| Friday, 27th April 2018, 6:52 pm

വിശ്വഹിന്ദു പരിഷത്തിന്റെ സമ്മേളനത്തില്‍ അധ്യക്ഷനായി കോണ്‍ഗ്രസ് പഞ്ചായത്ത് പ്രസിഡന്റ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

കാസര്‍കോട്: ഡി.സി.സി നേതൃത്വത്തിന്റെയും ലീഗിന്റെയും എതിര്‍പ്പ് അവഗണിച്ച് കോണ്‍ഗ്രസ് പഞ്ചായത്ത് പ്രസിഡന്റ് വി.എച്ച്.പിയുടെ ഹിന്ദു സമ്മേളനത്തില്‍. വിശ്വഹിന്ദു പരിഷത്തും ഭജ്രംഗ്ദളും ഹിന്ദു സമാജോത്സവ സമിതിയും ബദിയടുക്കയില്‍ സംഘടിപ്പിച്ച സമ്മേളനത്തിലാണ് കോണ്‍ഗ്രസ് നേതാവും ബദിയടുക്ക പഞ്ചായത്ത് പ്രസിഡന്റുമായ കെ.എന്‍ കൃഷ്ണഭട്ട് അധ്യക്ഷനായത്.

നേരത്തെ ഹിന്ദുസമ്മേളനത്തില്‍ പങ്കെടുത്താല്‍ പഞ്ചായത്ത് പ്രസിഡന്റിനുള്ള പിന്തുണ പിന്‍വലിക്കുമെന്ന് ലീഗ് പഞ്ചായത്ത് കമ്മിറ്റി പ്രഖ്യാപിച്ചിരുന്നു. ഡി.സി.സി പ്രസിഡന്റ് ഹക്കിംകുന്നില്‍ സമ്മേളനത്തില്‍ നിന്ന് കൃഷ്ണഭട്ട് വിട്ടുനില്‍ക്കുമെന്ന് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. എന്നാല്‍ ഡി.സി.സിയുടേയും ലീഗിന്റെയും എതിര്‍പ്പ് അവഗണിച്ച് കൃഷ്ണഭട്ട് സമ്മേളനത്തില്‍ അദ്ധ്യക്ഷനാവുകുയായിരുന്നു.

വി.എച്ച്.പിയുടെ നേതൃത്വത്തില്‍ നടക്കുന്ന സമ്മേളനത്തില്‍ പങ്കെടുത്തതില്‍ തെറ്റില്ലെന്നാണ് കൃഷ്ണഭട്ടിന്റെ പ്രതികരണം. അധ്യക്ഷ പ്രസംഗത്തില്‍ കൃഷ്ണഭട്ട് ഇക്കാര്യം വ്യക്തമാക്കുകയും ചെയ്തു. തീവ്രഹിന്ദുത്വവാദിയായ മധ്യപ്രദേശിലെ യുവ സന്യാസിനി ബാലസരസ്വതിയാണ് ഹിന്ദുസമാജോത്സവം ഉദ്ഘാടനം ചെയ്തത്. ഒടിയൂര്‍ ഗുരുദത്ത, ഗുരുദേവാനന്ദ സ്വാമി, ഉത്തരകാശിയിലെ രാമചന്ദ്ര സ്വാമിതുടങ്ങിയ സംഘപരിവാര്‍ സന്യാസിമാരായിരുന്നു ആശംസ അര്‍പ്പിക്കാനെത്തിയത്.

Image may contain: 1 person, outdoor

19 അംഗ പഞ്ചായത്ത് ഭരണസമിതിയില്‍ കോണ്‍ഗ്രസിനും ലീഗിനും അഞ്ച് വീതം സീറ്റാണുള്ളത്. ബി.ജെ.പിക്ക് എട്ട് അംഗങ്ങളുണ്ട്. സി.പി.ഐ എമ്മിന് ഒരംഗമാണുള്ളത്. പുറത്താക്കിയാല്‍ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം നിലനിര്‍ത്താന്‍ സഹായിക്കുമെന്ന് ബി.ജെ.പി ജില്ലാ നേതൃത്തം നേരത്തെ വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യത്തില്‍ കൃഷ്ണഭട്ടിനെതിരെ കടുത്ത നടപടിക്ക് കോണ്‍ഗ്രസ് മുതിരില്ലെന്നാണ് സൂചന. കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി കൃഷ്ണഭട്ടിന് അഭിവാദ്യം അര്‍പ്പിച്ച് ബോര്‍ഡും സ്ഥാപിച്ചിരുന്നു. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ കാസര്‍കോട് നിയമസഭ മണ്ഡലത്തില്‍ ബി.ജെ.പി സ്ഥാനാര്‍ഥിയായിരുന്ന രവീശ തന്ത്രി കുണ്ടാറാണ് സമ്മേളനത്തിന്റെ മുഖ്യസംഘാടകന്‍.

We use cookies to give you the best possible experience. Learn more