വിശ്വ ഹിന്ദു പരിഷത്ത് വനിതാ നേതാവിന്റെ വിദ്വേഷ പ്രസംഗം; കേസെടുക്കണമെന്നാവശ്യപ്പെട്ട് സി.പി.ഐ.എം ബദിയടുക്ക ലോക്കല്‍ കമ്മിറ്റി മുഖ്യമന്ത്രിക്ക് പരാതി നല്‍കി
Kerala
വിശ്വ ഹിന്ദു പരിഷത്ത് വനിതാ നേതാവിന്റെ വിദ്വേഷ പ്രസംഗം; കേസെടുക്കണമെന്നാവശ്യപ്പെട്ട് സി.പി.ഐ.എം ബദിയടുക്ക ലോക്കല്‍ കമ്മിറ്റി മുഖ്യമന്ത്രിക്ക് പരാതി നല്‍കി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 28th April 2018, 5:41 pm

കാസര്‍കോട്: വിശ്വഹിന്ദു പരിഷത്തിന്റെ സമ്മേളനത്തില്‍ വര്‍ഗീയ വിദ്വേഷം പരത്താന്‍ ശ്രമിച്ചവര്‍ക്കെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് ബദിയടുക്ക സി.പി.ഐ.എം ലോക്കല്‍ കമ്മിറ്റി മുഖ്യമന്ത്രിക്ക് പരാതി നല്‍കി. വിശ്വഹിന്ദു പരിഷത്തും ഭജ്രംഗ്ദളും ഹിന്ദു സമാജോത്സവ സമിതിയും ബദിയടുക്കയില്‍ സംഘടിപ്പിച്ച സമ്മേളനത്തിലായിരുന്നു വര്‍ഗീയ വിദ്വേഷം പരത്തുന്ന പ്രസംഗം നടത്തിയത്.

മുസ്‌ലിം ക്രിസ്ത്യന്‍ സമുദായത്തെ വാളു കൊണ്ട് വെട്ടിക്കൊല്ലാന്‍ ആഹ്വാനം ചെയ്യുന്ന വര്‍ഗീയ വിഷം ചീറ്റുന്ന പ്രസംഗം നടത്തിയവര്‍ക്കെതിരെയും സംഘാടകര്‍ക്കെതിരെയും നടപടിയെടുക്കണമെന്ന് ലോക്കല്‍ കമ്മിറ്റി മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയില്‍ പറയുന്നു. ഇത് പ്രദേശത്തെ മതസൗഹാര്‍ദ്ദം തകര്‍ക്കാന്‍ ഇടയാക്കിയെന്നും പരിപാടി നേരത്തെയുള്ള ഗൂഢാലോചനയുടെയും ആസൂത്രണത്തിന്റെയും ഭാഗമാണെന്നും പരാതിയില്‍ പറയുന്നു. വിഷയത്തിന്റെ ഗൗരവം കണക്കിലെടുത്ത് പ്രസംഗം നടത്തിയവര്‍ക്കെതിരെയും പരിപാടിയുടെ സംഘാടക സമിതി ഭാരവാഹികള്‍ക്കെതിരെയും കേസെടുത്ത് നിയമത്തിന്റെ മുന്നുല്‍ കൊണ്ട് വരണമെന്നും പരാതിയില്‍ ആവശ്യപ്പെടുന്നു.


Read Also : വിശ്വഹിന്ദു പരിഷത്തിന്റെ സമ്മേളനത്തില്‍ അധ്യക്ഷനായി കോണ്‍ഗ്രസ് പഞ്ചായത്ത് പ്രസിഡന്റ്


ലൗ ജിഹാദുമായി വരുന്നവരുടെയും ഗോമാതാവിനെ കശാപ്പ് ചെയ്യുന്നവരെയും വാളുപയോഗിച്ച് കഴുത്തു വെട്ടണം എന്നാണ് വിശ്വഹിന്ദു പരിഷത് വനിതാ നേതാവ് സ്വാധി സരസ്വതി പ്രസംഗിച്ചത്.

“ലൗ ജിഹാദുമായി വരുന്നവരുടെ കഴുത്തു വെട്ടാന്‍ സഹോദരിമാര്‍ക്ക് വാള്‍ വാങ്ങി നല്‍കണം. ഒരുലക്ഷം രൂപവരെ മുടക്കി മൊബൈല്‍ ഫോണ്‍ വാങ്ങുന്നവരാണ് നമ്മള്‍. എന്നാല്‍ ആയിരം രൂപ മുടക്കി ഒരു വാള്‍ വാങ്ങി എല്ലാവീടുകളിലും വെക്കണം. ലൗജിഹാദികള്‍ സ്ത്രീകളെ നോക്കിയാല്‍ അവരുടെ കഴുത്തു വെട്ടാന്‍ ഈവാള്‍ ഉപയോഗിക്കണം”. എന്നായിരുന്നു സ്വാധി സരസ്വതി പ്രസംഗിച്ചത്. കോണ്‍ഗ്രസിന്റെ പഞ്ചായത്ത് പ്രസിഡിന്റ് അദ്ധ്യക്ഷനായ പരിപാടിയിലായിരുന്നു പ്രസംഗം.

