ന്യൂദല്‍ഹി: അയോധ്യയില്‍ രാമക്ഷേത്രനിര്‍മ്മാണം ലക്ഷ്യം വച്ച് പുതിയ 25,000 “സൈനികുകളെ” ബജ്‌രംഗദളില്‍ ചേര്‍ക്കുമെന്ന് വി.എച്ച്.പി. ഇവരില്‍ കുറച്ചു പേര്‍ക്ക് ത്രിശൂലം ഉപയോഗിക്കാനുള്ള പരിശീലനം നല്‍കുമെന്നും വി.എച്ച്.പി അറിയിച്ചു. പുതിയ റിക്രൂട്ടുകള്‍ക്ക് ത്രിശൂല്‍ ദീക്ഷ (കത്തി പോലുള്ള ഒരു ആയുധം) നല്‍കുമെന്നും വി.എച്ച്.പി പറഞ്ഞതായി ദി ഹിന്ദു റിപ്പോര്‍ട്ടു ചെയ്തു. വി.എച്ച്.പിയുടെ യുവജന സംഘടനയാണ് ബജ്‌രംഗദള്‍.
നവംബര്‍ 25ന് ധര്‍മ്മ സഭ എന്ന പേരില്‍ അയോധ്യയില്‍ വെച്ച് വി.എച്ച്.പി യോഗം സംഘടിപ്പിക്കുമെന്നും രാജ്യത്തെ വിവിധ ഹിന്ദു സംഘടനകള്‍ അതില്‍ പങ്കെടുക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഡിസംബര്‍ 9ന് ദല്‍ഹിയില്‍ വച്ച സമാന രീതിയിലുള്ള കൂടിക്കാഴ്ച നടത്തുമെന്നും വി.എച്ച്.പി അറിയിച്ചു. ബാബരി മസ്ജിദ് പൊളിച്ചത് 1992 ഡിസംബര്‍ ആറിനായിരുന്നു.
Also Read ലോകത്തെ ഭീകരാക്രമണങ്ങളുടെ ഉറവിടം ഒരൊറ്റ സ്ഥലം : മോദി കിഴക്കന്‍ ഏഷ്യന്‍ സമ്മിറ്റില്‍
“അയോധ്യാ കേസ് കോടതി നീട്ടി വച്ചതില്‍ ഹിന്ദുമത വിശ്വാസികള്‍ക്ക് അമര്‍ഷമുണ്ട്”- വി.എച്ച്.പി വൈസ് പ്രസിഡന്റ് ചമ്പത്ത് റായ് പറഞ്ഞു. ക്ഷേത്രത്തിനായുള്ള കാത്തിരിപ്പ് അസഹനീയമായി മാറിയെന്നും റായ് കൂട്ടിച്ചേര്‍ത്തു.
“ആവശ്യമെങ്കില്‍ ബജ്‌രംഗദളിന്റെ അണികള്‍ക്ക് ഏത് സമയവും അയോധ്യയിലേക്ക് മാര്‍ച്ച് ചെയ്ത് ക്ഷേത്രത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങാന്‍ സാധിക്കും”- വി.എച്ച്.പി അവദ് സംഘടനാ സെക്രട്ടറി ബോലേന്ദ്ര പ്രസ്താവനയില്‍ പറഞ്ഞതായി ഹിന്ദു റിപ്പോര്‍ട്ടു ചെയ്തു. ആയുധ പരിശീലനം ഇന്ത്യന്‍ സംസ്‌കാരത്തിന്റെ ഭാഗമാണെന്നും ബോലേന്ദ്ര പറഞ്ഞു. ഹിന്ദു മതത്തേയും സംസ്‌കാരത്തേയും സംരക്ഷിക്കാനാണ് ഇത്തരം പരിശീലനങ്ങള്‍ എന്നും അദ്ദേഹം പറഞ്ഞു.
അതേ സമയം വി.എച്ച്.പിയുടെ പുതിയ നീക്കങ്ങള്‍ ആശങ്കാജനകമാണെന്ന് ബാബരി മസ്ജിദ് ഹരജിക്കാരന്‍ ഇഖ്ബാല്‍ അന്‍സാരി പറഞ്ഞു. ക്ഷേത്രം വേണമെന്ന ആവശ്യവുമായി കൂടുതല്‍ ഹിന്ദു സംഘടനകള്‍ പ്രദേശത്ത് പ്രകോപനപരമായി തടിച്ചു കൂടുന്നത് അയോധ്യയിലെ മുസ് ലീകള്‍ക്ക് അരക്ഷിതാവസ്ഥ സൃഷ്ടിക്കുമെന്ന് അന്‍സാരി പറഞ്ഞു.
Also Read ശബരിമലയിലെ ഓണ്‍ലൈന്‍ ബുക്കിംഗ്; യുവതികളുടെ എണ്ണം 800 കവിഞ്ഞു
“1992 സമാനമായ രീതിയിലായിരുന്നു ആളുകള്‍ സംഘടിച്ചത്. അന്ന് പള്ളികള്‍ നശിപ്പിച്ചു, വീടുകള്‍ക്ക് തീവെച്ചു. ഇനിയും അത്തരത്തിലൊന്ന് സംഭവിക്കില്ലെന്ന് എന്താണ് ഉറപ്പ്?”- അന്‍സാരി ചോദിച്ചു.
വി.എച്ച്.പിയുടെ സമ്മേളനത്തിനു മുമ്പ് മതിയായ സുരക്ഷ ഒരുക്കിയില്ലെങ്കില്‍ താന്‍ അയോധ്യയില്‍ നിന്ന് മാറുമെന്ന് അന്‍സാരി പറഞ്ഞതായും ഹിന്ദു റിപ്പോര്‍ട്ടു ചെയ്യുന്നു.
Image credits: Hindustan Times