ലക്‌നൗ: ലക്‌നൗവിലെ പുരാതനമായ പള്ളിയില്‍ അഗ്നിപൂജ നടത്തുമെന്ന ഭീഷണിയുമായി വി.എച്ച്.പി നേതാവ് സാധ്വി പ്രാചി. ക്ഷേത്രങ്ങള്‍ തകര്‍ത്ത് മുസ്‌ലിം ആരാധനാലയങ്ങള്‍ പണിയുന്നതിന് മറുപടിയായിട്ടാണ് ഇതെന്നും അവര്‍ പറഞ്ഞു.
ലക്‌നൗവിലെ പുരാതനമായ പള്ളിയില്‍ ഞാന്‍ ഹവാന്‍( ഹിന്ദുക്കള്‍ക്കിടയില്‍ നടത്തുന്ന അഗ്നി സംബന്ധമായ പൂജ) സംഘടിപ്പിക്കും- ബറേലിയില്‍ നടന്ന ചടങ്ങിനിടെ അവര്‍ മാധ്യമങ്ങളോട് പറഞ്ഞു.
രാജ്യത്തെ എല്ലാ പള്ളികളും ക്ഷേത്രങ്ങള്‍ പൊളിച്ചാണ് നിര്‍മ്മിച്ചതെന്നും അതിനാല്‍ ഇത്തരം ചടങ്ങുകള്‍ സംഘടിപ്പിക്കുന്നതില്‍ തെറ്റില്ലെന്നുമാണ് അവര്‍ പറഞ്ഞത്.
അതേസമയം ലൗ ജിഹാദ് കേസുകളില്‍ വധശിക്ഷ നല്‍കണമെന്നും സാത്വി പറഞ്ഞു. ഇത്തരം കേസുകളിലെ പ്രതികളെ പരസ്യമായി തൂക്കിലേറ്റണമെന്നാണ് തന്റെ അഭിപ്രായമെന്ന് അവര്‍ മാധ്യമങ്ങളോട് പറഞ്ഞു.
നേരത്തെയും ഇത്തരം വിവാദപ്രസ്താവനകള്‍ പരസ്യമായി നടത്തിയ നേതാവാണ് സാധ്വി പ്രാചി. ഈ പരാമര്‍ശങ്ങള്‍ സമൂഹത്തില്‍ വര്‍ഗ്ഗീയ ധ്രൂവീകരണം സൃഷ്ടിക്കുമെന്നും ഇത്തരം പരസ്യപ്രസ്താവനകള്‍ നടത്തരുതെന്നും സാത്വിയോട് നേരത്തെ പറഞ്ഞിട്ടുണ്ടെന്നും അയോധ്യയിലെ സന്ന്യാസി സമൂഹം പറഞ്ഞു.
‘ഇത്തരം പ്രസ്താവനകള്‍ നടത്തുന്നതില്‍ നിന്ന് അവര്‍ പിന്മാറണം. ഈ വിഷയങ്ങള്‍ കൈകാര്യം ചെയ്യേണ്ട ഉത്തരവാദിത്തം പൊലീസിനാണ്’.- അയോധ്യയിലെ രാമക്ഷേത്ര പുരോഹിതന്‍ സത്യേന്ദ്ര ദാസ് പറഞ്ഞു.
നേരത്തെ ലൗ ജിഹാദ് കേസുകളില്‍ പൊലീസ് നടപടിയ്ക്ക് കാത്തുനില്‍ക്കരുതെന്നും നമ്മള്‍ തന്നെ അവരെ നേരിടണമെന്നും പറഞ്ഞ് ബി.ജെ.പി നേതാവ് സംഗീത് സോം രംഗത്തെത്തിയിരുന്നു.
ലൗ ജിഹാദിനെതിരെ നിയമനിര്‍മ്മാണം നടത്തണമെന്ന യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ പ്രസ്താവനയ്ക്ക് പിന്നാലെയായിരുന്നു സംഗീതിന്റെ പരാമര്‍ശം.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക