കൊല്ലം ജില്ലയിലെ ദളിത്, ആദിവാസി മേഖലകളില്‍ നിന്നും ക്രിസ്തുമതത്തിലേക്കു പരിവര്‍ത്തനം ചെയ്തവരെ തിരിച്ചുകൊണ്ടുവരാനാണ് വി.എച്ച്.പിയുടെ നീക്കം. പുനലൂര്‍ കേന്ദ്രീകരിച്ച് മതപരിവര്‍ത്തനത്തിനായി വന്‍ കാമ്പെയ്‌നാണ് വി.എച്ച്.പി നടത്തുന്നത്. നൂറുകണക്കിന് ആളുകളെ ഉള്‍പ്പെടുത്തി ചര്‍ച്ചകളും സംഘടിപ്പിച്ചിട്ടുണ്ട്.
വി.എച്ച്.പി സംസ്ഥാന നേതൃത്വത്തിന്റെ അറിവോടെയാണ് മതപരിവര്‍ത്തന ചടങ്ങ് സംഘടിപ്പിക്കുന്നത്. ജനുവരി ആദ്യം നടത്തുന്ന പരിപാടിയില്‍ വി.എച്ച്.പി നേതാവ് യോഗി ആദിത്യനാഥ് ഉള്‍പ്പെടെയുള്ള പ്രമുഖര്‍ പങ്കെടുക്കുമെന്നും വി.എച്ച്.പി പ്രാദേശിക നേതാക്കള്‍ അറിയിച്ചു.
കഴിഞ്ഞദിവസം കൊല്ലം ജില്ലയിലെ അഞ്ചലില്‍ ഒരു കുടുംബത്തിലെ മൂന്നുപേരെ ഉള്‍പ്പെടെ അഞ്ചുപേരെ മതംമാറ്റിയിരുന്നു. ഇതേ മാതൃകയിലാണ് പുനലൂരിലും മതപരിവര്‍ത്തന ചടങ്ങ് സംഘടിപ്പിക്കുകയെന്നും നേതാക്കള്‍ പറഞ്ഞു.
നേരത്തെ ഏതെങ്കിലും സാഹചര്യത്തില്‍ ഭീഷണിപ്പെടുത്തിയും നിര്‍ബന്ധിച്ചും മതപരിവര്‍ത്തനത്തിന് വിധേയരായവര്‍ സ്വമേധയാ തിരിച്ചുവരികയാണെന്നാണ് വി.എച്ച്.പി പ്രാദേശിക നേതാവ് സനീഷ്‌കുമാര്‍ പറഞ്ഞു. ദാരിദ്രവും, ഹിന്ദുമതത്തിലെ ജാതീയതയും കാരണമാണ് ഇവര്‍ ക്രിസ്തുമതത്തിലേക്ക് മാറിയത്. ക്രിസ്തുമതത്തിലും ഇവരെ പിന്നോക്കകാരായാണ് പരിഗണിക്കുന്നത്. അതുകൊണ്ടാണ് ഇവര്‍ പരമ്പരാഗത വിശ്വാസത്തിലേക്ക് തിരിച്ചുവരാന്‍ ആഗ്രഹിക്കുന്നതെന്നും സനീഷ്‌കുമാര്‍ പറഞ്ഞു.
വളരെ ആസൂത്രിതമാണ് വി.എച്ച്.പി നീക്കം. സംസ്ഥാന നേതാക്കളുടെ നിര്‍ദേശ പ്രകാരം കൊല്ലം ജില്ലയുടെ കിഴക്കന്‍ മേഖലയിലെ മറ്റു മതസ്ഥരെ എന്തു വിലകൊടുത്തും ഹിന്ദുമതത്തിലേക്കു കൊണ്ടുവരികയെന്ന ലക്ഷ്യത്തോടെയാണ് വി.എച്ച്.പി നീക്കം. ആദിവാസി, ദളിത് പോലുള്ള ദുര്‍ബല വിഭാഗങ്ങളെയാണ് വി.എച്ച്.പി ലക്ഷ്യമിടുന്നത്.