| Thursday, 24th May 2018, 3:18 pm

സൽമാൻ ഖാന്റെ ‘ലവ് രാത്രി’: ഹിന്ദു വിശ്വാസങ്ങൾ വ്രണപ്പെടുത്തുന്നെന്ന് വി.എച്ച്.പി

ഡൂള്‍ന്യൂസ് ഡെസ്‌ക്

മുംബൈ: സൽമാൻ ഖാൻ ഫിലിംസ് നിർമ്മിക്കുന്ന ഏറ്റവും പുതിയ ചിത്രമായ ലവ് രാത്രിക്കെതിരെ വി.എച്ച്.പി രംഗത്തെത്തി. ചിത്രത്തിന്റെ പേര്‌ ഹൈന്ദവാഘോഷമായ നവരാത്രിയെ വളച്ചൊടിക്കുന്നു എന്നാണ്‌ സംഘപരിവാർ സംഘടനയായ വി.എച്ച്.പിയുടെ ആരോപണം.

സൽമാൻ ഖാന്റെ സഹോദരി ഭർത്താവ് ആയുഷ് ശർമ വേഷമിടുന്ന ചിത്രം, സൽമാൻ ഖാൻ തന്നെയാണ്‌ നിർമ്മിക്കുന്നത്. ആയുഷിന്റെ കരിയറിലെ ആദ്യ ചിത്രം കൂടിയാണിത്. വരീന ഹുസൈനാണ്‌ സിനിമയിൽ അയിഷിന്റെ നായികയായി എത്തുക. സുൽത്താൻ എന്ന ഹിറ്റ് ചിത്രത്തിന്റെ സഹസംവിധായകൻ ആയിരുന്ന അഭിരാജ് മിനാവാലയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

എന്നാൽ, ഇന്ത്യൻ തീയറ്ററുകളിൽ ഈ ചിത്രം പ്രദർശിപ്പിക്കാൻ അനുവദിക്കില്ല എന്നാണ് സംഘപരിവാർ സംഘടനയായ വി.എച്ച്.പി ഭീഷണി മുഴക്കിയിരിക്കുന്നത്. ചിത്രത്തിന്റെ പേര്‌ ഹിന്ദു വിശ്വാസങ്ങളെ വൃണപ്പെടുത്തുന്നതാണെന്ന് വിശ്വ ഹിന്ദു പരിഷത്ത് രജ്യാന്തര അധ്യക്ഷൻ അലോക് കുമാർ പറഞ്ഞു.

നവരാത്രി ആഘോഷങ്ങളാണ് സിനിമയുടെ ഇതിവൃത്തം. നവരാത്രി കാലഘട്ടത്തിൽ നടക്കുന്ന പ്രണയ കഥ ഹിന്ദുക്കളുടെ മനസ്സിനെ വേദനിപ്പിക്കും. ഭക്തിനിർഭരമായ നവരാത്രി സങ്കല്പത്തെ കളങ്കപ്പെടുത്തന്നത് അനുവദിക്കാനാവില്ല, അലോക് കുമാർ പറഞ്ഞു.

നേരത്തെ പത്മാവത് എന്ന ചിത്രത്തിന്‌ നേരേയും ഹൈന്ദവ സംഘടനകളുടെ ആക്രമണം ഉണ്ടായിരുന്നു. ഒക്ടോബറിൽ റിലീസ് തീരുമാനിച്ചിരിക്കുന്ന ലവ് രാത്രിയുടെ നിർമ്മാതക്കൾ വിശ്വ ഹിന്ദു പരിഷത്തിന്റെ പ്രസ്താവനയോട് പ്രതികരിച്ചിട്ടില്ല.

We use cookies to give you the best possible experience. Learn more