ന്യൂദല്‍ഹി: അമര്‍നാഥ് ക്ഷേത്രം നിശബ്ദ മേഖലയില്‍ ഉള്‍പ്പെടുത്തിയ ദേശീയ ഹരിത ട്രൈബ്യൂണല്‍ ഉത്തരവിനെതിരെ വി.എച്ച്.പി. ഹരിത ട്രൈബ്യൂണല്‍ ഉത്തരവിനെ തുഗ്ലകി ഫ്ത്വ എന്നാണ് വി.എച്ച്.പി വിശേഷിപ്പിച്ചത്.
ഭൂമിയിലെ എല്ലാ പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ക്കും ഉത്തരവാദി ഹിന്ദുക്കളല്ലെന്നും വി.എച്ച്.പി പറഞ്ഞു.
” എന്തെങ്കിലും ഒരു കാരണം പറഞ്ഞ് ഹിന്ദു വികാരം വ്രണപ്പെടുത്തുന്നത് അവസാനിപ്പിക്കണമെന്ന് ഭാരത സര്‍ക്കാറിനോട് ഞങ്ങള്‍ ആവശ്യപ്പെടുന്നു. ഇതുപോലുള്ള തുഗ്ലകി ഫത്വ എന്‍.ജി.ടി എത്രയും പെട്ടെന്ന് പിന്‍വലിക്കണം” വി.എച്ച്.പി പ്രസിഡന്റ് പ്രവീണ്‍ തൊഗാഡിയ പറഞ്ഞു.
കോടതി ഉത്തരവിനെ വെല്ലുവളിച്ച് ഒരു ബി.ജെ.പി വക്താവും രംഗത്തെത്തിയിട്ടുണ്ട്. ” ഞാന്‍ അമര്‍നാഥ് യാത്രയ്ക്ക് പോകുകയും ഹര്‍ഹര്‍ മാധവ് എന്ന് മന്ത്രിക്കുകയും ചെയ്യും. എന്നെ തടയാന്‍ എന്‍.ജി.ടിയെ വെല്ലുവിളിക്കുന്നു.” അദ്ദേഹം പറഞ്ഞു.
അമര്‍നാഥ് ക്ഷേത്രത്തെ നിശബ്ദമേഖലയില്‍ ഉള്‍പ്പെടുത്തിയുള്ള ദേശീയ ഹരിത ട്രിബ്യൂണല്‍ ഉത്തരവ് കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. പരിസ്ഥിതി ലോലപ്രദേശത്താണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ക്ഷേത്രം സംരക്ഷിക്കുന്നതിന്റെ ഭാഗമായാണ് ഈ പ്രഖ്യാപനമെന്നും ട്രിബ്യൂണല്‍ ചെയര്‍പേഴസണ്‍ ജസ്റ്റീസ് സ്വതന്തര്‍ കുമാര്‍ അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കിയിരുന്നു.
മന്ത്രോച്ഛാരണം, പ്രവേശനകവാടത്തില്‍ കാണിക്കയിടുന്നത്, മണിയടി തുടങ്ങിയവയെയെല്ലാം വിലക്കിയിരുന്നു. പരിസ്ഥിതി പ്രവര്‍ത്തകയായ ഗൗരി മൗലേഖിയുടെ ഹര്‍ജി പരിഗണിച്ചുകൊണ്ടായിരുന്നു കോടതി ഉത്തരവ്.
ക്ഷേത്രത്തിനുള്ളില്‍ മണിശബ്ദങ്ങള്‍ പാടില്ല, ദര്‍ശന സൗകര്യത്തിനായി ശിവലിംഗത്തിനു മുന്നില്‍ ഗ്രില്ലുകള്‍ സ്ഥാപിക്കണം, ജയ് വിളികള്‍ ഒന്നും പാടില്ല എന്നിവയാണ് ഹരിതട്രിബ്യൂണലിന്റെ പ്രധാന നിര്‍ദ്ദേശങ്ങള്‍.