്ട്രീയപ്രസ്ഥാനങ്ങളില്‍ പെട്ടവരെയും, ജനകീയ സമരങ്ങളുടെ നേതാക്കളെയും, എല്ലാ മേഖലയില്‍ നിന്നുമുള്ള നിന്നുള്ള വിദഗ്ധരെയും ബുദ്ധിജീവികളെയും, സന്നദ്ധ സംഘടനകളെയും, ചലച്ചിത്രപ്രവര്‍ത്തകരെയും ആസ്വാദകരെയും കലാകാരന്മാരെയും, മാധ്യമപ്രവര്‍ത്തകരെയും ഞങ്ങള്‍ ഉള്‍പ്പെടുത്തിവരുന്നു. കേരളത്തില്‍ ഇന്നുള്ള അപൂര്‍വ്വം ജനകീയപൊതുവിടങ്ങളിലൊന്നാണ് വിബ്ജിയോര്‍.  അതുകൊണ്ടുതന്നെയാണ് ഒഡേസ സത്യനെപ്പോലുള്ളവര്‍ക്ക് അദ്ദേഹത്തിന്റെ ബിസിനസ്സ് സ്റ്റാളിടാന്‍ വിബ്ജിയോര്‍ മേളയില്‍ ഇടം ലഭിക്കുന്നത്. ഈ വസ്തുത മനസ്സിലാക്കാനാവാത്ത രോഗാതുരമായ മനസ്സിന്റെ പ്രതിഫലനമാണ് സത്യന്റെ അഭിമുഖം.

അഭിമുഖത്തില്‍ സി.പി.ഐ.എമ്മിനെയും ഇ.എം.എസ്സിനെയും ഇകഴ്ത്തുന്ന സത്യന്‍, ജോണ്‍ എബ്രഹാമിനെ വാഴ്ത്തുകയും ചെയ്യുന്നുണ്ട്. വിബ്ജിയോര്‍ അംഗങ്ങള്‍ക്ക് ഈ പ്രസ്താവനയോട് യോജിക്കാനും വിയോജിക്കാനുമുളള അവകാശം ഉണ്ടെന്നിരിക്കെ, ഇത്തരം പ്രസ്താവനകളോട് പ്രതികരിക്കുക ഞങ്ങളുടെ ചുമതലയല്ലെങ്കിലും ഒരു വസ്തുത ഓര്‍മ്മിപ്പിക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു.  ഒരിക്കല്‍ ഇതേ ജോണ്‍ എബ്രഹാം  ഇ.എം.എസ് നമ്പൂതിരിപ്പാടിനെക്കുറിച്ച് ഒരു ഡോക്യുമെന്ററി എടുക്കാന്‍ മുന്നോട്ടുവരികയും ചര്‍ച്ചകള്‍ പ്രാഥമികഘട്ടത്തില്‍ തന്നെ പരാജയപ്പെട്ടതുകൊണ്ടു ആ സംരംഭം ഉപേക്ഷിക്കുകയും ചെയ്തിരുന്നു.  സി.പി.ഐ.എം സംഘടനയായ ജനശക്തി ജോണിന്റെ സിനിമകള്‍ നിര്‍മ്മിക്കുകയും വിതരണം ചെയ്യുകയും ചെയ്തിട്ടുമുണ്ട്.

വസ്തുതാവിരുദ്ധവും അപകീര്‍ത്തികരവുമായ ഇത്തരം അഭിമുഖങ്ങള്‍ പ്രസിദ്ധീകരിക്കരുതെന്നും അതുവഴി  ദ്വേഷവും സ്വാര്‍ത്ഥവും തന്‍പ്രമാണിത്തവും മാത്രം കൈമുതലാക്കിയ വ്യാജ ആക്റ്റിവിസ്റ്റുകളെ പ്രാത്സാഹിപ്പിക്കരുതെന്നും തേജസ് ദൈ്വവാരികയോട് ഞങ്ങള്‍ അപേക്ഷിക്കുന്നു.  ഇന്ത്യയില്‍ തന്നെ സമാനതകളില്ലാത്ത ഈയൊരു ചലച്ചിത്രമേള യാഥാര്‍ത്ഥ്യമാക്കാന്‍ പ്രയത്‌നിച്ച വലിയൊരു വിഭാഗം ജനങ്ങളുടെ വിശ്വാസ്യതയെയെ തീര്‍ത്തും നിരുത്തരവാദപരമായാണ് റെനിയും സത്യനും തേജസിന്റെ എഡിറ്ററും ചേര്‍ന്ന് ചോദ്യംചെയ്തതു. ജനകീയ പ്രസ്ഥാനങ്ങള്‍ക്കും, ഫിലിം  മീഡിയാ ആക്ടിവിസ്റ്റുകള്‍ക്കുമെതിരെ നടത്തുന്ന അപവാദപ്രചരണം രാഷ്ട്രീയ പ്രാധാന്യത്തോടെ കാണേണ്ടതുണ്ടെന്ന് ഞങ്ങള്‍ കരുതുന്നു.  ഇവര്‍ മൂന്നു പേരും കേരളത്തിലെ പൊതുസമൂഹത്തോടും വിബ്ജിയോര്‍ ചലച്ചിത്രമേളയോടും അടിയന്തരമായി മാപ്പ് പറയുകയാണ് വേണ്ടത്.  അതോടൊപ്പം ഈ തുറന്ന മറുപടി നിങ്ങളുടെ മാസികയില്‍ അതേ പ്രാധാന്യത്തോടെയും ഉത്തരവാദിത്തത്തോടെയും കൂടി പൂര്‍ണ്ണരൂപത്തില്‍ പ്രസിദ്ധീകരിക്കണമെന്നും ഞങ്ങള്‍ ആവശ്യപ്പെടുന്നു. യഥാര്‍ത്ഥ ജനകീയപൊതുവിടങ്ങളെയും അതിന്റെ പ്രതിരോധ പ്രവര്‍ത്തനങ്ങളെയും പ്രവര്‍ത്തകരെയും അപകീര്‍ത്തിപ്പെടുത്തുന്ന ഇത്തരം പ്രവൃത്തികളില്‍ നിന്ന് നിങ്ങള്‍ പിന്മാറുമെന്ന് ഞങ്ങള്‍  പ്രതീക്ഷിക്കുന്നു