| Sunday, 30th June 2024, 11:01 pm

മിശ്ര വിവാഹം നടന്നാല്‍ വര്‍ഗീയ സംഘര്‍ഷം ഉണ്ടാക്കും; യു.പി പൊലീസ് സ്റ്റേഷന് മുന്നില്‍ ഭീഷണിയുമായി ബജ്‌റംഗ്ദൾ പ്രവർത്തകർ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ മിശ്രവിവാഹത്തെ എതിര്‍ത്ത് വിശ്വഹിന്ദു പരിഷത്തും ബജ്‌റംഗ്ദളും ചേര്‍ന്ന് പ്രതിഷേധവുമായി തെരുവിലിറങ്ങി. യു.പിയിലെ ബിജ്‌നോറില്‍ മിശ്ര വിവാഹം രജിസ്റ്റര്‍ ചെയ്യാനെത്തിയവര്‍ക്കെതിരെ ആയിരുന്നു പ്രതിഷേധം.

ശിവാനി ശര്‍മയെന്ന ഹിന്ദു യുവതിക്കും വസീം അഹമ്മദ് എന്ന മുസ്‌ലിം യുവാവിനെതിരെയുമാണ് സംഘം പ്രതിഷേധം നടത്തിയത്. പ്രാദേശിക ഹിന്ദു സംഘടനകള്‍ ഇവരുടെ വിവാഹത്തെ എതിര്‍ത്ത് രംഗത്തെത്തുകയായിരുന്നു.

ഇവര്‍ വിവാഹിതരാകുന്ന വിവരം ലഭിച്ചതിന് പിന്നാലെയാണ് ആള്‍ക്കൂട്ടം തെരുവ് കയ്യടക്കി പ്രതിഷേധിച്ചതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് തെയ്തു.

ലവ് ജിഹാദാണെന്ന് ആരോപിച്ചായിരുന്നു ഇവരുടെ പ്രതിഷേധം. പിന്നീട് ഇവര്‍ അഫ്‌സല്‍ഗഡ് പൊലീസ് സ്റ്റേഷന് പുറത്ത് പ്രകടനം നടത്തുകയും ചെയ്തു. വിവാഹം തടഞ്ഞില്ലെങ്കില്‍ നഗരത്തില്‍ വര്‍ഗീയ സംഘര്‍ഷങ്ങള്‍ വര്‍ധിപ്പിക്കുമെന്നും ഇവര്‍ ഭീഷണി മുഴക്കി.

എന്നാല്‍ ഇവരുടെ ഭീഷണിക്ക് വഴങ്ങി അന്വേഷണം നടത്താമെന്ന് ഉറപ്പ് നല്‍കി പ്രതിഷേധം നടത്തിയവരെ മടക്കി അയക്കുകയാണ് പൊലീസ് ചെയ്തത്. ലോക്കല്‍ പൊലീസിന്റെ അറിവോടെയാണ് സംഭവം നടന്നതെന്നും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

Content Highlight: VHP, Bajrang Dal members disrupt interfaith marriage, threaten UP police

We use cookies to give you the best possible experience. Learn more