ലക്ഷങ്ങള്‍ മുടക്കി മൊബൈല്‍ വാങ്ങാതെ പശുവിനേയും കുടുംബത്തേയും രക്ഷിക്കാന്‍ വടിവാള്‍ വാങ്ങി സൂക്ഷിക്കൂ; വിവാദപരാമര്‍ശവുമായി വി.എച്ച്.പി വനിതാ നേതാവ്
India
ലക്ഷങ്ങള്‍ മുടക്കി മൊബൈല്‍ വാങ്ങാതെ പശുവിനേയും കുടുംബത്തേയും രക്ഷിക്കാന്‍ വടിവാള്‍ വാങ്ങി സൂക്ഷിക്കൂ; വിവാദപരാമര്‍ശവുമായി വി.എച്ച്.പി വനിതാ നേതാവ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 14th December 2021, 2:15 pm

ഉഡുപ്പി: പശുക്കളെയും കുടുംബത്തെയും സംരക്ഷിക്കാന്‍ ആളുകള്‍ വടി വാളുകള്‍ വാങ്ങി സൂക്ഷിക്കണമെന്ന വിവാദ പരാമര്‍ശവുമായി വിശ്വഹിന്ദു പരിഷത്ത് നേതാവ് സാധ്വി സരസ്വതി.

ലക്ഷങ്ങള്‍ മുടക്കി ഫോണുകള്‍ വാങ്ങുന്നതിന് പകരം പശുക്കള്‍ക്കും കുടുംബത്തിന് സംരക്ഷണം ഉറപ്പാക്കാന്‍ ആളുകള്‍ വാളും ആയുധങ്ങളും വാങ്ങണമെന്നായിരുന്നു സരസ്വതിയുടെ പരാമര്‍ശം. വി.എച്ച്.പി സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അവര്‍.

‘ലക്ഷക്കണക്കിന് രൂപയുടെ ഫോണുകള്‍ വാങ്ങാന്‍ ആളുകള്‍ക്ക് കഴിയുമെങ്കില്‍, അവര്‍ക്ക് തീര്‍ച്ചയായും അവരുടെ പശുക്കളുടെയും കുടുംബത്തിന്റേയും സംരക്ഷണത്തിനായി ആയുധങ്ങള്‍ വാങ്ങി വീട്ടില്‍ സൂക്ഷിക്കാം.ഗോഹത്യയില്‍ നിന്ന് ആളുകള്‍ക്ക് അവരുടെ ‘ദിവ്യമാതാവിനെ’ സംരക്ഷിക്കാന്‍ ഇതുവഴി സാധിക്കും.’ എന്നായിരുന്നു സാധ്വി സരസ്വതി പറഞ്ഞത്.

താന്‍ ജനിച്ചത് ഒരു ഗോശാലയില്‍ ആണെന്നും അതുകൊണ്ട് തന്നെ ഗോഹത്യ തടയേണ്ടത് തന്റെ കടമയാണെന്നുമായിരുന്നു കര്‍ണാടകയിലെ ഉഡുപ്പി ജില്ലയില്‍ നടന്ന സമ്മേളനത്തെ അഭിസംബോധന ചെയ്തുകൊണ്ട് സാധ്വി സരസ്വതി പറഞ്ഞത്.

‘ഞാന്‍ ജനിച്ച ദിവസം മുതല്‍ ഞാന്‍ മുന്നില്‍ കണ്ടത് രണ്ട് ലക്ഷ്യങ്ങളാണ്. ഒന്ന് രാമന് ഒരു ക്ഷേത്രം പണിയുക മറ്റൊന്ന് രാജ്യത്ത് ഗോഹത്യ അവസാനിപ്പിക്കുക. അത് രണ്ടും നടപ്പിലാക്കാനായി താന്‍ പോരാടുമെന്നും സാധ്വി സരസ്വതി പ്രസംഗത്തില്‍ പറഞ്ഞു.

‘ചില ദേശവിരുദ്ധര്‍ കര്‍ണാടകയില്‍ ടിപ്പു സുല്‍ത്താനെ പുകഴ്ത്തുന്നു. അവര്‍ക്കെതിരെ നമ്മള്‍ പ്രതിഷേധിക്കണം. ഗോവധത്തിനും മതപരിവര്‍ത്തനത്തിനും ലവ് ജിഹാദിനുമെതിരെ സര്‍ക്കാര്‍ കര്‍ശനമായ നിയമം കൊണ്ടുവരണം.’

‘എല്ലാ ആത്മാവും ദൈവത്തിന്റെ മക്കളാണെന്നും ഓരോ ജീവനും ദൈവികമാണെന്നും ഭഗവദ് ഗീത പറയുന്നു. ഭാരതമാതാ നമ്മുടെ നാടാണ്. ലവ് ജിഹാദിനെതിരെ പോരാടുകയും ഗോഹത്യ അവസാനിപ്പിക്കുകയും വേണം,’ സാധ്വി സരസ്വതി പ്രസംഗത്തില്‍ പറഞ്ഞു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: VHP leader Sadhvi Saraswati urges people to carry swords to protect cows