അഗര്‍ത്തല: ത്രിപുരയില്‍ മുസ്‌ലിംങ്ങളോട് ദേശീയത തെളിയിക്കാന്‍ ആവശ്യപ്പെട്ട് സംഘപരിവാര്‍ റാലി. കിഴക്കന്‍ ത്രിപുരയിലെ വെസ്റ്റ് നഗറില്‍ അറുനൂറോളം വരുന്ന ബജ്‌റംഗദള്‍-വി.എച്ച്.പി പ്രവര്‍ത്തകരാണ് ആയുധങ്ങളുമേന്തി റാലി നടത്തിയത്. റാലിക്കിടെ ഗ്രാമത്തിലെ മുസ്‌ലിംങ്ങളെ നിര്‍ത്തി ആധാര്‍കാര്‍ഡ് ചോദിക്കുകയും ദേശീയത തെളിയിക്കാന്‍ ആവശ്യപ്പെടുകയും ചെയ്തതായി ന്യൂസ്18 റിപ്പോര്‍ട്ട് ചെയ്തു.
രാജ്യം വിഭജിക്കാന്‍ ഞങ്ങള്‍ അവരെ അനുവദിക്കില്ല. പശുക്കളെ കൊല്ലാന്‍ ഞങ്ങള്‍ അനുവദിക്കുകയില്ല എന്നതടക്കമുള്ള മുദ്രാവാക്യങ്ങള്‍ വിളിച്ചുകൊണ്ടാണ് സംഘം എത്തിയത്.
“ഇതൊരു ഹിന്ദുമേഖലയാണ്, ഞങ്ങളുടെ ആളുകളെ ഭീഷണിപ്പെടുത്താനോ ഗോമാതാവിനെ ആക്രമിക്കാനോ ഞങ്ങള്‍ അനുവദിക്കുകയില്ല. ആധാര്‍ കാര്‍ഡ് പോലുമില്ലാത്തവരാണ് ഇവര്‍. നിയമവിരുദ്ധമായി ഗോവധം തുടരുകയാണെങ്കില്‍ നടപടിയെടുക്കാന്‍ ഞങ്ങള്‍ നിര്‍ബന്ധിതരാകും” റാലി നയിച്ച വി.എച്ച്.പി ഓര്‍ഗനൈസേഷനല്‍ സെക്രട്ടറി അമല്‍ ചക്രബര്‍ത്തി ന്യൂസ് 18നോട് പറഞ്ഞു.
വി.എച്ച്.പി റാലിയെ തുടര്‍ന്ന് ന്യൂനപക്ഷങ്ങള്‍ ആശങ്കയിലാണെന്നും സംസ്ഥാനത്ത് സമാധാനം നിലനിര്‍ത്തേണ്ടത് സര്‍ക്കാരിന്റെ ബാധ്യതയാണെന്നും സി.പി.ഐ.എം നേതാവ് പബിത്ര കര്‍ പറഞ്ഞു. ഗോവധ നിരോധനം സര്‍ക്കാരിന്റെ വിഷയമാണെന്നും ന്യൂനപക്ഷങ്ങളെ ഭയപ്പെടുത്തുന്നതിന് മുമ്പ് നിയമവിരുദ്ധ അറവുശാലകള്‍ ഉണ്ടെങ്കില്‍ വി.എച്ച്.പി ആദ്യം പോയി പൊലീസില്‍ പരാതി നല്‍കുകയാണ് വേണ്ടതെന്നും ത്രിപുര കോണ്‍ഗ്രസ് പ്രസിഡന്റ് പ്രതിയോദ് കിഷോര്‍ മാണിക്യ പറഞ്ഞു.
ത്രിപുരയില്‍ അധികാരത്തിലെത്തിയതിന് പിന്നാലെ ബീഫ് വിഷയത്തില്‍ ബി.ജെ.പി നിലപാട് മയപ്പെടുത്തിയിരുന്നു. വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ ബീഫ് സ്ഥിരം ഭക്ഷണമായതിനാല്‍ സര്‍ക്കാര്‍ ബീഫ് നിരോധിക്കില്ലെന്ന് ബി.ജെ.പി നേതാവ് സുനില്‍ ദിയോധര്‍ പറഞ്ഞിരുന്നു.