| Monday, 17th October 2022, 11:35 am

മൗലവിമാര്‍ സാധനങ്ങള്‍ കെട്ടുകെട്ടി പോകാന്‍ തയ്യാറായിക്കോളൂ; പള്ളി പുനര്‍നിര്‍മിച്ചത് മുസ്‌ലിങ്ങളുടെ 'ലാന്‍ഡ് ജിഹാദ്; വി.എച്ച്.പി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ഗുഡ്ഗാവില്‍ പള്ളി പുനര്‍നിര്‍മിച്ചത് മുസ്‌ലിങ്ങളുടെ ‘ലാന്‍ഡ് ജിഹാദാ’ണെന്ന് വിശ്വ ഹിന്ദു പരിഷത് (വി.എച്ച്.പി). പള്ളി പുനര്‍നിര്‍മിക്കുന്നത് മുസ്‌ലിങ്ങളുടെ ഗൂഢാലോചനയുടെ ഭാഗമാണെന്നും വി.എച്ച്.പി ആരോപിച്ചു. മൗലവിമാരോട് സാധനങ്ങള്‍ പാക്ക് ചെയ്തുവെക്കാനും വി.എച്ച്.പി കൂട്ടിച്ചേര്‍ക്കുന്നുണ്ട്.

മനേസറില്‍ വി.എച്ച്.പി സംഘടിപ്പിച്ച തൃഷൂല്‍ ദീക്ഷ എന്ന പരിപാടിക്കിടെയായിരുന്നു മുസ്‌ലിങ്ങള്‍ക്കെതിരെ വിദ്വേഷ പരാമര്‍ശങ്ങളുമായി വി.എച്ച്.പി രംഗത്തെത്തിയത്.

കഴിഞ്ഞ ദിവസം ഹരിയാനയിലെ ഗുഡ്ഗാവിലെ പള്ളി ഹിന്ദുത്വവാദികള്‍ ആക്രമിച്ചിരുന്നു. 200ലധികം പേരടങ്ങുന്ന സംഘമാണ് പള്ളിക്കു നേരെ ആക്രമണം അഴിച്ചുവിട്ടത്. പള്ളിയില്‍ നമസ്‌കരിക്കുകയായിരുന്ന സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവരെയും സംഘം ആക്രമിച്ചിരുന്നു. ഇതിന് പിന്നാലെയാണ് വി.എച്ച്.പിയുടെ പരാമര്‍ശം.

’12-13 വര്‍ഷങ്ങള്‍ക്ക് മുമ്പ്, മൂന്ന് മുസ്‌ലിം കുടുംബങ്ങളാണ് ഭോരാ കാലാനിലെ ആടിനെ മേയ്ക്കാനുള്ള സ്ഥലത്ത് നമസ്‌കരിക്കാനുള്ള അനുവാദം തേടിയത്… ഒരു മൗലവിയോ പുറത്തുനിന്നുള്ളവരോ പ്രദേശത്തേക്ക് നമസ്‌കരിക്കാന്‍ വരില്ലെന്ന ധാരണ അന്നുണ്ടായിരുന്നു. പക്ഷേ, പതുക്കെ പുറത്തുനിന്നുള്ള ആളുകള്‍ വന്നു തുടങ്ങി.

ഇഷ്ടികകള്‍ എടുത്തുമാറ്റി പള്ളി പണിയാന്‍ ശ്രമിച്ചു. ആരെങ്കിലും നിങ്ങളുടെ വീട്ടില്‍ മസ്ജിദ് പണിയാന്‍ ശ്രമിച്ചാല്‍ നിങ്ങള്‍ സമ്മതിക്കുമോ?

ഭോരാ കലനില്‍ സംഭവിച്ചത് നാളെ ഗുഡ്ഗാവിലും മനേസറിലും ഹരിയാനയിലും രാജ്യത്തെ എവിടെയും സംഭവിക്കാം. അവര്‍ രാജ്യത്തെ മുഴുവന്‍ മതപരിവര്‍ത്തനം ചെയ്യാന്‍ ആഗ്രഹിക്കുന്നവരാണ്. അവരെ ഒരു പാഠം പഠിപ്പിച്ച ഭോരാ കാലന്‍ ജനതയെ ഞാന്‍ അഭിനന്ദിക്കുന്നു. മൗലവിമാര്‍ അവരുടെ സാധനങ്ങള്‍ കെട്ടുകെട്ടി പോകാന്‍ തയ്യാറായിക്കോളൂ എന്നായിരുന്നു വി.എച്ച്.പി ജോയിന്റ് ജനറല്‍ സെക്രട്ടറി സുരേന്ദ്ര ജെയ്‌നിന്റെ പരാമര്‍ശം.

