ആ സീനിൽ എന്റെ അഭിനയം കണ്ട് ഷാജി കൈലാസ് കട്ട് പറയാൻ മറന്നു, രൺജി വന്നെന്നെ കെട്ടിപ്പിടിച്ചു: വിജയരാഘവൻ
Entertainment
ആ സീനിൽ എന്റെ അഭിനയം കണ്ട് ഷാജി കൈലാസ് കട്ട് പറയാൻ മറന്നു, രൺജി വന്നെന്നെ കെട്ടിപ്പിടിച്ചു: വിജയരാഘവൻ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Tuesday, 15th October 2024, 4:11 pm

വർഷങ്ങളായി മലയാള സിനിമയിൽ നിറസാന്നിധ്യമാണ് നടൻ വിജയരാഘവൻ. ഈ കാലത്തിനിടയ്ക്ക് വ്യത്യസ്ത കഥാപാത്രങ്ങൾ അദ്ദേഹം ചെയ്തു ഫലിപ്പിച്ചു കഴിഞ്ഞു.
പൂക്കാലം, ആന്റണി തുടങ്ങി ഏറ്റവും ഒടുവിലിറങ്ങിയ കിഷ്കിന്ധാ കാണ്ഡം എന്നിങ്ങനെ ഈയിടെ വന്ന എല്ലാ ചിത്രങ്ങളിലും മികച്ച പ്രകടനമാണ് വിജയരാഘവൻ കാഴ്ചവെച്ചത്.

ഷാജി കൈലാസ് സംവിധാനം ചെയ്ത ഏകലവ്യൻ എന്ന ചിത്രത്തിലെ തന്റെ കഥാപാത്രത്തിനെ കുറിച്ച് സംസാരിക്കുയാണ് അദ്ദേഹം. ചിത്രത്തിൽ സുരേഷ് ഗോപിയോട് താൻ പറയുന്ന ഒരു ഡയലോഗ് ഒറ്റ ടേക്കിലാണ് എടുത്തതെന്നും അന്ന് ഷാജി കൈലാസ് കട്ട് പറയാൻ മറന്നെന്നും വിജയരാഘവൻ പറയുന്നു. മാതൃഭൂമി ഗൃഹലക്ഷ്മി മാഗസിനോട്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘വ്യത്യസ്‌ത സാഹചര്യത്തിൽ ജീവിക്കുന്ന കഥാപാത്രങ്ങളെ എപ്പോഴും ഇഷ്ട‌മാണ്. ആനക്കാരനാകണമെന്നും ബസ് കണ്ടക്ടർ ആകണമെന്നുമെല്ലാം കുട്ടിക്കാലത്ത് ആഗ്രഹിച്ചിട്ടുണ്ട്. ആൾക്കൂട്ടത്തിൽ ഇവരെല്ലാം ശ്രദ്ധിക്കപ്പെടുന്നുണ്ടെന്ന് തോന്നി.

നമ്മളെ എല്ലാ മനുഷ്യരും ശ്രദ്ധിക്കണമെന്ന ആഗ്രഹത്തിൽ നിന്നുണ്ടായ തോന്നൽ ആയിരിക്കാം. പിന്നീട് കോളേജ് കാലമെത്തിയപ്പോൾ പൊലീസ് ഇൻസ്പെക്ടർ ആകണമെന്ന് ആഗ്രഹിച്ചു. അഭിനയരംഗത്തെത്തിയപ്പോൾ ഈ കഥാപാത്രങ്ങളെയെല്ലാം ചെയ്യാനായി എന്നത് ഭാഗ്യമാണ്.

ഏകലവ്യനിലെ ‘ചേറാടി കറിയ’ എന്ന കഥാപാത്രം എൻ്റെ സിനിമാ ജീവിതത്തിലെ വഴിത്തിരിവായിരുന്നു. യുവത്വമുള്ള കഥാപാത്രങ്ങൾ മാത്രം ചെയ്യുന്ന സമയത്താണ് അത്രയും പ്രായമുള്ള കഥാപാത്രത്തെ ഏറ്റെടുക്കുന്നത്. അതിന് കിട്ടിയ സ്വീകാര്യത ആത്മവിശ്വാസമായി. പ്രേക്ഷകർക്ക് മുന്നിൽ അതുവരെയുണ്ടായ ഇമേജ് പൊളിയണം എന്ന ആഗ്രഹവും ആ കഥാപാത്രം തെരഞ്ഞെടുത്തതിന് പിന്നിലുണ്ടായിരുന്നു. രൺജി പണിക്കരും ഷാജി കൈലാസും എന്നെ അന്ന് വിശ്വാസത്തിലെടുത്തു.

അതിൽ സുരേഷ്ഗോപിയോട് നേരെ നിന്ന് പറയുന്ന ഒരുനെടുനീളൻ ഡയലോഗുണ്ട്. ഒറ്റ ടേക്കാണ്. ആ സീനിന് ഷാജി കൈലാസ് കട്ട് പറയാൻ മറന്നുപോയി. ഷോട്ട് കഴിഞ്ഞപ്പോൾ രൺജി വന്ന് കെട്ടിപ്പിടിച്ചു. അത് ഒരിക്കലും മറക്കില്ല. രൺജി എനിക്ക് അത്തരം വ്യത്യസ്‌ത കഥാപാത്രങ്ങൾ തന്നിട്ടുണ്ട്. മാഫിയയിൽ കാലിന് സ്വാധീനക്കുറവുള്ള ശിവപ്പ, രൗദ്രത്തിലെ അപ്പച്ചായി. ദ കിങ്ങിലെ സഞ്ജയ് എന്നിവയെല്ലാം ഏറെ അഭിനയ സാധ്യതയുള്ളവയായിരുന്നു,’വിജയ രാഘവൻ പറയുന്നു.

 

Content Highlight: Viajayaraghavan About His Character In Ekalavyan movie