| Tuesday, 27th June 2023, 11:54 pm

യു.പിയില്‍ നിര്‍മാണത്തിലുള്ള ക്രിസ്ത്യന്‍ പള്ളിയുടെ മതിലുകള്‍ തകര്‍ത്ത് വി.എച്ച്.പിയും ബജ്‌റംഗ്ദളും; കേസെടുത്ത് പൊലീസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ലഖ്‌നൗ: കാണ്‍പൂരിന് സമീപം നിര്‍മാണത്തിലിരിക്കുന്ന ക്രിസ്ത്യന്‍ പള്ളിയുടെ മതില്‍ തകര്‍ത്ത് ബജ്റംഗ്ദളും വിശ്വഹിന്ദു പരിഷത്തും (വി.എച്ച്.പി) ഉള്‍പ്പെടെയുള്ള ഹിന്ദുത്വ സംഘടനകള്‍. സംഘടനയുടെ നേതാക്കള്‍ക്കെതിരെയും പ്രവര്‍ത്തകര്‍ക്കെതിരെയും പൊലീസ് കേസെടുത്തിട്ടുണ്ടെന്ന് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് പി.ടി.ഐ. റിപ്പോര്‍ട്ട് ചെയ്തു.

ഉത്തര്‍പ്രദേശിലെ ബനാര്‍ അലിപൂരിലെ ഷഹ്സാദ്പൂര്‍ ഗ്രാമത്തില്‍ ആണ് സംഭവം. പള്ളിയുടെ പുതുതായി നിര്‍മിച്ച മതിലുകളും ഫര്‍ണിച്ചറുകളുമടക്കം ഹിന്ദുത്വ സംഘടനകള്‍ തകര്‍ത്തിട്ടുണ്ട്.

അക്രമകാരികള്‍ അവിടെ കാവി പതാകകള്‍ സ്ഥാപിച്ച് മതിലുകളില്‍ ജയ് ശ്രീറാം എഴുതുകയും സി.സി.ടി.വി. ക്യാമറകളും പള്ളിയിലുണ്ടായിരുന്ന പ്രതിമകളും തകര്‍ത്തെന്നും പി.ടി.ഐ റിപ്പോര്‍ട്ട് ചെയ്യുന്നു. നിയമം കയ്യിലെടുക്കരുതെന്ന് ആവശ്യപ്പെട്ടപ്പോള്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരോടും അവര്‍ മോശമായി പെരുമാറിയെന്നും റിപ്പോര്‍ട്ടിലുണ്ട്.

ബജ്‌റംഗ്ദള്‍ ജില്ലാ കണ്‍വീനര്‍ ഗൗരവ് ശുക്ലയടക്കം പേരറിയാവുന്ന 13 പേരും തിരിച്ചറിയാത്ത 70-80 പേര്‍ക്കെതിരെയുമാണ് നിലവില്‍ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. നിയമം കയ്യിലെടുക്കരുതെന്ന് ആവശ്യപ്പെട്ടപ്പോള്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരോടും അവര്‍ മോശമായി പെരുമാറിയെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു.

സെഷന്‍ 147 (കലാപം), സെഷന്‍ 149 (പൊതു വസ്തുക്കള്‍ക്കെതിരെ നിയമ വിരുദ്ധമായി സംഘം ചേരല്‍), 120 ബി (ക്രിമിനല്‍ ഗൂഢാലോചന), 186, 323 (സ്വമേധയാ മുറിവേല്‍പ്പിക്കല്‍), 504 (പൊതുസമാധാനം തകര്‍ക്കാനുള്ള ബോധപൂര്‍വമായ ശ്രമം), 425 (വസ്തു നശിപ്പിക്കല്‍), 353, 34 എന്നീ വകുപ്പുകള്‍ ചേര്‍ത്താണ് കേസെടുത്തിരിക്കുന്നത്. അതേസമയം ഇത് വരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.

എന്നാല്‍ മുന്‍കൂര്‍ അനുമതിയില്ലാതെയാണ് പള്ളി പണിതതെന്നും അത് തടയാന്‍ പ്രാദേശിക ഭരണകൂടം ഒന്നും ചെയ്തില്ലെന്നും ബജ്‌റംഗ്ദള്‍ നേതാവ് പറഞ്ഞു.

മിഷനറി സ്‌കൂളിനുസമീപത്താണ് പുതിയ ചര്‍ച്ച് നിര്‍മിക്കുന്നതെന്നും കാണ്‍പൂര്‍ വികസന അതോറിറ്റിയില്‍നിന്ന് അനുമതിയില്ലാതെയാണ് നിര്‍മാണമെന്ന് ബജ്‌റംഗ്ദള്‍ പ്രാന്ത് സന്‍യോജക് അതീത് രാജും പറഞ്ഞു.

CONTENT HIGHLUGHTS: VHP and Bajrang Dal tore down the walls of a Christian church under construction in UP; Police registered a case

We use cookies to give you the best possible experience. Learn more