ന്യൂദല്‍ഹി: വി.എച്ച്.പി നേതാവ് പ്രവീണ്‍ തൊഗാഡിയ വാഹനാപകടത്തില്‍ നിന്നും തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. ഗുജറാത്തിലെ സൂറത്തില്‍വെച്ചായിരുന്നു സംഭവം.
അദ്ദേഹത്തിന്റെ കാറിനുനേരെ ട്രക്ക് വന്നിടിക്കുകയായിരുന്നു. “തൊഗാഡിയും മറ്റൊരാളും യാത്ര ചെയ്യുകയായിരുന്ന കാറിനുനേരെ ഒരു ട്രക്ക് ഇടിക്കുകയായിരുന്നു. കാംരെജ് നഗരത്തിന് ഒരു കിലോമീറ്റര്‍ അപ്പുറമായിരുന്നു സംഭവം. സൂറത്തില്‍ ഒരു പരിപാടിയില്‍ പങ്കെടുക്കാന്‍ പോകുകയായിരുന്നു അദ്ദേഹം. തൊഗാഡിയ പരിക്കൊന്നുമില്ലാതെ രക്ഷപ്പെട്ടു. ട്രക്ക് പിടിച്ചെടുക്കുകയും ഡ്രൈവറെ അറസ്റ്റു ചെയ്യുകയും ചെയ്തിട്ടുണ്ട്.” സൂറത്ത് റൂറല്‍ എസ്.പി എം.കെ നായിക് പറഞ്ഞു.
താന്‍ കൊല്ലപ്പെടുമായിരുന്നെന്നും തന്റെ കാര്‍ ബുള്ളറ്റ് ഫ്രൂഫ് ആയിരുന്നതുകൊണ്ടാണ് രക്ഷപ്പെട്ടതെന്നും അദ്ദേഹം പറഞ്ഞു. പൊലീസ് തനിക്ക് സുരക്ഷ നല്‍കിയില്ലെന്നും പ്രവീണ്‍ തൊഗാഡിയ ആരോപിച്ചു.
“എന്റെ വാഹനം ബുള്ളറ്റ് പ്രൂഫായിരുന്നില്ലെങ്കില്‍ അതിലെ ഒരാള്‍ പോലും ബാക്കിയുണ്ടാവുമായിരുന്നില്ല.” തൊഗാഡിയ പറഞ്ഞു.
“ഇസെഡ് കാറ്റഗറി സുരക്ഷയുണ്ടായിരുന്നിട്ടും പൊലീസ് എനിക്ക് എസ്‌കോട്ട് ടീമിനെ തന്നില്ല. എന്റെ ഇന്നത്തെ യാത്രയെക്കുറിച്ച് ഇതിനകം തന്നെ ഞാന്‍ പൊലീസിനെ അറിയിച്ചിരുന്നു.” തൊഗാഡിയ പ്രതികരിച്ചു.
ഗുജറാത്തില്‍ തന്നെ കൊലപ്പെടുത്താനുള്ള ഗൂഢാലോചന നടക്കുന്നുണ്ടെന്നും ഐ.ബി തന്നെ ഭീഷണിപ്പെടുത്തുന്നുണ്ടെന്നും തൊഗാഡിയ ആരോപിച്ചിരുന്നു.
നേരത്തെ അഹമ്മദാബാദില്‍വെച്ച് അദ്ദേഹത്തെ കാണാതായിരുന്നു. പിന്നീട് അബോധാവസ്ഥയില്‍ അദ്ദേഹത്തെ കണ്ടെത്തുകയായിരുന്നു. ഈ സംഭവത്തിനു പിന്നാലെ തന്നെ കൊല്ലാന്‍ ഗൂഢാലോചന ശ്രമം നടക്കുന്നുവെന്ന ആരോപണവുമായി രംഗത്തുവന്നിരുന്നു.
ദല്‍ഹിയിലെ രാഷ്ട്രീയ ബോസിന്റെ നിര്‍ദ്ദേശപ്രകാരം ക്രൈംബ്രാഞ്ച് ജോയന്റ് കമ്മിഷണര്‍ ജെ.കെ. ഭട്ട് തനിക്കെതിരേ ഗൂഢാലോചന നടത്തുകയാണെന്നായിരുന്നു അദ്ദേഹത്തിന്റെ ആരോപണം.
“പ്രധാനമന്ത്രിയുടെ ഓഫീസിന്റെയും ഭട്ടിന്റെയും ഫോണ്‍ കോളുകള്‍ പരിശോധിച്ചാല്‍ സത്യം അറിയാം. കഴിഞ്ഞ 15 ദിവസത്തിനിടെ എത്ര തവണ മോദിയും ഭട്ടും സംസാരിച്ചിട്ടുണ്ടെന്ന് പരിശോധിക്കണം.” എന്നായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം.
Related News: