ബെംഗുളുരു: സാമൂദായിക കൊലപാതകങ്ങളെ ന്യായികരിച്ച് വി.എച്ച്.പി നേതാവ്. “ഞങ്ങളുടെ പ്രവര്‍ത്തകനെ കൊന്നതുകൊണ്ടാണ് പ്രതിയെന്നാരോപിക്കപ്പെട്ട ബഷീറിനെയും കൊന്നത്”. അതില്‍ തെറ്റൊന്നുമില്ലെന്നാണ് വി.എച്ച്.പി ദക്ഷിണ കന്നഡ പ്രസിഡന്റ്്ജഗദീഷ് ഷെന്‍വ പറഞ്ഞത്.
വി.എച്ച്.പി പ്രവര്‍ത്തകനായ ദീപക് റാവുവിന്റെ മരണത്തില്‍ പ്രതിയെന്നു സംശയിക്കപ്പെട്ട ബഷീര്‍ കഴിഞ്ഞ ദിവസം കൊല്ലപ്പെട്ടിരുന്നു. അത് വി.എച്ച്.പിയുടെ മറുപടിയെന്നാണ് ജഗദീഷ് പറഞ്ഞത്. അതില്‍ യാതൊരു കുറ്റബോധം തോന്നേണ്ട കാര്യമില്ലെന്നും അടിച്ചാല്‍ വിഎച്ച്പി തിരിച്ചടിക്കുമെന്നും ജഗദിഷ് പറഞ്ഞു.
സാമൂദായിക സംഘര്‍ഷങ്ങള്‍ നിരന്തരം നടന്നുകൊണ്ടിരിക്കുന്ന പ്രദേശമാണ് ദക്ഷിണ കര്‍ണ്ണാടക. ഈ സാഹചര്യത്തില്‍ വി.എച്ച്.പി നേതാവിന്റെ പ്രസ്താവന കൂടുതല്‍ സംഘര്‍ഷങ്ങള്‍ക്ക് വഴിവെക്കുമെന്നാണ് പ്രതിപക്ഷം പറയുന്നത്.
സമൂദായത്തെ സംരക്ഷിക്കുന്നതിന് ഇത്തരത്തിലുള്ള തിരിച്ചടികള്‍ നല്‍കേണ്ടത് അത്യാവശ്യമാണ്. അതിലൂടെ മാത്രമേ ഒരോ മതസമുദായത്തെയും നിലനിര്‍ത്താന്‍ കഴിയൂവെന്നാണ് ജഗദീഷ് പറഞ്ഞത്.
അതേസമയം സമൂഹ മാധ്യമങ്ങളില്‍ വൈറലായ വി.എച്ച്.പി നേതാവിന്റെ പ്രഭാഷണം പ്രതിപക്ഷ കക്ഷികള്‍ക്കിടയില്‍ വന്‍ പ്രതിഷേധത്തിനിടയാക്കിയിരിക്കുകയാണ്. ജഗദീഷിനെതിരെ നിയമനടപടിയെടുക്കണമെന്ന് ആവശ്യവുമായി കര്‍ണ്ണാടക ഡി.വൈ.എഫ്.ഐ നേതാവായ മുനീര്‍ കത്തിപള്ള രംഗത്തെത്തി.
മാത്രമല്ല ഇദ്ദേഹത്തിന് നല്‍കിയിരിക്കുന്ന പൊലീസ് സംരക്ഷണം നിര്‍ത്തലാക്കണമെന്നും മുനീര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം വിവാദ പരാമര്‍ശത്തിനെതിരെ കേസെടുക്കാന്‍ പൊലീസ് ഇതേവരെ തയ്യാറായിട്ടില്ല.
കഴിഞ്ഞ ജനുവരി 3 ആണ് ബി.ജെ.പി പ്രവര്‍ത്തകനായ ദീപക് റാവു കൊല്ലപ്പെടുന്നത്. ദീപകിന്റെ മരണത്തെത്തുടര്‍ന്ന ആരോപണവിധേയനായ ബഷീറിനെതിരെ പ്രവര്‍ത്തകര്‍ ആക്രമണങ്ങള്‍ അഴിച്ചുവിട്ടിരുന്നു.
ഇത്തരം സംഭവങ്ങള്‍ സാധാരണമാണെന്നും ഒരുഭാഗത്തുള്ളയാളെ കൊന്നാല്‍ അതിന് പകരം ചോദിക്കുന്നതില്‍ തെറ്റില്ലെന്നുമാണ് വി.എച്ച്.പി നേതാവായ ജഗദീഷ് ഷെന്‍വ പറഞ്ഞിരിക്കുന്നത്.