Advertisement
National Politics
സി.ഐ.എയ്ക്ക് വി.എച്ച്.പിയുടെ ഭീഷണി; മതതീവ്രവാദ സംഘടകളുടെ പട്ടികയില്‍ നിന്നും വി.എച്ച്.പിയെ ഒഴിവാക്കിയില്ലെങ്കില്‍ പ്രത്യാഘാതം നേരിടേണ്ടിവരുമെന്ന് മുന്നറിയിപ്പ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
2018 Jun 15, 07:50 am
Friday, 15th June 2018, 1:20 pm

 

ന്യൂദല്‍ഹി: വി.എച്ച്.പിയെ മതതീവ്രവാദ സംഘടനയുടെ ഗണത്തില്‍പ്പെടുത്തിയതിന് സി.ഐ.എയ്ക്ക് സംഘടനയുടെ ഭീഷണി. മതതീവ്രവാദ സംഘടനകളുടെ ഗണത്തില്‍ നിന്നും വി.എച്ച്.പിയെ മാറ്റിയില്ലെങ്കില്‍ സി.ഐ.എയ്‌ക്കെതിരെ അന്താരാഷ്ട്രതലത്തില്‍ പ്രക്ഷോഭം ആരംഭിക്കുമെന്നാണ് സംഘടനയുടെ ഭീഷണി.

രാജ്യത്തിന്റെ ക്ഷേമത്തിനുവേണ്ടി പ്രവര്‍ത്തിക്കുന്ന ദേശീയവാദി സംഘമാണ് വി.എച്ച്.പിയെന്ന് അവകാശപ്പെട്ട സംഘടന, സി.ഐ.എയുടെ ആരോപണങ്ങള്‍ തെറ്റും അടിസ്ഥാനരഹിതവുമാണെന്ന് അഭിപ്രായപ്പെട്ടു.

ഉസാമ ബിന്‍ ലാദനെ സൃഷ്ടിച്ച യു.എസ് ഇന്റലിജന്‍സ് ഏജന്‍സിക്ക് ഇതിനെക്കുറിച്ച് ക്ലാസെടുക്കാനുള്ള ധാര്‍മ്മിക അധികാരമില്ലെന്നും വി.എച്ച്.പി പ്രസ്താവനയില്‍ പറഞ്ഞു.


Also Read:പൊലീസുകാരെക്കൊണ്ട് പട്ടിയെ കുളിപ്പിക്കും, മീന്‍ വാങ്ങിക്കും, ജാതിപ്പേര് വിളിച്ച് അധിക്ഷേപിക്കും; പ്രതികാര നടപടികള്‍ വെളിപ്പെടുത്തി പൊലീസുകാരന്‍


 

സര്‍ക്കാര്‍ ഇക്കാര്യം യു.എസിന്റെ ശ്രദ്ധയില്‍പ്പെടുത്തണമെന്നും സി.ഐ.എ ഖേദം പ്രകടിപ്പിക്കണമെന്നും വി.എച്ച്.പി നേതാവ് സുരേന്ദ്ര ജെയ്ന്‍ പറഞ്ഞു.

ഹിന്ദുത്വ സംഘടനകളായ വിശ്വ ഹിന്ദു പരിഷത്തിനെയും ബജ്രംഗ്ദളിനെയും മത തീവ്രവാദ സംഘടനകളുടെ പട്ടികയില്‍പ്പെടുത്തിയ സി.ഐ.എ നടപടിയാണ് വി.എച്ച്.പിയെ ചൊടിപ്പിച്ചിരിക്കുന്നത്. സി.ഐ.എയുടെ വാര്‍ഷിക പ്രസിദ്ധീകരണമായ വേള്‍ഡ് ഫാക്ട് ബുക്കിലാണ് ഇക്കാര്യം പ്രസിദ്ധീകരിച്ചത്. ഇരു സംഘടനകളെയും “രാഷ്ട്രീയ സമ്മര്‍ദ്ദ സംഘങ്ങള്‍” എന്ന തലക്കെട്ടിന് കീഴിലാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്.

ആര്‍.എസ്.എസിനെയും രാഷ്ട്രീയ സമ്മര്‍ദ്ദ സംഘത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. “ദേശീയ വാദികള്‍” എന്നാണ് ആര്‍.എസ്.എസിനുള്ള വിശേഷണം. കാശ്മീരിലെ ആള്‍ പാര്‍ട്ടീസ് ഹറിയത്ത് കോണ്‍ഫറന്‍സിനെ വിഘടനവാദികളായും പട്ടികപ്പെടുത്തിയിട്ടുണ്ട്. ജാമിഅ ഉലമ ഇ ഹിന്ദിനെ മത സംഘടനയായാണ് രേഖപ്പെടുത്തിയത്.