പള്ളി ആക്രമിച്ചവര്‍ക്കെതിരെ പൊലീസ് നേരത്തെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. പ്രദേശവാസിയായ സുബേധാര്‍ നജര്‍ മുഹമ്മദ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.

‘ബുധനാഴ്ചയായിരുന്നു തര്‍ക്കം ആരംഭിച്ചത്. രാജേഷ് ചൗഹാരി (ബാബു), അനില്‍ ബദോരിയ, സഞ്ജയ് വ്യാസ് എന്നിവരുടെ നേതൃത്വത്തിലുള്ള 200 പേരടങ്ങുന്ന സംഘമാണ് ആക്രമണത്തിനെത്തിയത്. ഇവര്‍ പള്ളിയിലേക്ക് അതിക്രമിച്ച് കയറുകയും നമസ്‌കരിക്കുന്നവരെ ഗ്രാമത്തില്‍ നിന്ന് ബഹിഷ്‌ക്കരിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു,’ മുഹമ്മദ് പറയുന്നു.

മുഹമ്മദ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ രാജേഷ് ചൗഹാന്‍, അനില്‍ ബദോരിയ, സഞ്ജയ് വ്യാസ് എന്നിവര്‍ക്കെതിരെ കലാപം സൃഷ്ടിക്കല്‍, മതസ്പര്‍ധയുണ്ടാക്കല്‍, നിയമവിരുദ്ധമായി ഒത്തുചേരല്‍ എന്നീ വകുപ്പുകള്‍ പ്രകാരം ആണ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

‘2013ലാണ് പള്ളി ആരംഭിച്ചത്. അന്ന് പ്രദേശത്ത് മറ്റ് പള്ളികളൊന്നും ഉണ്ടായിരുന്നില്ല. ഹിന്ദുത്വവാദികള്‍ അന്നുമുതല്‍ക്കേ പള്ളിക്കെതിരെ നിന്നവരാണ്. അന്ന് നിര്‍മാണം തടയാനും ഇവര്‍ ശ്രമം നടത്തിയിരുന്നു. വെള്ളിയാഴ്ചകളില്‍ അടുത്തുള്ള ഗ്രാമങ്ങളില്‍ നിന്നും നമസ്‌കാരത്തിന് ആളുകളെത്തും. അപ്പോഴും ഹിന്ദുത്വവാദികള്‍ അവരെ തടഞ്ഞുനിര്‍ത്തും, ഭീഷണിപ്പെടുത്തി പ്രശ്നങ്ങള്‍ ഉണ്ടാക്കാന്‍ ശ്രമിക്കും.
കുറച്ച് ദിവസം മുമ്പ് മഴ പെയ്തപ്പോള്‍ ഞങ്ങള്‍ പള്ളിയുടെ മേല്‍ക്കൂര നന്നാക്കി പണിതിരുന്നു. അന്ന് നൂറുകണക്കിന് ഹിന്ദുത്വവാദികള്‍ അറ്റകുറ്റപ്പണികള്‍ ചെയ്യുന്നതിനെ ചോദ്യം ചെയ്തിരുന്നു.

പഞ്ചായത്ത് ഇടപെട്ടു. വിഷയത്തില്‍ അവരുടെ നിബന്ധനകള്‍ പാലിച്ച് മുന്നോട്ടുപോകാന്‍ ഞങ്ങള്‍ തീരുമാനിച്ചു. തര്‍ക്കിച്ച് നില്‍ക്കാന്‍ ഞങ്ങള്‍ താത്പര്യപ്പെടുന്നില്ല. കഴിഞ്ഞ ദിവസം വൈകുന്നേരം ഹിന്ദുത്വവാദികള്‍ പ്രശ്നമുണ്ടാക്കിയ സമയത്ത് നാലു പേര്‍ മാത്രമായിരുന്നു പള്ളിയില്‍ നമസ്‌കാരത്തിനുണ്ടായത്. സ്ത്രീകളെ പോലും അവര്‍ ആക്രമിക്കുകയായിരുന്നു,’ഷക്കീല്‍ പറഞ്ഞു.

Content Highlight: VHP says that muslims trying to rebuild the mosque is a part of their land jihad, malavis get ready to leave the place

We use cookies to give you the best possible experience. Learn more