| Wednesday, 28th October 2020, 4:27 pm

മതപരിവര്‍ത്തനം പരിഷ്‌കൃത സമൂഹത്തിന് യോജിച്ചതല്ല; ലൗ ജിഹാദ് നിയന്ത്രിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നിയമം കൊണ്ടുവരണമെന്ന് വി.എച്ച്.പി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: രാജ്യത്ത് ലൗ ജിഹാദ് ഇല്ലാതാക്കാന്‍ നിയമം നടപ്പാക്കണമെന്നാവശ്യവുമായി വിശ്വ ഹിന്ദു പരിഷത്ത്.ഹരിയാനയിലെ ഫരീദാബാദില്‍ വിദ്യാര്‍ഥിനിയെ വെടിവെച്ച് കൊന്ന സംഭവത്തില്‍ പ്രതികരിക്കവെയാണ് വി.എച്ച്.പി ഇന്റര്‍നാഷണല്‍ ജോയിന്റ് സെക്രട്ടറി സുരേന്ദ്ര ജെയിന്റെ ഈ പരാമര്‍ശം.

വിദ്യാര്‍ഥിനി കൊല്ലപ്പെട്ടതിന് പിന്നില്‍ ലൗ ജിഹാദ് ആണെന്നും ഇദ്ദേഹം പറഞ്ഞു. ഇക്കഴിഞ്ഞ 7 ദിവസത്തിനിടെ നിരവധി പെണ്‍കുട്ടികളെ മേവാത്തിനും ഗുരുഗ്രാമിനുമിടയില്‍ ലൗ ജിഹാദിന്റെ പേരില്‍ തട്ടിക്കൊണ്ടുപോയെന്നും ജെയിന്‍ ആരോപിച്ചു.

‘ലൗ ജിഹാദ് നിയന്ത്രിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നിയമം കൊണ്ടുവരണം. മതപരിവര്‍ത്തനം പരിഷ്‌കൃത സമൂഹത്തിന് യോജിച്ചതല്ല. മുസ്‌ലിങ്ങളല്ലാത്തവരുടെ അന്തസ്സിനു നേരെയുള്ള ആക്രമണമാണ് ലൗ ജിഹാദ്’- ജെയിന്‍ പറഞ്ഞു.

കഴിഞ്ഞ ദിവസമാണ് ഹരിയാനയിലെ ഫരീദാബാദില്‍ കോളേജ് വിദ്യാര്‍ഥിനിയെ പട്ടാപ്പകല്‍ വെടിവെച്ച് കൊന്നത്. സംഭവത്തില്‍ രണ്ട് പ്രതികളേയും പൊലീസ് അറസ്റ്റു ചെയ്തിരുന്നു.

തിങ്കളാഴ്ച വൈകിട്ടാണ് നികിത തോമാര്‍(21) എന്ന വിദ്യാര്‍ഥിനിയെ കോളേജിന് മുന്നിലെ റോഡില്‍വെച്ച് രണ്ട് പേര്‍ ചേര്‍ന്ന് ആക്രമിച്ചതും വെടിവെച്ച് കൊലപ്പെടുത്തിയതും.

പരീക്ഷ കഴിഞ്ഞ് കൂട്ടുകാരിക്കൊപ്പം പുറത്തിറങ്ങിയ വിദ്യാര്‍ഥിനിയെ കാറില്‍ കാത്തുനിന്ന യുവാവ് കാറിലേക്ക് വലിച്ചുകയറ്റാന്‍ ശ്രമിക്കുകയും കുതറിമാറിയ പെണ്‍കുട്ടിയെ തോക്കെടുത്ത് വെടിവെക്കുകയുമായിരുന്നു.

തുടര്‍ന്ന് പ്രതികള്‍ വാഹനത്തില്‍ കയറി രക്ഷപ്പെട്ടു. ഗുരുതരമായി പരിക്കേറ്റ പെണ്‍കുട്ടിയെ പിന്നീട് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല.

അതേസമയം സംഭവത്തിന് പിന്നില്‍ ലൗ ജിഹാദാണെന്നാണ് പെണ്‍കുട്ടിയുടെ കുടുംബത്തിന്റെ ആരോപണം. മുഖ്യപ്രതിയായ തൗസീഫ് 2018 മുതല്‍ മകളെ ശല്യം ചെയ്യുകയാണെന്നും മതംമാറി വിവാഹം കഴിക്കണമെന്നാവശ്യപ്പെട്ട് നിരന്തരം ശല്യം ചെയ്തിരുന്നെന്നും കുടുംബം പറഞ്ഞിരുന്നു.

2018ല്‍ നികിതയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചതിന് തങ്ങള്‍ പരാതി നല്‍കിയിരുന്നുവെന്നും എന്നാല്‍ കേസ് പുറത്ത് ഒത്തുതീര്‍പ്പാക്കാന്‍ അന്ന് പൊലീസ് നിര്‍ബന്ധിക്കുകയായിരുന്നെന്നും പെണ്‍കുട്ടിയുടെ സഹോദരി പറഞ്ഞു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ


Content Highlights: VHP Urges To Control Love Jihad

We use cookies to give you the best possible experience. Learn more