| Sunday, 3rd February 2013, 11:10 am

വിശ്വരൂപം തമിഴ്‌നാട്ടില്‍ പ്രദര്‍ശിപ്പിക്കാന്‍ ധാരണയായി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ചെന്നൈ:വിശ്വരൂപം തമിഴ്‌നാട്ടില്‍ പ്രദര്‍ശിപ്പിക്കാന്‍ ധാരണ. വിവിധ മുസ്ലിം സംഘടനകളുമായി കമലഹാസന്‍ നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് തീരുമാനം.  ചിത്രത്തിലെ ഏഴ് രംഗങ്ങള്‍ എഡിറ്റ് ചെയ്ത് ഒഴിവാക്കാനാണ് മുസ്ലിംസംഘനടകള്‍ നിര്‍ദേശിച്ചത് .[]

ഇത് അംഗീകരിക്കാന്‍ കമലഹാസന്‍ തയ്യാറായതോടെയാണ് വിശ്വരൂപം പ്രദര്‍ശിക്കാന്‍ തീരുമാനിച്ചത്.  കഴിഞ്ഞ ദിവസം കമലഹാസന്റെ സഹോദരന്‍ ചന്ദ്രഹാസന്‍ സംഘടനകളുമായി ചര്‍ച്ച നടത്തിയിരുന്നെങ്കിലും പരാജയപ്പെടുകയായിരുന്നു.

ഇതേ തുടര്‍ന്നാണ് തമിഴ്‌നാട് ആഭ്യന്തരസെക്രട്ടറി ആര്‍ രാജഗോപാലിന്റെ  നേതൃത്വത്തില്‍ കമലഹാസന്‍ തന്നെ ഇന്ന് ഇരുവരുമായി നേരിട്ട് ചര്‍ച്ച നടത്തിയത്. ചിത്രത്തിലെ ഏത് ഭാഗങ്ങളാണ് ഒഴിവാക്കുകയെന്ന് ഇനിയും വ്യക്തക്കിയിട്ടില്ല.

പ്രശ്‌നം പരിഹരിച്ചതിനെ തുടര്‍ന്ന് സിനിമയുടെ പ്രദര്‍ശനത്തിനുള്ള വിലക്ക് കോടതി പിന്‍വലിക്കുമെന്ന പ്രതീക്ഷയാണുള്ളതെന്നും ഇതിന് ശേഷം ഉടന്‍ തന്നെ തമിഴ്‌നാട്ടില്‍ സിനിമ റിലീസ് ചെയ്യുമെന്നും കമലഹാസന്‍ പറഞ്ഞു.

പ്രശ്‌നം പരിഹരിക്കാന്‍ കമലഹാസന്‍ തയ്യാറായതിനെ തുടര്‍ന്ന് സിനിമയ്്‌ക്കെതിരെയുള്ള പ്രതിഷേധ പരിപാടികളില്‍ നിന്നും പിന്മാറുന്നതായി തമിഴ്‌നാട് ജമാഅത്ത്  പ്രതിനിധിയും തമിഴ്‌നാട് മുസ്ലിം മുന്നേറ്റകഴകം നേതാവ് എംഎച്ച് ജവഹറുള്ളയും പറഞ്ഞു.

മുസ്ലിംസംഘടനകളുമായി ചര്‍ച്ചനടത്തി വിവാദം പരിഹരിച്ചാല്‍ സിനിമയ്ക്ക് പ്രദര്‍ശനാനുമതി നല്‍കുമെന്നും, കമലഹാസനുമായി തനിക്ക് വ്യക്തിപരമായി യാതൊരു വിരോധവുമില്ലെന്നും  മുഖ്യമന്ത്രി ജയലളിതയും പറഞ്ഞിരുന്നു.

We use cookies to give you the best possible experience. Learn more