ഹൈദരാബാദ്: ഹിന്ദു സ്വത്വം സംരക്ഷിക്കുകയെന്ന ആശയത്തോടെ പരിപാടി സംഘടിപ്പിച്ച് തീവ്ര ഹിന്ദുത്വ സംഘടനയായ വിശ്വഹിന്ദു പരിഷത്ത്. തെലങ്കാനയിലെ സംഗറെഡ്ഡിയിൽ നടന്ന പരിപാടിയിൽ വി.എച്ച്.പി അംഗങ്ങൾ ത്രിശൂലം വിതരണം ചെയ്തു.
500 ഓളം നാട്ടുകാർ പങ്കെടുത്ത പരിപാടിയുടെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറൽ ആയി. സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വീഡിയോയിൽ വിശ്വ ഹിന്ദു പ്രവർത്തകർ ത്രിശൂലം പിടിച്ച് ഹിന്ദു ധർമം സംരക്ഷിക്കുമെന്ന് പ്രതിജ്ഞയെടുക്കുന്നത് കാണാം. പരിപാടിയിൽ കൂടുതലും പങ്കെടുത്തത് ബജ്‌റംഗ്ദൾ പ്രവർത്തകരായിരുന്നെന്ന് സംഘാടകർ പറഞ്ഞു.
അതേസമയം ത്രിശൂലങ്ങൾ വിതരണം ചെയ്യുകയും ‘ഹിന്ദു സ്വത്വം സംരക്ഷിക്കാൻ’ പ്രതിജ്ഞയെടുക്കുകയും ചെയ്യുന്ന ഇത്തരം പരിപാടികൾ വർഗീയ വിദ്വേഷം വളർത്തുന്നതിനുള്ള വേദികളായി മാറിയിരിക്കുന്നുവെന്ന് മനുഷ്യാവകാശ നിരീക്ഷക സംഘടനയായ സിറ്റിസൺസ് ഫോർ ജസ്റ്റിസ് ആൻഡ് പീസ് അഭിപ്രായപ്പെട്ടു.
‘ഹിന്ദു സ്വത്വം സംരക്ഷിക്കാൻ പ്രതിജ്ഞയെടുക്കുന്ന ഈ പരിപാടികൾ, വർഗീയ വിദ്വേഷം വളർത്തുന്നതിനുള്ള വേദികളായി മാറിയിരിക്കുന്നു. ഈ ഒത്തുചേരലുകളിലെ നേതാക്കൾ ‘ലവ് ജിഹാദ്’, ‘ലാൻഡ് ജിഹാദ്’ തുടങ്ങിയ അടിസ്ഥാനരഹിതമായ വിവരങ്ങൾ പ്രചരിപ്പിക്കുന്നു, അതേസമയം ന്യൂനപക്ഷങ്ങളെ പരസ്യമായി അധിക്ഷേപിക്കുകയും അവർക്കെതിരെ സാമ്പത്തിക ബഹിഷ്കരണത്തിന് ആഹ്വാനം ചെയ്യുകയും ചെയ്യുന്നു. ഇത്തരം വിദ്വേഷജനകമായ പരിപാടികൾ സാമൂഹിക വിഭജനത്തെ കൂടുതൽ ആഴത്തിലാക്കുന്നു. മാത്രമല്ല, സാംസ്കാരികമോ മതപരമോ ആയ പ്രതിരോധത്തിന്റെ മറവിൽ അക്രമം എന്ന ആശയത്തെ ഇവർ സാധാരണാവത്ക്കരിക്കുകയും ചെയ്യുന്നു,’ സിറ്റിസൺസ് ഫോർ ജസ്റ്റിസ് ആൻഡ് പീസ് അഭിപ്രായപ്പെട്ടു.
ഫെബ്രുവരിയിൽ തെലങ്കാനയിലെ ഖമ്മം ജില്ലയിൽ വിശ്വഹിന്ദു പരിഷത്തും (വി.എച്ച്.പി) ബജ്റംഗ്ദളും ചേർന്ന് ‘ത്രിശൂൽ ദീക്ഷ’ പരിപാടി സംഘടിപ്പിച്ചിരുന്നു.
അതേസമയം മുസ്‌ലിങ്ങള്‍ക്കെതിരെ വീണ്ടും വിവാദ പരാമര്‍ശവുമായി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് എത്തി. ഹിന്ദുക്കള്‍ സുരക്ഷിതരെങ്കില്‍ മുസ്‌ലിങ്ങളും സുരക്ഷിതരാണ്. 100 മുസ്‌ലിം കുടുംബങ്ങള്‍ക്കിടയില്‍ 50 ഹിന്ദുക്കള്‍ക്ക് സുരക്ഷിതരായി ഇരിക്കാന്‍ കഴിയില്ലെന്നും ബംഗ്ലാദേശും പാകിസ്ഥാനും അതിന് ഉദാഹരണമാണെന്നായിരുന്നു യോഗിയുടെ പരാമര്‍ശം. വാര്‍ത്ത ഏജന്‍സിയായ എ.എന്‍.ഐയുടെ പോഡ്‌കാസ്റ്റില്‍ സംസാരിക്കുകയായിരുന്നു യോഗി.
നൂറ് ഹിന്ദു കുടുംബങ്ങള്‍ക്കിടയില്‍ ഒരു മുസ്‌ലിം കുടുംബത്തിന് മതപരമായ സ്വാതന്ത്ര്യമുണ്ടെന്നും കാരണം ഹിന്ദുക്കള്‍ സഹിഷ്ണുതയുള്ളവരാണെന്നും യു.പി മുഖ്യമന്ത്രി പറഞ്ഞു. 2017ല്‍ ബി.ജെ.പി അധികാരത്തില്‍ വന്നതിനുശേഷം യു.പി ഒരു വര്‍ഗീയ കലാപത്തിനും സാക്ഷ്യം വഹിച്ചിട്ടില്ലെന്നും യോഗി അഭിപ്രായപ്പെട്ടു.
Content Highlight: VHP distributes ‘trishuls’ in Telangana