| Wednesday, 3rd August 2022, 2:47 pm

'വര്‍ഗീയ കലാപങ്ങളുടെ ശവപ്പറമ്പായി ഇന്ത്യ മാറും';വി.എച്ച്.പി എറണാകുളം ജില്ലാ പ്രസിഡന്റ് രാജിവെച്ചു; സി.പി.ഐ.എമ്മില്‍ ചേരും

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: വിശ്വ ഹിന്ദു പരിഷത്ത് (വി.എച്ച്.പി) എറണാകുളം ജില്ലാ പ്രസിഡന്റ് അഡ്വ. എസ്. സുഭാഷ് ചന്ദ് രാജിവെച്ചു. സി.പി.ഐ.എമ്മുമായി സഹകരിക്കുമെന്ന് സുഭാഷ് ചന്ദ് അറിയിച്ചു. കേരള ഹൈക്കോടതിയില്‍ കേന്ദ്ര ഗവണ്‍മെന്റിനെ പ്രതിനിധീകരിക്കുന്ന സെന്‍ട്രല്‍ ഗവണ്‍മെന്റ് കൗണ്‍സില്‍ (സി.ജി.സി), തപസ്യ-തൃപ്പൂണിത്തുറ പ്രസിഡന്റ് തുടങ്ങിയ സ്ഥാനങ്ങള്‍ വഹിച്ചിരുന്നയാളാണ് സുഭാഷ് ചന്ദ്. വാര്‍ത്താക്കുറിപ്പിലൂടെയാണ് സുഭാഷ് ചന്ദ് ഇക്കാര്യം അറിയിച്ചത്.

സംഘപരിവാര്‍ പ്രസ്ഥാനങ്ങളുമായി ആശയപരമായി വിയോജിപ്പുള്ളതിനാല്‍ എല്ലാ പദവികളും രാജിവെച്ചുവെന്നും മതേതര ശക്തികളുടെ ശാക്തീകരണം കാലഘട്ടത്തിന്റെ ആവശ്യമാണെന്ന ബോധ്യത്തിന്റെ അടിസ്ഥാനത്തിലാണ് രാജി സമര്‍പ്പിച്ചിട്ടുള്ളത് എന്നും അദ്ദേഹം കുറിപ്പില്‍ പറഞ്ഞു.

വര്‍ഗീയത വളരുംതോറും മതേതരത്വം തളരുകയാണ്. ഇങ്ങനെ സംഭവിച്ചാല്‍ ഇന്ത്യയില്‍ സമാധാന ജീവിതം ഇല്ലാതെയാകും, വര്‍ഗീയ കലാപങ്ങളുടെ ശവപ്പറമ്പായി ഇന്ത്യ മാറുമെന്നും പത്രക്കുറിപ്പില്‍ സുഭാഷ് ചന്ദ് വ്യക്തമാക്കി.

ഇന്ത്യന്‍ ഭരണഘടനയുടെ ഇരുപത്തിയൊന്നാം അനുച്ഛേദപ്രകാരം നിയമാധിഷ്ഠിതമായ ഒരു നടപടി ക്രമത്തിലൂടെ അല്ലാതെ ഏതൊരു വ്യക്തിക്കും ജീവിക്കാനുള്ള അവകാശവും സ്വാതന്ത്ര്യത്തിനുള്ള അവകാശവും നിഷേധിക്കാന്‍ പാടില്ല. മതേതരത്വത്തിനായി വിട്ടുവീഴ്ചയില്ലാത്ത നിലപാട് സ്വീകരിക്കുന്ന, അതോടൊപ്പം തന്നെ സാധാരണക്കാരുടെ വ്യക്തിജീവിത പുരോഗതിക്കായി വികസന പദ്ധതികള്‍ ചങ്കൂറ്റത്തോടെ നടപ്പാക്കുന്ന സി.പി.ഐ.എമ്മുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാനാണ് തീരുമാനിച്ചത് എന്നും അദ്ദേഹം പത്രക്കുറിപ്പില്‍ പറഞ്ഞു.

Content Highlight: VHP Ernakulam District president resigned; will join to CPIM

We use cookies to give you the best possible experience. Learn more