 


Read Also : മദ്രസയില്‍ പീഡിപ്പിക്കപ്പെട്ട കുട്ടിയുടെ വീട് സന്ദര്‍ശിച്ച സി.പി.ഐ.എം സംഘത്തിനെതിരെ ആക്രോശവുമായി ബി.ജെ.പി; സംഭവത്തില്‍ മതംകൂട്ടിയിണക്കരുതെന്ന് ബി.ജെ.പിക്കാരോട് പെണ്‍കുട്ടിയുടെ കുടുംബം


രക്ഷാബന്ധന ദിവസം നിങ്ങള്‍ സഹോദരികള്‍ക്കു മധുരവും സമ്മാനങ്ങളും നല്‍കി അവരെ സംരക്ഷിക്കുമെന്ന് വാക്ക് നല്‍കുന്നു. എന്നാല്‍ പെങ്ങന്‍മാരുടെ സംരക്ഷണത്തിന് വാല് പോലെ പുറകെ നടക്കാന്‍ കഴിയില്ല. അതുകൊണ്ട് അവര്‍ക്ക് വാള്‍ സമ്മാനിക്കണം. ഈ വാള്‍കൊണ്ട് ജിഹാദികളുടെ കഴുത്തു വെട്ടാന്‍ ഉപകരിക്കും. നിങ്ങളെല്ലാം പശുവിനെ ഗോമാതാവായി കാണുന്നവരല്ലേ നിങ്ങള്‍. അമ്മയെ അറവ് ശാലയിലേക്ക് അയക്കുമോ. അതുകൊണ്ടു ഗോമാതാവിനെ കശാപ്പ് ചെയ്യുന്നവരെയും വാളുപയോഗിച്ചു വെട്ടണം.
പശുവിനെ കൊല്ലുന്നവര്‍ക്ക് ഇന്ത്യയില്‍ താമസിക്കാന്‍ അവകാശമില്ല. കേരളത്തില്‍ പശുവിനെ കൊല്ലുന്നവരെയും വെട്ടാന്‍ തയ്യാറാവണം. ഇന്ത്യയില്‍ താമസിക്കണമെങ്കില്‍ ഭാരത് മാതാകി ജയ് എന്ന് പറയണം. അയോധ്യയില്‍ എന്നല്ല ഇന്ത്യയില്‍ ഒരിടത്തും ബാബറിന്റെ പേരില്‍ പള്ളി നിര്‍മ്മിക്കാന്‍ അനുവദിക്കില്ല. പാപിയായ ബാബറെയും ഔറങ്കസീബിനെയും അംഗീകരിക്കാന്‍ ആവില്ല. ഞാന്‍മുസ്ലീമിന് എതിരല്ല, എ.പി.ജെ അബ്ദുല്‍ കലാമിനെയും റഹിമിനെയും ബഹു മാനിക്കുന്നവളാണ്. ഹിന്ദു ആഘോഷത്തില്‍ ഒരു മുസ്ലിമുംപങ്കെടുക്കുന്നില്ല. എന്നാല്‍ എല്ലാ മുസ്ലിം ആഘോഷങ്ങളിലും ഹിന്ദുക്കള്‍ പങ്കെടുക്കുന്നു. ഇത് നാണക്കേടാണെന്നും സ്വാധി സരസ്വതി പറഞ്ഞു.

അതേസമയം ഡി.സി.സി നേതൃത്വത്തിന്റെയും ലീഗിന്റെയും എതിര്‍പ്പ് അവഗണിച്ച് കോണ്‍ഗ്രസ് പഞ്ചായത്ത് പ്രസിഡന്റ് വി.എച്ച്.പിയുടെ ഹിന്ദു സമ്മേളനത്തില്‍ പങ്കെടുത്തത് വിവാദമാകുന്നു. വിശ്വഹിന്ദു പരിഷത്തും ഭജ്രംഗ്ദളും ഹിന്ദു സമാജോത്സവ സമിതിയും ബദിയടുക്കയില്‍ സംഘടിപ്പിച്ച സമ്മേളനത്തിലാണ് കോണ്‍ഗ്രസ് നേതാവും ബദിയടുക്ക പഞ്ചായത്ത് പ്രസിഡന്റുമായ കെ.എന്‍ കൃഷ്ണഭട്ട് അധ്യക്ഷനായത്.

നേരത്തെ ഹിന്ദുസമ്മേളനത്തില്‍ പങ്കെടുത്താല്‍ പഞ്ചായത്ത് പ്രസിഡന്റിനുള്ള പിന്തുണ പിന്‍വലിക്കുമെന്ന് ലീഗ് പഞ്ചായത്ത് കമ്മിറ്റി പ്രഖ്യാപിച്ചിരുന്നു. ഡി.സി.സി പ്രസിഡന്റ് ഹക്കിംകുന്നില്‍ സമ്മേളനത്തില്‍ നിന്ന് കൃഷ്ണഭട്ട് വിട്ടുനില്‍ക്കുമെന്ന് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. എന്നാല്‍ ഡി.സി.സിയുടേയും ലീഗിന്റെയും എതിര്‍പ്പ് അവഗണിച്ച് കൃഷ്ണഭട്ട് സമ്മേളനത്തില്‍ അദ്ധ്യക്ഷനാവുകുയായിരുന്നു.