'മുഴുവൻ സ്ഥലവും ഞങ്ങൾക്ക് തന്നെ വേണം'; രാമക്ഷേത്രത്തിനായി മുസ്‌ലീങ്ങള്‍ സ്ഥലം വിട്ടു നൽകണമെന്ന് വി.എച്ച്.പി
national news
'മുഴുവൻ സ്ഥലവും ഞങ്ങൾക്ക് തന്നെ വേണം'; രാമക്ഷേത്രത്തിനായി മുസ്‌ലീങ്ങള്‍ സ്ഥലം വിട്ടു നൽകണമെന്ന് വി.എച്ച്.പി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 26th November 2018, 10:39 am

അയോദ്ധ്യ: അയോദ്ധ്യയിൽ രാമക്ഷേത്രത്തിന്റെ നിർമ്മാണത്തിനായി ബാബറി മസ്ജിദ് നിന്നിരുന്ന സ്ഥലം മുസ്ലീങ്ങൾ വിട്ടു നൽകണമെന്ന് വി.എച്ച്.പി. സ്ഥലത്തിന് മേലെയുള്ള അവകാശവാദങ്ങൾ മുസ്‌ലീങ്ങള്‍ അവസാനിപ്പിക്കണമെന്നും ഇവർ പറഞ്ഞു. അതിനോടൊപ്പം തന്നെ രാമ ക്ഷേത്രത്തിന്റെ നിർമ്മാണ ജോലികൾ ഉടൻ ആരംഭിക്കാനും ഇവർ കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടു.

Also Read ക്ഷമയുടെ കാലം കഴിഞ്ഞു, 1992 ല്‍ എന്താണ് സംഭവിച്ചതെന്നറിയാമല്ലോ; രാമക്ഷേത്ര നിര്‍മ്മാണത്തില്‍ ഓര്‍ഡിനന്‍സ് ഇറക്കണമെന്ന് കേന്ദ്രസര്‍ക്കാരിന് ആര്‍.എസ്.എസിന്റെ മുന്നറിയിപ്പ്

അയോധ്യയിൽ രാമക്ഷേത്രത്തിനു വേണ്ടിയുള്ള പ്രക്ഷോഭത്തിനായി വി.എച്ച്.പി. രൂപീകരിച്ച സംഘടനയാണ് ധർമ്മ സഭ. ബാബറി മസ്ജിദ് തകർത്തതിന്റെ ഇരുപത്തിയാറാം വാർഷികത്തിന് മുന്നോടിയായി അയോധ്യയിൽ ആകമാനം ശക്തി പ്രകടന പരിപാടികൾ ആസൂത്രണം ചെയ്യുകയാണ് വി.എച്ച്.പി. അതേസമയം രാമക്ഷേത്ര നിർമാണത്തിന്‍റെ കാര്യത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഡിസംബർ 11ന് ശേഷം തീരുമാനമെടുക്കണമെന്ന് വിശ്വഹിന്ദു പരിഷത്ത് നേതാവ് രാമഭദ്രാചാര്യ ഇന്നലെ പറഞ്ഞു.

ധർമ്മ സഭയെ അഭിസംബോധന ചെയ്താണ് രാമഭദ്രാചാര്യ ഇക്കാര്യം പറഞ്ഞത്. നവംബർ 23ന് ഒരു മുതിർന്ന കേന്ദ്ര മന്ത്രിയുമായി ഇക്കാര്യം താൻ സംസാരിച്ചു. മന്ത്രി തനിക്ക് ഇക്കാര്യത്തിൽ ഉറപ്പ് നൽകി. “മോദി ഹിന്ദുക്കളെ വഞ്ചിക്കില്ല, രാമക്ഷേത്ര നിർമ്മാണത്തിനുള്ള വഴികളിലെ തടസങ്ങൾ അദ്ദേഹം നീക്കികൊണ്ടിരിക്കുകയാണ്” മന്ത്രി തന്നോട് പറഞ്ഞതായി രാമാഭദ്രാചാര്യ പറഞ്ഞു.

Also Read കൂടെ നിന്നപ്പോൾ ചെറിയാൻ ഫിലിപ്പിന് അർഹമായ സ്ഥാനമാനങ്ങൾ നൽകാൻ കഴിഞ്ഞില്ല: എ.കെ. ആന്റണി

ബാബറി മസ്ജിദ് തകർക്കപ്പെട്ട പരിസരത്തു നിന്നും ഏതാനും കിലോമീറ്റർ അകലെ അതീവ സുരക്ഷയിലാണ് വി.എച്ച്.പിയുടെ പ്രകടനം നടന്നത്. പ്രകടനത്തിനിടെ നിരവധി തവണ “ജയ് ശ്രീറാം” വിളികളും ഉയർന്നു.

“സ്ഥലം ഭാഗം ചെയ്യാൻ ഞങ്ങൾ തയാറല്ല. മുഴുവൻ സ്ഥലവും ഞങ്ങൾക്ക് തന്നെ വേണം. അത് ഞങ്ങൾക്ക് കിട്ടുമ്പോൾ ഇവിടെ സന്തോഷവും സമാധാനവും ഉണ്ടാകും. കൂടെ വികസനവും.” വി.എച്ച്.പി ഉപാധ്യക്ഷൻ ചമ്പത്ത് റായ് പറഞ്ഞു.