| Monday, 1st April 2024, 8:57 pm

ക്ഷേത്രങ്ങളെ സര്‍ക്കാരിന്റെ നിയന്ത്രണങ്ങളില്‍ നിന്ന് മോചിപ്പിക്കണം: വി.എച്ച്.പി നേതാവ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

മുംബൈ: ക്ഷേത്രങ്ങളെ സര്‍ക്കാരിന്റെ നിയന്ത്രണത്തില്‍ നിന്ന് മോചിപ്പിക്കണമെന്ന് വിശ്വഹിന്ദു പരിഷത്ത് സംഘടനാ ജനറല്‍ സെക്രട്ടറി മിലിന്ദ് പരാണ്ഡെ.

കേരളത്തിലെ ക്ഷേത്രങ്ങളുടെ പ്രവര്‍ത്തനത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ നിയന്ത്രണത്തിലുള്ള ദേവസ്വം ബോര്‍ഡ് ഇടപെടുന്നതിനെ ബി.ജെ.പി എതിര്‍ത്ത പശ്ചാത്തലത്തിലാണ് ഈ പരാമര്‍ശം.

രാജ്യത്ത് വിവിധ സംസ്ഥാന സര്‍ക്കാരുകളുടെ അധികാര പരിധിയില്‍ നിരവധി ക്ഷേത്രങ്ങളുണ്ട്. ക്ഷേത്രങ്ങളുടെ സംരക്ഷണം സര്‍ക്കാരല്ല സമൂഹമാണ് ചെയ്യേണ്ടതെന്നും കേരളത്തിലെ എല്‍.ഡി.എഫ് സര്‍ക്കാര്‍ രാഷ്ട്രീയ നേട്ടങ്ങള്‍ക്കായി ദേവസ്വം ബോര്‍ഡിനെ ഉപയോഗിക്കുകയാണെന്നും പരാണ്ഡെ പറഞ്ഞു.

നിയമ കോഴ്സുകള്‍ക്കും ബോധവല്‍ക്കരണ ക്യാമ്പയിനുകള്‍ക്കും പുറമെ, ക്ഷേത്രങ്ങള്‍ സര്‍ക്കാര്‍ നിയന്ത്രണത്തില്‍ നിന്ന് സ്വാതന്ത്രമാണെന്ന് ഉറപ്പാക്കുന്നതിനായി ഒരു നിയമം രൂപീകരിക്കാന്‍ തങ്ങള്‍ സര്‍ക്കാരില്‍ സമ്മര്‍ദം ചെലുത്തുമെന്നും വി.എച്ച്.പി നേതാവ് കൂട്ടിച്ചേര്‍ത്തു. ബാബരി മസ്ജിദ് പൊളിച്ച ഭൂമിയില്‍ പണിത അയോധ്യയിലെ രാമക്ഷേത്രത്തെ ‘രാഷ്ട്ര മന്ദിര്‍’ എന്ന് വിളിക്കണമെന്ന് വി.എച്ച്.പി ആവശ്യപ്പെട്ടു.

‘രാജ്യത്തിന്റെയും ഹിന്ദുക്കളുടെയും താത്പര്യത്തെ കുറിച്ച് എല്ലാവരും ചിന്തിക്കണം. അതിനായി ഞങ്ങള്‍ രാജ്യവ്യാപകമായി ഒരു പരിപാടി സംഘടിപ്പിക്കും. ഈ പരിപാടി മനസില്‍ വെച്ചുകൊണ്ടാകണം വോട്ട് ചെയ്യാന്‍, അത് ഹിന്ദുക്കള്‍ക്ക് അനുകൂലമായ നയങ്ങള്‍ രൂപപ്പെടാന്‍ കാരണമാകും,’ എന്നും പരാണ്ഡെ പറഞ്ഞു.

വി.എച്ച്.പിയുടെ ആശയരൂപീകരണങ്ങള്‍ക്കായി മുന്‍ ജഡ്ജിമാര്‍, അഭിഭാഷകര്‍, ആത്മീയ നേതാക്കള്‍ തുടങ്ങിയവരെ ഉള്‍പ്പെടുത്തിക്കൊണ്ട് ഒരു വിദഗ്ദ്ധ സംഘത്തെ രൂപീകരിക്കുന്നുണ്ടെന്നും പരാണ്ഡെ സൂചിപ്പിച്ചു.

പൗരത്വ ഭേദഗതി നിയമം അതിവേഗത്തില്‍ നടപ്പിലാക്കാന്‍ വി.എച്ച്.പി ശ്രമിക്കുന്നുണ്ടെന്നും പരാണ്ഡെ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

Content Highlight: VHP wants temples to be freed from government control

We use cookies to give you the best possible experience. Learn more