പ്രവീണ്‍ തൊഗാഡിയക്കെതിരെ പ്രതികാര നടപടി തുടരുന്നു; ആറ് അനുനായികളെ പുറത്താക്കിയതായി വി.എച്ച്.പി
SAFFRON POLITICS
പ്രവീണ്‍ തൊഗാഡിയക്കെതിരെ പ്രതികാര നടപടി തുടരുന്നു; ആറ് അനുനായികളെ പുറത്താക്കിയതായി വി.എച്ച്.പി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 9th May 2018, 7:49 am

അഹമ്മദാബാദ്: പ്രവീണ്‍ തൊഗാഡിയയെ പുറത്താക്കിയതിനു പിന്നാലെ അനുനായികള്‍ക്കു നേരെയും പ്രതികാര നടപടിയുമായി വി.എച്ച്.പി. തൊഗാഡിയയ്ക്ക് പരസ്യ പിന്തുണ പ്രഖ്യാപിച്ച ഗുജറാത്ത് സംസ്ഥാന അധ്യക്ഷന്‍ ഉള്‍പ്പെടെ ആറു ഭാരവാഹികളെ വി.എച്ച്.പി പുറത്താക്കി.

കത്തിലൂടെയാണ് ഭാരവാഹികളെ പുറത്താക്കിയ വിവരം വി.എച്ച്.പി അറിയിച്ചത്. സംഘടനയുമായി ഇവര്‍ക്കിനി യാതൊരു ബന്ധവുമുണ്ടാകില്ലെന്നും വി.എച്ച്.പി അറിയിച്ചു. ഗുജറാത്ത് സംസ്ഥാന അധ്യക്ഷന്‍ കൗശിക് മെഹ്ത, വി.എച്ച്.പി ജനറല്‍ സെക്രട്ടറി രഞ്ചോട് ഭര്‍വാദ്, ദുര്‍ഗാവാഹിനി ദേശീയ കണ്‍വീനര്‍ മാലാ റാവല്‍, മാതൃശക്തി കോ- കണ്‍വീനര്‍ മുക്ത മക്കാനി എന്നിവരാണ് പുറത്താക്കപ്പെട്ടവരില്‍ പ്രമുഖര്‍.

ALSO READ:  പഴനിയില്‍ വാനും ലോറിയും കൂട്ടിയിടിച്ച് അപകടം; ആറു മലയാളികള്‍ മരിച്ചു

സംഘടന ഉപേക്ഷിച്ച പ്രവീണ്‍ തൊഗാഡിയയ്ക്ക് പിന്തുണ പ്രഖ്യാപിച്ച ഇവരുടെ നടപടി അച്ചടക്കലംഘനമാണെന്ന് കാണിച്ചാണ് പുറത്താക്കിയത്. കഴിഞ്ഞ മാസമാണ് തൊഗാഡിയ വി.എച്ച്.പി വിട്ടത്.

ഇനി മുതല്‍ സംഘടനയുമായി ഒരു തരത്തിലുമുള്ള സഹകരണമുണ്ടാകില്ലെന്ന് പ്രവീണ്‍ തൊഗാഡിയ വ്യക്തമാക്കിയിരുന്നു. വി.എച്ച്.പി നേതൃനിരയിലേക്കുള്ള തെരഞ്ഞെടുപ്പില്‍ പ്രവീണ്‍ തൊഗാഡിയ പക്ഷത്തിന് തോല്‍വി നേരിട്ടിരുന്നു. ഇതോടെ പ്രവീണ്‍ തൊഗാഡിയക്ക് അഖിലേന്ത്യ വര്‍ക്കിംഗ് പ്രസിഡന്റ് സ്ഥാനം നഷ്ടമായതാണ് വി.എച്ച്.പി വിടാന്‍ കാരണം.

ഹിമാചല്‍ പ്രദേശ് മുന്‍ ഗവര്‍ണര്‍ വിഷ്ണു സദാശിവത്തിനെയാണ് പുതിയ അന്താരാഷ്ട പ്രസിഡന്റ് ആയി തെരഞ്ഞെടുത്തത്. സംഘപരിവാര്‍ സംഘടനയില്‍ നിന്ന് കൊണ്ട് തന്നെ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ നിരന്തരം വിമര്‍ശനം പ്രവീണ്‍ തൊഗാഡിയ നടത്തിയിരുന്നു.

WATCH THIS VIDEO: