ലഖ്‌നൗ: രാമക്ഷേത്ര വിഷയത്തില്‍ ബി.ജെ.പിയുടേയും വിശ്വഹിന്ദു പരിഷത്തിന്റേയും കാപട്യം തുറന്നുകാട്ടി രാമജന്മഭൂമി ക്ഷേത്രത്തിലെ മുതിര്‍ന്ന പുരോഹിതന്‍ ആചാര്യ സത്യേന്ദ്ര ദാസ്.
രാമക്ഷേത്രത്തിന്റെ കാര്യത്തില്‍ ഇപ്പോള്‍ വിശ്വഹിന്ദു പരിഷത്ത് കാട്ടിക്കൂട്ടുന്നതെല്ലാം ബി.ജെ.പിയെ അധികാരത്തിലെത്തിക്കാന്‍ വേണ്ടി മാത്രമാണെന്നും അതിനുപ്പുറം മറ്റൊന്നും അതിലില്ലെന്നും അദ്ദേഹം പറഞ്ഞു.
– നവംബര്‍ 25 ന് വി.എച്ച്.പി ഒരു ധര്‍മ സഭ സംഘടിപ്പിച്ചിരുന്നു. രാമക്ഷേത്ര നിര്‍മാണത്തെ പ്രോത്സാഹിപ്പിക്കുക എന്ന ഉദ്ദേശത്തോടെയായിരുന്നു അത് സംഘടിപ്പിച്ചത്. എന്നാല്‍ വി.എച്ച്.പിയുടെ ഈ നീക്കം വെറും രാഷ്ട്രീയപ്രേരിതം മാത്രമാണ്. അവര്‍ ഇപ്പോഴും ശക്തരാണ് എന്ന കാണിക്കാനുള്ള നീക്കം മാത്രമാണ് ഇതിന് പിന്നില്‍.
രാമജന്മഭൂമി വിഷയം കോടതിയുടെ പരിഗണനയിലുള്ള കാര്യമാണ്. അതുകൊണ്ട് തന്നെ ആ ഭൂമിയില്‍ നിര്‍മാണങ്ങളൊന്നും പാടില്ലെന്നാണ്. അവിടെ സി.ആര്‍.പി.എഫ് ജവാന്മാരെ സുരക്ഷയ്ക്കായി നിയോഗിച്ചിട്ടുണ്ട്. എന്നാല്‍ കോടതി ഉത്തരവ് പോലും ലംഘിച്ച് അവിടെ ക്ഷേത്രം പണിതിരിക്കുമെന്ന വാശിയിലാണ് അവര്‍.
ഹിന്ദുക്കളില്‍ തന്നെ ചേരിതിരിവ് ഉണ്ടാക്കാനാണ് വി.എച്ച്.പിയുടേയും ബി.ജെ.പിയുടേയും ശ്രമം. രാമഭക്തര്‍ എന്ന ഒരുകൂട്ടത്തെ ഉണ്ടാക്കിയെടുത്ത് ബി.ജെ.പിക്ക് വേണ്ടി രാഷ്ട്രീയ മുതലെടുപ്പ് നടത്തുകയാണ് അവര്‍. ക്ഷേത്രത്തിന് വേണ്ടി ലഭിക്കുന്ന കോടിക്കണക്കിന് രൂപയുടെ ഡൊണേഷന്‍ സ്വന്തം പോക്കറ്റിലാക്കാനാണ് അവരുടെ ശ്രമം. – ആചാര്യ സത്യേന്ദ്ര ദാസ് ആരോപിച്ചു.
കെ. സുരേന്ദ്രന് ജാമ്യം; പക്ഷേ പുറത്തിറങ്ങാനാവില്ല
രാമജന്മഭൂമി മന്ദിറായിരുന്നു അവരുടെ ആദ്യത്തെ ആവശ്യം. ഇതിന് വേണ്ടി ആളെക്കൂട്ടാനായിരുന്നു അവരുടെ ശ്രമം. പിന്നീട് മൂന്ന് ക്ഷേത്രത്തെ കുറിച്ച് അവര്‍ ആവശ്യം ഉന്നയിച്ചു. വാരാണസിയിലും മധുരയിലും അയോധ്യയിലും. പിന്നീട് അവര്‍ പറഞ്ഞത് മൂന്നല്ല 3000 ക്ഷേത്രങ്ങള്‍ പൊളിച്ചാണ് അവിടെയൊക്കെ പള്ളികള്‍ പണിതത് എന്നാണ്. ഇത്തരത്തില്‍ പലതും അവര്‍ വളച്ചൊടിക്കുകയാണ്.
യഥാര്‍ത്ഥ രാമഭക്തരെപോലും അവര്‍ മറ്റൊരു രീതിയില്‍ ഉപയോഗപ്പെടുത്തുകയാണ്. തെരഞ്ഞെടുപ്പ് പ്രകടനപത്രികയില്‍ പോലും ബി.ജെ.പി രാമക്ഷേത്രം നിര്‍മിക്കുമെന്ന് വാഗ്ദാനം നല്‍കുന്നു. എന്നാല്‍ ഒരിക്കലും അവര്‍ ഇത് നടത്തുമെന്ന് തോന്നുന്നില്ല. വിഷയത്തില്‍ ശക്തമായ നടപടി കോടതിയുടെ ഭാഗത്ത് നിന്നും ഉണ്ടാക്കണം. വേണ്ടി വന്നാല്‍ ഓഡിനന്‍സ് ഇറക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
രാമജന്മഭൂമിയില്‍ നിലവിലുള്ള ക്ഷേത്രത്തില്‍ പൂജാധികര്‍മങ്ങള്‍ നടത്തുന്നത് ആചാര്യ സത്യേന്ദ്ര ദാസാണ്.