| Tuesday, 25th September 2018, 3:26 pm

'സുപ്രീം കോടതി പറഞ്ഞാലും ഞങ്ങള്‍ സമ്മതിക്കില്ല'; ലൗ ജിഹാദ് ആരോപിച്ച് മെഡിക്കല്‍ വിദ്യാര്‍ത്ഥികളെ മര്‍ദ്ദിച്ച് വി.എച്ച്.പിക്കാര്‍; കെട്ടിയിട്ട് പൊലീസ് സ്റ്റേഷനില്‍ കൊണ്ടുപോയി

ഡൂള്‍ന്യൂസ് ഡെസ്‌ക്

മീററ്റ്: മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ താമസിക്കുന്ന വീട്ടില്‍ അതിക്രമിച്ച് കയറി വിശ്വ ഹിന്ദു പരിഷത്ത് പ്രവര്‍ത്തകരുടെ ഗുണ്ടായിസം. വീട്ടില്‍ യുവാവിനൊപ്പമുണ്ടായിരുന്ന ഹിന്ദു യുവതിയെ കയ്യേറ്റം ചെയ്യാന്‍ ശ്രമിക്കുകയും ഇരുവരേയും വീടിനകത്ത് കെട്ടിയിടുകയും ബലം പ്രയോഗിച്ച് പൊലീസ് സ്റ്റേഷനില്‍ എത്തിക്കുകയുമായിരുന്നു.

ലൗജിഹാദ് നടത്തുകയാണെന്ന് ആരോപിച്ചായിരുന്നു വി.എച്ച്.പിക്കാര്‍ യുവാവിനേയും യുവതിയേയും ആക്രമിച്ചത്. തുടര്‍ന്നായിരുന്നു ഇരുവരേയും വി.എച്ച്.പി പ്രവര്‍ത്തകര്‍ പൊലീസ് സ്റ്റേഷനിലേക്ക് പിടിച്ചുകൊണ്ടുപോയത്.

മെഡിക്കല്‍ കോളേജ് പൊലീസ് സറ്റേഷനിലേക്ക് മാധ്യമ പ്രവര്‍ത്തകരെ വിളിച്ചുവരുത്തി ഇരുവരുടേയും ചിത്രങ്ങള്‍ പകര്‍ത്താന്‍ ഇവര്‍ ആവശ്യപ്പെടുകയും ചെയ്തു. തുടര്‍ന്ന് സ്റ്റേഷനിലെ പൊലീസുകാരന്‍ മുതിര്‍ന്ന ഉദ്യോഗസ്ഥരെ വിവരം അറിയിക്കുകയും സ്‌റ്റേഷനിലേക്ക് കൂടുതല്‍ പൊലീസ് സേനയെ എത്തിച്ച് സ്ഥിതിഗതികള്‍ നിയന്ത്രിക്കുകയുമായിരുന്നു.


Also Read ജനവികാരം അനുകൂലമാക്കാന്‍ ബി.ജെ.പിക്ക് ഈ മൂന്ന് കാര്യങ്ങള്‍ മാത്രം മതി: കട്ജു


വൈകീട്ടോടെ പെണ്‍കുട്ടിയുടെ രക്ഷിതാക്കളെ സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തുകയും കുട്ടിയെ അവര്‍ക്കൊപ്പം വിടുകയും ചെയ്തു. സംഭവത്തില്‍ ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.

സംഭവത്തില്‍ പങ്കാളികളായവരുടെ ചില ഫോട്ടോകളും വീഡിയോകളും ലഭിച്ചിട്ടുണ്ടെന്നും കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും പൊലീസ് സൂപ്രണ്ട് രണ്‍വിജയ് സിങ് പറഞ്ഞു. നിയമം കയ്യിലെടുക്കാന്‍ ആരേയും അനുവദിക്കില്ലെന്നും നിയമവിരുദ്ധമായി എന്തെങ്കിലും നടന്നെന്ന് ശ്രദ്ധയില്‍പ്പെട്ടാല്‍ നടപടി സ്വീകരിക്കുമെന്നും പൊലീസ് പറഞ്ഞു.

എന്നാല്‍ സംഭവത്തെ ന്യായീകരിച്ചുകൊണ്ട് വി.എച്ച്.പി നേതാവ് മനീഷ് കുമാര്‍ രംഗത്തെത്തി. സമൂഹത്തില്‍ എന്തും ചെയ്യാമെന്ന് ആളുകള്‍ കരുതരുത്. സ്വന്തം ജീവിതപങ്കാളിയെ തിരഞ്ഞെടുക്കാന്‍ സുപ്രീം കോടതി അനുമതി നല്‍കുന്നുണ്ടാകും. എന്നാല്‍ ഞങ്ങള്‍ അതിന് അനുവദിക്കില്ല. – എന്നായിരുന്നു അദ്ദേഹത്തിന്റെ വാക്കുകള്‍.

ഹിന്ദുപെണ്‍കുട്ടിയുടെ ജീവിതം ഇല്ലാതാക്കാനാണ് ആ മുസ്‌ലീം യുവാവ് ശ്രമിച്ചതെന്നും ലൗ ജിഹാദ് ട്രാപ്പ് ആയിരുന്നു അതെന്നുമായിരുന്നു ഇയാള്‍ ആരോപിച്ചത്.

Latest Stories

We use cookies to give you the best possible experience. Learn more