national news
ക്ഷേത്രത്തിന് മുമ്പില്‍ പ്രാര്‍ത്ഥന നടത്തിയെന്ന ആരോപണം; ക്രിസ്ത്യാനികള്‍ക്കെതിരെ പ്രതിഷേധവുമായി വി.എച്ച്.പി
ഡൂള്‍ന്യൂസ് ഡെസ്‌ക്
2023 Apr 11, 04:10 am
Tuesday, 11th April 2023, 9:40 am

ഹൈദരാബാദ്: തെലങ്കാനയിലെ ക്ഷേത്രത്തിന് മുമ്പില്‍ ക്രിസ്ത്യാനികള്‍ പ്രാര്‍ത്ഥന നടത്തുന്നതില്‍ പ്രതിഷേധവുമായി വി.എച്.പി. വാറങ്കലിലെ കാകതീയ രാജവംശം പണി കഴിപ്പിച്ച ക്ഷേത്രത്തിന് മുമ്പില്‍ ക്രിസ്ത്യന്‍ മത വിശ്വാസികള്‍ പ്രാര്‍ത്ഥന നടത്തിയത് ഹിന്ദു ദൈവങ്ങളെ അപമാനിക്കുന്നതിന് തുല്ല്യമാണെന്ന് ആരോപിച്ചാണ് വി.എച്ച്.പിയും ബജ്‌റങ്ദളുമടക്കമുള്ള ഹിന്ദുത്വ സംഘടനകള്‍ രംഗത്തെത്തിയത്.

പ്രാര്‍ത്ഥന സംഘങ്ങള്‍ക്കെതിരെ പൊലീസ് നടപടിയെടുക്കണമെന്നാവശ്യപ്പെട്ട്  പ്രതിഷേധക്കാര്‍ ധര്‍ണ സംഘടിപ്പിച്ചിട്ടുണ്ടെന്നും ഡെക്കാന്‍ ക്രോണിക്കിള്‍ റിപ്പോര്‍ട്ട് ചെയ്തു.

ഗുണ്ടുചെരുവിനടുത്തുള്ള രാമക്ഷേത്രത്തിനും സ്വയംഭൂ രാമലിംഗേശ്വര സ്വാമി ക്ഷേത്രത്തിനും മുമ്പില്‍ ക്രിസ്ത്യാനികള്‍ പ്രാര്‍ത്ഥന നടത്താറുണ്ടെന്നും ഇത് ഹിന്ദുക്കളെ അപമാനിക്കുന്നതിന് തുല്ല്യമാണെന്നുമാണ് പ്രതിഷേധക്കാരുടെ വാദം.

എങ്ങനെയാണ് മാംസാഹാരം കഴിക്കുന്ന ക്രിസ്ത്യാനികള്‍ക്ക് ഹിന്ദു ക്ഷേത്രത്തിന് മുമ്പില്‍ വെച്ച് പ്രാര്‍ത്ഥന സദസുകള്‍ സംഘടിപ്പിക്കാന്‍ കഴിയുന്നതെന്നും ഇത് വര്‍ഗീയ കലാപങ്ങള്‍ക്ക് കാരണമാകുമെന്നും പ്രതിഷേധക്കാര്‍ പറഞ്ഞു.

‘ഗുണ്ടുചെരുവിനടുത്തുള്ള രാമക്ഷേത്രം, സ്വയംഭൂ രാമലിംഗേശ്വര സ്വാമി ക്ഷേത്രം എന്നിവക്ക് മുമ്പില്‍ ക്രിസ്ത്യാനികള്‍ നടത്തുന്ന പ്രാര്‍ത്ഥനയില്‍ ഹിന്ദുക്കള്‍ക്ക് ആശങ്കയുണ്ട്. ക്ഷേത്രത്തിനകത്ത് ഭഗവാന്‍ ശ്രീ രാമന്റെ പാദ മുദ്രയും ശംഖ് ചക്രവുമുണ്ട്.

ക്ഷേത്രത്തിലെ മഹാശിവരാത്രി ആഘോഷങ്ങള്‍ ലോക പ്രസിദ്ധവുമാണ്. അങ്ങനെയുള്ള ഒരു സ്ഥലത്ത് എങ്ങനെയാണ് മാംസം കഴിക്കുന്ന ക്രിസ്ത്യാനികള്‍ പ്രാര്‍ത്ഥന നടത്തുന്നത് അനുവദിക്കാനാവുക.

അത്തരം നടപടികള്‍ സമാധാനത്തില്‍ കഴിയുന്ന പ്രദേശത്ത് വലിയ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കും. മത വിശ്വാസികള്‍ തമ്മിലുള്ള കലാപങ്ങള്‍ക്കും കാരണമാകും. അധികാരികള്‍ വേണ്ട നടപടികള്‍ സ്വീകരിക്കാന്‍ തയ്യാറായില്ലെങ്കില്‍ ശക്തമായ പ്രതിഷേധവുമായി മുന്നോട്ട് പോകാനാണ് വി.എച്ച്.പിയുടെ തീരുമാനം,’ സമരക്കാര്‍ പറഞ്ഞതായി ഡെക്കാന്‍ ക്രോണിക്കിള്‍ റിപ്പോര്‍ട്ട് ചെയ്തു.

Content Highlight: vhp protest against Christian community in telanagans