ഈ വര്‍ഷം ആരംഭിക്കാനിരിക്കുന്ന വനിതാ ഐ.പി.എല്ലിന്റെ സംപ്രേക്ഷണാവകാശം വന്‍തുകക്ക് സ്വന്തമാക്കി റിലയന്‍സ്. റിലയന്‍സിന്റെ ഉടമസ്ഥതയിലുള്ള വയാകോം 18 ആണ് വനിതാ ഐ.പി.എല്ലിന്റെ മീഡിയ റൈറ്റ്‌സ് സ്വന്തമാക്കിയിരിക്കുന്നത്.
അഞ്ച് വര്‍ഷത്തേക്ക് 951 കോടി രൂപയ്ക്കാണ് വയാകോം 18 ടൂര്‍ണമെന്റിന്റെ മീഡിയ റൈറ്റ്‌സ് സ്വന്തമാക്കിയിരിക്കുന്നത്. 2023 മുതല്‍ 2027 വരെയാണ് കരാര്‍. ഈ കാലയളവില്‍ നടക്കുന്ന ഓരോ മത്സരത്തിനും 7.09 കോടി രൂപയാണ് ബി.സി.സി.ഐയുടെ കീശയിലെത്തുക.
NEWS 🚨- The BCCI is pleased to announce Viacom18 Media Private Limited as the successful bidder of Media Rights for the Women’s Indian Premier League (WIPL) Seasons 2023-2027.
ഇതോടെ ഏറ്റവുമധികം പണം വാരുന്ന രണ്ടാമത്തെ ക്രിക്കറ്റ് ലീഗാവാനും വനിതാ ഐ.പി.എല്ലിന് സാധിച്ചു. പുരുഷ ഐ.പി.എല്ലാണ് ഏറ്റവുമധികം പണം വാരുന്ന സ്‌പോര്‍ട്‌സ് ലീഗ്. ക്രിക്കറ്റില്‍ മാത്രമല്ല, മറ്റ് കായിക മത്സരങ്ങളും കണക്കിലെടുക്കുമ്പോള്‍ ഐ.പി.എല്‍ ഏറെ മുമ്പിലാണ്.
ഓരോ മത്സരത്തിന്റെയും സംപ്രേക്ഷണത്തിനായി നേടുന്ന തുകയെ അടിസ്ഥാനമാക്കി നോക്കുമ്പോള്‍ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിനെക്കാളും (ഇ.പി.എല്‍) നാഷണല്‍ ബാസ്‌ക്കറ്റ് ബോള്‍ അസോസിയേഷനെക്കാളും (എന്‍.ബി.എ) ഐ.പി.എല്‍ എത്രയോ മുന്‍പന്തിയിലാണ്.
115.7 കോടി രൂപയാണ് ഐ.പി.എല്ലിലെ കേവലം ഒരു മത്സരത്തിന്റെ സംപ്രേക്ഷണാവകാശത്തിലൂടെ ബി.സി.സി.ഐക്ക് ലഭിക്കുന്നത്. 2008ല്‍ ഐ.പി.എല്‍ ആരംഭിക്കുമ്പോള്‍ 13.6 കോടി രൂപയുണ്ടായിരുന്നതാണ് 2023ല്‍ 115 കോടിയിലേക്കെത്തി നില്‍ക്കുന്നത്.
ഐ.പി.എല്ലിന്റെ മീഡിയ റൈറ്റ്‌സ് ഓക്ഷന്‍ കണ്ട് നേരത്തെ തന്നെ കിളിപാറിയ പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡിനിപ്പോള്‍ വീണ്ടും നെഞ്ചില്‍ ഇടിത്തീ വെട്ടിയ അവസ്ഥയാണ്. പാകിസ്ഥാന്‍ സൂപ്പര്‍ ലീഗിനെ മുന്‍നിര്‍ത്തി ബി.സി.സി.ഐയെ വെല്ലുവിളിച്ച പി.സി.ബി ഇപ്പോള്‍ വനിതാ ഐ.പി.എല്ലിന് മുമ്പിലും നാണം കെടുകയാണ്.
പി.എസ്.എല്ലിന് മുമ്പില്‍ ഐ.പി.എല്‍ ഒന്നുമല്ലെന്നായിരുന്നു പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡിന്റെ പ്രസ്താവന.
ചെറിയ ചില മാറ്റങ്ങള്‍ കൂടി വരുത്തിയാല്‍ ഒരു ക്രിക്കറ്റര്‍ പോലും ഐ.പി.എല്‍ കളിക്കാന്‍ പോകില്ല, പകരം എല്ലാവരും പി.എസ്.എല്‍ കളിക്കാന്‍ പാകിസ്ഥാനിലേക്ക് വരും തുടങ്ങിയ നിരീക്ഷണങ്ങള്‍ നടത്തിയ പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡിപ്പോള്‍ വീണ്ടും ‘തോല്‍വിയേറ്റുവാങ്ങിയിരിക്കുകയാണ്’.
2.44 കോടി രൂപയാണ് പാകിസ്ഥാന്‍ സൂപ്പര്‍ ലീഗിലെ ഓരോ മത്സരത്തിനും ലഭിക്കുന്നത്. പണംവാരി ലീഗുകളില്‍ മൂന്നാം സ്ഥാനത്താണ് പി.എസ്.എല്‍.
ഡിസ്നി പ്ലസ് ഹോട് സ്റ്റാര്‍, സോണി, സീ എന്നിവരാണ് വയാകോമിനൊപ്പം മീഡിയ ഓക്ഷനില്‍ പങ്കെടുത്തത്.
മാര്‍ച്ച് മൂന്ന് മുതല്‍ 26വരെയായിരിക്കും വനിതാ ഐ.പി.എല്ലിന്റെ ആദ്യ സീസണ്‍. താരങ്ങളെ സ്വന്തമാക്കാനുള്ള ലേല നടപടികളും ബി.സി.സി.ഐ ആരംഭിച്ചിട്ടുണ്ട്. ഓരോ ടീമിനും കളിക്കാരെ സ്വന്തമാക്കാന്‍ 40 കോടി രൂപവരെയായിരിക്കും ആദ്യ സീസണില്‍ അനുവദിക്കുക.
ഓരോ ടീമിനും കുറഞ്ഞത് 1000 കോടി രൂപയെങ്കിലും മതിപ്പുവില ഉണ്ടായിരിക്കുമെന്നാണ് വിലയിരുത്തല്‍. കേരളത്തിനും ഒരു ടീം ലഭിക്കാന്‍ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.
Content Highlight: Viacom 18 acquires broadcast rights for Women’s IPL